വിവാഹാഭ്യർഥന നിരസിച്ചു യുവതിക്കു നേരെ ആസിഡ് ആക്രമണം; പ്രതി പിടിയിൽ
കോഴിക്കോട്
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിക്കു നേരെ ആസിഡ് ആക്രമണം. പൊറ്റമ്മൽ മദർ ഡെന്റൽ ഹോസ്പിറ്റലിൽ ഡന്റൽ അസിസ്റ്റന്റായി ജോലിചെയ്യുന്ന മൃദുല (22)ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൃദുലയുടെ സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻ വയൽ സിന്ധു നിവാസിൽ വിഷ്ണുവിനെ (28) പൊലിസ് അറസ്റ്റുചെയ്തു.
ഇന്നലെ രാവിലെ ഒമ്പതോടെ തൊണ്ടയാട് വിജിലൻസ് ഓഫിസിനു സമീപമാണ് സംഭവം. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇവിടെനിന്ന് ജോലിസ്ഥലമായ പൊറ്റമ്മലിലേക്ക് പോകുംവഴിയാണ് ആക്രമണം. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പെൺകുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി മർദിച്ചു. മർദനമേറ്റ് അവശനായ വിഷ്ണുവിനെ മെഡിക്കൽ കോളജ് പൊലിസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഇരുവരെയും ഡിസ്ചാർജ് ചെയ്തു. നേർപ്പിച്ച ആസിഡാണ് തലയിലൊഴിച്ചതെന്ന് പൊലിസ് പറഞ്ഞു.
2017 മുതൽ ഇരുവരും പരിചയത്തിലായിരുന്നു. ഇതിനിടെ വിഷ്ണു മറ്റൊരു വിവാഹം കഴിച്ചു. ഈയടുത്ത് ആ സ്ത്രീയെ വിവാഹമോചനം ചെയ്തു.
ഇതിന്റെ കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹാഭ്യർഥനയുമായി മൃദുലയെ സമീപിച്ചത്. മൃദുല നിരസിച്ചപ്പോൾ നിരന്തരമായി ശല്യപ്പെടുത്താനും തുടങ്ങി.
ഒടുവിൽ യുവതി മെഡിക്കൽ കോളജ് പൊലിസിൽ പരാതി നൽകുകയും പൊലിസ് താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു. ഇതിനു ശേഷവും കോഴിക്കോട്ട് റൂമെടുത്ത് ഇയാൾ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."