കോടതിയലക്ഷ്യ കേസിൽ നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി
കോടതിയലക്ഷ്യ കേസിൽ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഷേർല ബീഗത്തിനെതിരെയാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്
ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനാലാണ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്. ഈ മാസം 28ന് സെക്രട്ടറിയെ ഹാജരാക്കണമെന്നാണ് ഉത്തരവ്.കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ഏത് സാഹചര്യത്തിലാണ് ഉത്തരവ് പാലിക്കാത്തതെന്ന് ഈ മാസം പതിനാലിന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാതിരുന്നതിനാൽ കോടതിയിൽ ഹാജരാകുന്നതിന് 18 വരെ സമയം അനുവദിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ സെക്രട്ടറി ഹാജരായില്ല. ഇതേ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് ഈ മാസം 28ന് ഹാജരാക്കാൻ പൊലിസിന് നിർദേശം നൽകിയത്.
സ്വമേധയാ ഹാജരാകാൻ സെക്രട്ടറി തയാറാണെങ്കിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി അഭ്യർഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല.. എട്ടുമാസമായിട്ടും കോടതി ഉത്തരവ് പാലിക്കാതിരിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."