കുടിയേറ്റത്തൊഴിലാളികളില്ലാത്ത പ്രവാസി ഭാരതീയ ദിവസ്
റജിമോൻ കുട്ടപ്പൻ
ആഗോളാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയും അവരുടെ വേതനം സ്വീകരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടുപോലും മധ്യപ്രദേശിൽ നടന്ന ത്രിദിന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) പരിപാടിയിൽ പ്രവാസികളുടെ (കുടിയേറ്റത്തൊഴിലാളികൾ) അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട പര്യാലോചനകൾ കാണാൻ സാധിക്കുന്നില്ലെന്നത് ഖേദകരമാണ്.
ഒമ്പത് ദശലക്ഷം ഇന്ത്യൻ പ്രവാസികൾ അറബ് ഗൾഫ് രാജ്യങ്ങളിലെ കഫല സമ്പ്രദായത്തിനു കീഴിൽ വിവിധ ചൂഷണങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴാണ് ധനാധികാരത്തിന്റെ പി.ബി.ഡി വേദി അവകാശസംരക്ഷണ ചർച്ചകളെ തഴഞ്ഞിരിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവും ക്രമബന്ധിതവുമായ പ്രവാസത്തിനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം പി.ബി.ഡി വേദിയിലെ ചർച്ച കേന്ദ്രീകരിക്കപ്പെട്ടത് ഭാവി ഇന്ത്യയുടെ സുപ്രധാന മേഖലകളിൽ യുവ പ്രവാസികൾക്ക് നൽകാൻ സാധിക്കുന്ന സംഭാവനകളെക്കുറിച്ചും അവരുടെ പങ്കിനെക്കുറിച്ചുമാണ്. വിദേശരാജ്യങ്ങളിൽ പ്രവാസികൾ വിവിധ പ്രതിസന്ധികൾ നേരിടുമ്പോൾ പുതിയ കുടിയേറ്റ ബിൽ, പ്രവാസികൾ നേരിടുന്ന വേതന മോഷണം, പഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ എന്നിവയെ സംബന്ധിച്ച് ഇത്തരം വേദിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
ലോക വ്യാപകമായി കുടിയേറ്റ പ്രവാഹത്തിന്റെ സ്വഭാവം മാറിയ ഈ കാലഘട്ടത്തിലും ഇന്ത്യക്കാരുടെ കുടിയേറ്റം കൈകാര്യം ചെയ്യുന്നത് 1983ലെ കുടിയേറ്റ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വിദേശത്തു ജോലിചെയ്യുന്ന ഒമ്പതു ദശലക്ഷം ഇന്ത്യക്കാരിൽ എട്ടു ദശലക്ഷം ആളുകളുടെയും പ്രതിമാസ വരുമാനം 15,000-30,000 നും ഇടയിൽ മാത്രമാണ്. അതുതന്നെ മോശം തൊഴിൽ സാഹചര്യങ്ങളിൽ ആധുനിക അടിമത്തത്തിനു സമാനമായ രീതികളിലാണ് ഈ പ്രവാസികൾ തൊഴിലെടുക്കുന്നത്.
വിദേശരാജ്യങ്ങളിൽ പല മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്ക് ഇതിനെതിരേയുള്ള പ്രായോഗിക പരിഹാരങ്ങളോ പരിരക്ഷയോ ഉറപ്പുവരുത്തുന്ന നിയമമല്ല ഇന്ത്യയിൽ ഇന്നും നിലവിലുള്ളത്. തട്ടിപ്പ് ഏജൻസികൾ നടത്തുന്ന തൊഴിലാളിക്കടത്തിനെയോ മടങ്ങിവരുന്ന കുടിയേറ്റത്തൊഴിലാളികളുടെ പുനരധിവാസം പോലും നിലവിലെ നിയമം ഫലപ്രദമായി ഗൗനിക്കുന്നില്ല. കൊവിഡിന്റെ വേളയിൽ നാട്ടിലേക്കു വന്ന ആയിരക്കണക്കിനു അറബ് ഗൾഫ് കുടിയേറ്റത്തൊഴിലാളികളാണ് വേതന തട്ടിപ്പിനിരയായത്. അധികജോലിക്ക് വേതനം നൽകാതിരിക്കൽ, ജോലിയിൽ നിന്ന് പിരിയുന്ന സമയം അവസാനഘട്ട വേതനം നൽകാതിരിക്കൽ, ജോലിസമയത്തിന് അനുസൃതമായി വേതനം നൽകാതിരിക്കൽ, നിശ്ചയിക്കപ്പെട്ട ചുരുങ്ങിയ വേതനം നൽകാതിരിക്കൽ, വേതനം മുടക്കൽ, കരാർ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാതിരിക്കൽ എന്നിവയെല്ലാം വേതന തട്ടിപ്പായാണ് കണക്കാക്കുക. ഇത്തരം രീതികൾ കൊവിഡിനു മുമ്പും ഉണ്ടായിരുന്നെങ്കിൽ പോലും ഇക്കാലയളവിലുണ്ടായത്ര പ്രത്യക്ഷമായി നടപ്പിലുണ്ടായിരുന്നില്ല.
ഗൾഫ് രാജ്യങ്ങളിൽ മുപ്പത് വർഷത്തോളം ജോലി ചെയ്ത മലയാളികൾ പോലും ഒരു വിധത്തിലുമുള്ള സേവനാനുകൂല്യങ്ങളും ലഭിക്കാതെ, അവസാനഘട്ട വേതനം പോലുമില്ലാതെ ജോലി നഷ്ടപ്പെട്ട് മടങ്ങിവന്ന സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന പങ്കാണ് പ്രവാസിപ്പണത്തിനുള്ളത്. ഇത് ഏറ്റവും അധികം സ്വീകരിക്കുന്ന രാജ്യമായിട്ടു പോലും പ്രവാസികളുടെ ഇത്തരം വിഷയങ്ങളെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നത് വലിയ വീഴ്ചയാണ്.
ഐ.എൻ.ടി.ഒ എന്ന ഉന്നതവിദ്യാഭ്യാസ ഏജൻസി നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ പുതുതലമുറയിൽ പെട്ട പത്തിൽ എട്ടു വിദ്യാർഥികളും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണ്. ചൈന കഴിഞ്ഞാൽ വിദേശരാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയക്കുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ പതിനാലു വർഷങ്ങളിലായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം നാലു മടങ്ങായാണ് വർധിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 1.3 ദശലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിവിധ വിദേശരാജ്യങ്ങളിലായി പഠിക്കുന്നത്. എന്നിട്ടും ഇന്ത്യൻ ഭരണകൂടം വിദ്യാർഥികളുടെ കുടിയേറ്റത്തെ ഗൗരവത്തിലെടുത്തിട്ടില്ല.
റഷ്യ-ഉക്രൈൻ യുദ്ധക്കാലയളവിലാണ് ഈ വിഷയം പ്രശ്‌നവത്കരിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്നു തിരിച്ചുവന്ന വിദ്യാർഥികളുടെ പുനരധിവാസം പോലും ഏറെ വൈകിയിരുന്നു. ഇന്ത്യൻ സർവകലാശാലകളിലെ നിബന്ധനകൾ പ്രകാരം ഈ വിദ്യാർഥികൾക്ക് മുടങ്ങിപ്പോയ അവരുടെ വിദ്യാഭ്യാസം പൂർത്തീകരിക്കാനും സങ്കീർണതകളേറെയാണ്.
പ്രവാസി ഭാരതീയ ദിവസത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നാലുവർഷങ്ങൾക്കു ശേഷം എല്ലാ പ്രൗഢിയോടും കൂടി പരിപാടി നടക്കുകയാണെന്നാണ്. ചർച്ചയുടെ പ്രാധാന്യവും അതിലെ സന്തോഷവും പ്രകടിപ്പിച്ചു.എന്നാൽ, പ്രവാസികൾ കൊവിഡ് കാലയളവിൽ നേരിട്ട ക്ലേശങ്ങൾ, അതിൽനിന്ന് നമ്മൾ പഠിക്കേണ്ട -പഠിച്ച പാഠങ്ങൾ, രൂപമാറ്റം വന്ന കുടിയേറ്റം, ഇന്ത്യക്കാർ എങ്ങനെ സുരക്ഷിതമായി കുടിയേറണം എന്നിവ സംബന്ധിച്ച് ചർച്ച ചെയ്തില്ല അല്ലെങ്കിൽ സംബോധന ചെയ്തില്ല എന്നത് വലിയ പോരായ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."