പൊലിസിലെ ക്രിമിനലുകളെ പിരിച്ചുവിടണം
മൃദു ഭാവേ ദൃഢ കൃത്യേ (മൃദുവായ പെരുമാറ്റം ഉറച്ച നടപടി) എന്നതാണ് സംസ്ഥാന പൊലിസിന്റെ മുദ്രാവാക്യം. ഈ ആപ്തവാക്യം തിരിച്ചാണ് കേരള പൊലിസിലെ ചട്ടമ്പികൾ ഉപയോഗിച്ചുപോരുന്നത്. 828 കാക്കിക്രിമിനലുകൾ പൊലിസിൽ ഉണ്ടെന്നാണ് പൊലിസ് അധികാരികൾ പറയുന്നത്. 1300 കടക്കുമെന്നും പറയപ്പെടുന്നുണ്ട്.
സംസ്ഥാന സർക്കാർ ഇതുവരെ ഉപയോഗിക്കാതിരുന്ന പൊലിസ് ആക്ടിലെ സെക്ഷൻ 86 ഒടുവിൽ നടപ്പാക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണ്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലിസിലെ ക്രിമിനലുകളെ പിരിച്ചുവിടുന്ന വകുപ്പാണ് സെക്ഷൻ 86. സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലിസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. ഇൻസ്പക്ടർ പി.ആർ സുനുവിനെയാണ് ഈ വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത്. പതിനഞ്ച് കേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ പൊലിസ് 'ചെല്ലും ചെലവും' കൊടുത്തു നാളിതുവരെ പോറ്റിവളർത്തുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകരുന്നതിന് മറ്റു കാരണങ്ങൾ അന്വേഷിച്ച് പോകേണ്ടതില്ല സുനുവിനെപ്പോലുള്ള ക്രിമിനലുകൾ പൊലിസ് സ്റ്റേഷനുകൾ ഭരിക്കുമ്പോൾ. പതിനാറ് തവണ വകുപ്പ് നടപടി നേരിട്ട സുനുവിനെ കേരള പൊലിസ് ഇത്രയും കാലം വച്ചോണ്ടിരുന്നത് സമാധാനകാംക്ഷികളായ ഭൂരിപക്ഷം കേരളീയരോട് ചെയ്ത മാപ്പർഹിക്കാത്ത മഹാപാതകമായിരുന്നു.
പൊലിസിലെ ഇത്തരം ക്രിമിനലുകളാണ് നീതി കിട്ടേണ്ട പാവങ്ങൾക്ക് നിഷ്‌കരുണം അത് ഇല്ലാതാക്കുന്നത്. നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കി ജയിലഴികൾക്കുള്ളിലടയ്ക്കാൻ പൊലിസിലെ ക്രിമിനലുകൾക്കേ കഴിയൂ. മനഃസാക്ഷിയുള്ള പൊലിസുകാരാകട്ടെ ക്രിമിനൽ പൊലിസുകാരുടെ പരാക്രമങ്ങൾക്ക് നിശബ്ദ സാക്ഷികളാകേണ്ടിയും വരുന്നു. കേരള പൊലിസിൽ 828 ക്രിമിനലുകൾ ഇപ്പോഴും വിരാജിക്കുന്നു എന്നത് പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ഇതിൽ 59 പേരാണ് പിരിച്ചുവിടുന്നതിലേക്കുള്ള അടുത്ത ഊഴവും കാത്തിരിക്കുന്നത്. 828 ക്രിമിനൽ പൊലിസുകാരെയും ഘട്ടം ഘട്ടമായി പിരിച്ചു വിടുമെന്നാണ് സർക്കാർ പറയുന്നത്.
ഉയർന്ന പൊലിസ് ഉദ്യോഗസ്ഥർ വമ്പൻ തട്ടിപ്പുകാരായ മോൺസൺ മാവുങ്കലിനെപ്പോലുള്ള, പ്രവീൺ റാണയെപ്പോലുള്ള ക്രിമിനലുകളുടെ പിണിയാളുകളായി മാറിക്കൊണ്ടിരിക്കുന്ന വിചിത്ര കാഴ്ചകൾക്കാണ് കേരളം കുറച്ചുകാലമായി സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. മോൺസൺ മാവുങ്കലിന്റെ മകളുടെ വിവാഹത്തിന് ചുക്കാൻ പിടിച്ചത് കേരള പൊലിസിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ പ്രവീൺ റാണ ദിവസങ്ങൾക്ക് ശേഷമാണ് പിടിക്കപ്പെട്ടത്. പൊലിസ് റെയ്ഡിൽനിന്ന് ഇയാൾ രക്ഷപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പൊലിസ് ചെല്ലുമ്പോഴേക്കും റാണ ഒളിത്താവളങ്ങൾ മാറ്റി. പൊലിസിൽനിന്ന് റെയ്ഡ് വിവരം ചോർന്ന് കിട്ടാതെ പ്രവീൺ റാണയ്ക്ക് ഒളിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കാൻ കഴിയുമോ?
പൊലിസിലെ ക്രിമിനലുകളിലധികവും ക്രമസമാധാന ചുമതലകളിൽ നിയമിക്കപ്പെടുന്നു എന്നതാണ് സമൂഹത്തിന് വലിയ ഭീഷണിയായിത്തീരുന്നത്. തെരുവുഗുണ്ടകൾ പോലും നാണിക്കുന്ന നീച പ്രവർത്തനങ്ങളാണ് കാക്കിക്കുള്ളിലെ ക്രിമിനലുകളിൽനിന്ന് ഉണ്ടാകുന്നത്. കസ്റ്റഡി കൊലപാതകങ്ങൾ ഏറെയും സംഭവിക്കുന്നത് പൊലിസ് ഗുണ്ടകളിൽ നിന്നാണ്. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കൽ, ലഹരിക്കടത്തുകാർക്ക് സഹായം, പരാതി പറയാൻ ചെല്ലുന്നവരെ തെറിയഭിഷേകം ചെയ്യൽ, അവരെ അക്രമിക്കൽ, വൻകിട തട്ടിപ്പുകാരുടെ സഹായികളാകൽ, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ചങ്ങാത്തം, കൈക്കൂലി ചോദിച്ചു വാങ്ങൽ ഇതെല്ലാം പൊലിസിലെ ക്രിമിനലുകൾ ചെയ്തുപോരുന്ന ചിലത് മാത്രം. പൊലിസിലുള്ളവർ ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പെട്ടാൽ ഉയർന്ന ഉദ്യോഗസ്ഥർതന്നെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നു. ക്രിമിനലുകൾ പൊലിസിൽ തഴച്ചുവളരാൻ കാരണം പൊലിസിലെ കുത്തഴിഞ്ഞ ഈ സംവിധാനമാണ്.
രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും അവിഹിത ഇടപെടലുകളും പൊലിസിലെ അച്ചടക്ക രാഹിത്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എന്ത് നെറികേട് കാണിച്ചാലും നേതാവും മന്ത്രിയും രക്ഷിച്ചുകൊള്ളുമെന്ന അഹങ്കാരത്താലാണ് പൊലിസിലെ ക്രിമിനലുകൾ അരങ്ങ് തകർത്തുകൊണ്ടിരിക്കുന്നത്. പൊലിസിലെ ചെറിയ വിഭാഗമാണ് സേനയ്ക്ക് മൊത്തം അപമാനം ഉണ്ടാക്കി വയ്ക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ എന്തുകൊണ്ട് ഭൂരിപക്ഷം വരുന്ന നല്ല പൊലിസ് ഓഫിസർമാർ ഇത്തരം ക്രിമിനലുകൾക്കെതിരേ പ്രതികരിക്കുന്നില്ലെന്ന ചോദ്യം ബാക്കിയാകുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന പൊലിസുകാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നുണ്ട്. പൊലിസ് സംവിധാനത്തിന്റെ നേർചിത്രമാണ് ഈ കണക്ക്.
ക്രിമിനലുകളായ പൊലിസുകാരെ പിരിച്ചുവിടാൻ ഡിപ്പാർട്ട്‌മെന്റ് തയാറായത് അത്തരം പൊലിസുകാരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെത്തുടർന്നാണ്. പിരിച്ചുവിടൽ പി.ആർ സനുവിൽ ഒതുക്കാതെ പട്ടികയിലുള്ളവരെയും പട്ടികയിൽനിന്ന് രക്ഷപ്പെട്ട് പുറത്തുനിൽക്കുന്നവരെ കണ്ടെത്തിയും എത്രയും പെട്ടെന്ന് കേരള പൊലിസിൽനിന്ന് നീക്കം ചെയ്യണം. എങ്കിൽ മാത്രമേ പൊലിസിൽ പടർന്ന ക്രിമിനൽ കളങ്കം കഴുകിക്കളയുവാൻ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."