യുദ്ധത്തിനിടയിലെ ഷവര്‍മ ; അഥവാ ഔസാഫിന് പറയാനുള്ളത്
തയാറാക്കിയത്: ഫഹീം ബറാമി
കേട്ടുകേള്‍വിയില്‍ മാത്രമുള്ള യുദ്ധം നേരിട്ടപ്പോള്‍ ഉള്ള മാനസികാവസ്ഥ എന്തായിരുന്നു?
ഖാര്‍കീവ് നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലാണ് ഞാന്‍ പഠിക്കുന്നത്. ആക്രമണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ഞങ്ങള്‍ വലിയ കാര്യമാക്കിയില്ലെങ്കിലും ആദ്യത്തെ ബോംബ് പൊട്ടിയപ്പോള്‍ എല്ലാവരും മരവിച്ച പോലെയായിരുന്നു. ഞാനും കൂട്ടുകാരും തൊട്ടടുത്തുള്ള ബങ്കറിലേക്ക് കൈയില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഭീതിയുടെ സമയമായിരുന്നു. ഞങ്ങളെക്കാള്‍ ആധി രക്ഷിതാക്കള്‍ക്കായിരുന്നു. മരണം മുന്നില്‍ കണ്ടാണ് അവിടെ കഴിഞ്ഞത്.
മൈനസ് ഡിഗ്രി തണുപ്പും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കി. ആദ്യ ദിവസം തണുപ്പത്ത് നിലത്തു കിടന്നതു പലര്‍ക്കും ശാരീരിക പ്രയാസങ്ങളുണ്ടാക്കി. വിശേഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഏറെ ശാരീരിക പ്രശ്‌നങ്ങളുണ്ടായി. അധിനിവേശം ആരംഭിച്ച സമയത്ത് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ലെങ്കിലും പിന്നീട് വെള്ളത്തിനും ഭക്ഷണത്തിനും ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ബങ്കറില്‍ നിന്ന് ഞങ്ങളുടെയും സഹപാഠികളായ പെണ്‍കുട്ടികളുടെയും ബെഡും ഡ്രസുമൊക്കെ പിന്നീട് റൂമില്‍ പോയി എടുക്കുകയായിരുന്നു. മരണം മുന്നില്‍ കണ്ട അവസ്ഥയായിരുന്നു അത്.
കര്‍ണാടകക്കാരനായ നവീന്‍ ശേഖരപ്പ കൊല്ലപ്പെട്ടത് അറിഞ്ഞതെപ്പോഴാണ്. ആ സമയം നിങ്ങള്‍ എവിടെയായിരുന്നു?
ഉച്ചയോടെ സാധനങ്ങള്‍ വാങ്ങാന്‍ ബങ്കറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അവന്‍ ഷെല്ലാക്രമണത്തില്‍ പെട്ടത്്. ഞങ്ങളപ്പോള്‍ ബങ്കറിലായിരുന്നു. ഞാനും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ നിന്നതായിരുന്നു. എന്നാല്‍ ഷെല്ലിങ് കൂടിയതോടെ പെട്ടെന്ന് ബങ്കറിനകത്തേക്ക് കയറുകയായിരുന്നു. ഈ സമയത്താണ് നവീന്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിനിടെ അവന്റെ ഫോണ്‍ തെറിച്ചുപോയിരുന്നു. അത് ഒരു ഉക്രൈന്‍ സ്വദേശിക്കു ലഭിച്ചു. അവര്‍ ഫോണിന്റെ ഉടമ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മരണവിവരം പുറത്തറിഞ്ഞത്.
ഞങ്ങള്‍ തങ്ങിയ ഇടത്തുനിന്ന് ഒരു കിലോമീറ്ററിനുള്ളിലാണ് നവീന്‍ മരിച്ചുവീണത്. ഞങ്ങള്‍ പഠിച്ച കോളജിന്റെ ഏതാണ്ട് 200-300 മീറ്റര്‍ ദൂരത്തിനകത്തായിരുന്നു ഷെല്ലാക്രമണമുണ്ടായത്. ഞങ്ങള്‍ നിന്ന ഫ്‌ളാറ്റിനോ യൂനിവേഴ്‌സിറ്റിക്കോ അവിടെ നിന്ന് വരുന്നതുവരെ ആക്രമണം നേരിട്ടിരുന്നില്ല. എന്നാല്‍ ഖാര്‍കീവിലെ വലിയ യൂനിവേഴ്‌സിറ്റിയായ കരാസിന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റിയുടെ മേല്‍ക്കൂര റോക്കറ്റാക്രമണത്തില്‍ തകര്‍ന്നു.
ഇന്ത്യക്കാരോട് ഉക്രൈനുകാര്‍ക്ക് ദേഷ്യമുണ്ടായത്?
യു.എന്നില്‍ റഷ്യന്‍ അധിനിവേശത്തെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യാതെ ഇന്ത്യ മാറിനിന്നപ്പോള്‍ ഉക്രൈന്‍ പട്ടാളക്കാര്‍ അതിര്‍ത്തി കടക്കാനെത്തിയ ഇന്ത്യക്കാരോട് കുറച്ച് മോശമായി, പരുഷമായി പെരുമാറിയിരുന്നു.
ബങ്കറില്‍ വച്ച് ഉക്രൈന്‍ സ്വദേശി മലയാളി വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവം?
ആദ്യദിനം ബങ്കറില്‍ എത്തി എല്ലാവരും വളരെ ക്ഷീണിതരായിരുന്നു. കൂടെ മറ്റുള്ളവരുടെ വളര്‍ത്തുമൃഗങ്ങളും ഉണ്ടായിരുന്നു. തണുപ്പ് മൂലം ശരീരം വേദനിക്കുന്ന അവസ്ഥയില്‍ എത്തി. അവിടെ വച്ച് ചിലര്‍ ബിയറും മറ്റും കുടിക്കാന്‍ തുടങ്ങി. അവരെ ഗാര്‍ഡ് പിടിച്ചുകൊണ്ടു പോയി. പിന്നീട് മീഡിയയിലൂടെ പുറംലോകത്തേക്ക് അറിയിക്കാനായി സംസാരിക്കുമ്പോഴാണ് ഒരാള്‍ വന്നിട്ട് എന്നെ തള്ളുന്നത്. ഞാന്‍ അയാളോട് എന്നെ എന്തിനാണ് ടച്ച് ചെയ്തത് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു. പിന്നെ ഞാന്‍ സോറി പറഞ്ഞു. പിന്നീടാണ് അയാള്‍ മദ്യപിച്ചിരുന്നുവെന്നും സഹപാഠികളായ സുഹൃത്തുക്കളോട് മോശമായി പെരുമാറി എന്നൊക്കെ ഞാന്‍ അറിഞ്ഞത്. ആ ഒരു മാനസികാവസ്ഥയില്‍ ആരും പറയുന്നത് പോലെയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ.
ഷവര്‍മ വിവാദത്തെ കുറിച്ച്?
ഷവര്‍മ ഉക്രൈനില്‍ വളരെ സാധാരണയായി എല്ലാവരും കഴിക്കുന്ന ഭക്ഷണമാണ്. എന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ ഞാന്‍ പുറത്തിറങ്ങി. ഫുഡ് വ്‌ളോഗര്‍ എന്ന നിലയില്‍ എവിടെയൊക്കെയാണ് ഭക്ഷണത്തിന്റെ കഫെ തുറന്നിട്ടുള്ളത് എന്ന് എന്റെ പേജ് ഫോളോ ചെയ്യുന്ന ഭക്ഷണം ലഭിക്കാതെ കുടുങ്ങിയവരെ അറിയിക്കാനാണ് അങ്ങനെ ഒരു വിഡിയോ ചെയ്തത്. ഇന്റര്‍നാഷണല്‍ മീഡിയ ഞങ്ങളെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് യുദ്ധരംഗങ്ങള്‍ വിഡിയോ എടുത്തത്. എന്നാല്‍ ചില പട്ടാളക്കാര്‍ ഫോണ്‍ എന്റെ കൈയില്‍ നിന്ന് വാങ്ങി ഡിലീറ്റ് ചെയ്യിച്ചു. പട്ടാളക്കാര്‍ അടക്കം ലൈവ് വരുന്നുണ്ട്. അതൊരു തെറ്റാണ് എന്ന് എനിക്കറിയില്ല.
ഹിന്ദുസ്ഥാനി എന്നു വിളിച്ച് അവഹേളനം?
ഞാന്‍ ഏതെങ്കിലും പൊളിറ്റിക്‌സിന്റെ ഭാഗമല്ല. ഫുഡ് വ്‌ളോഗ് ഒക്കെ ചെയ്തു സാധാരണ ജീവിതരീതിയായിരുന്നു എനിക്ക്. എന്നാല്‍ ചിലയിടത്ത് ഹിന്ദുസ്ഥാനി എന്ന് വിളിച്ച് അവഹേളനം പോലുമുണ്ടായി. അത്തരത്തില്‍ വിളിക്കുന്നവരെ ഞാന്‍ ശ്രദ്ധിക്കാന്‍ പോകുന്നില്ല.
രക്ഷപ്പെടാന്‍ ഒരുപാട് പണം ആവശ്യമായി വന്നോ?
ഉക്രൈനിലെ മലയാളിയായ ഒരാളുടെയും ഞങ്ങളുടെയും കൈയിലുള്ള പണം കൈക്കൂലിയായി നല്‍കിയാണ് ചിലയിടത്ത് നിന്ന് ഉക്രൈന്‍ പട്ടാളക്കാര്‍ ഞങ്ങളെ രക്ഷപ്പെടുത്തിയത്.
അധിനിവേശത്തിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ തിരികെ വരണമെന്ന്. എന്തുകൊണ്ട് അത് സ്വീകരിച്ചില്ല?
ഞങ്ങള്‍ ഒന്നരയാഴ്ച മുമ്പ് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി അങ്ങനെയൊരു സന്ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശം ലഭിക്കാത്തതിനാല്‍ ലീവ് അനുവദിക്കില്ല എന്നാണ് യൂനിവേഴ്‌സിറ്റി ഞങ്ങളെ അറിയിച്ചത്. അധിനിവേശം തുടങ്ങിയ ശേഷമാണ് അടിയന്തരമായി ഉക്രൈന്‍ വിടണമെന്ന് അറിയിച്ചത്. ഇത് ആദ്യമേ അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഉക്രൈനില്‍ നിന്ന് തിരികെ വരുമായിരുന്നു. നോര്‍ക്കയില്‍ തിരികെ വരാന്‍ അപേക്ഷിച്ചത് 600ല്‍ പരം മലയാളികളാണ്. ആദ്യത്തെയാഴ്ച ഫ്‌ളൈറ്റ് ടിക്കറ്റ് വര്‍ധനവും തിരികെ വരാനുള്ള ബുദ്ധിമുട്ട് വര്‍ധിപ്പിച്ചു. എന്നിട്ടും ആ പണം നല്‍കാന്‍ വിദ്യാര്‍ഥികള്‍ തയാറായിരുന്നു. അതിനിടയ്ക്കാണ് അധിനിവേശം ആരംഭിക്കുന്നത്.
പഠനത്തിനായി എന്തുകൊണ്ട് ഉക്രൈന്‍ തിരഞ്ഞെടുത്തു?
ഇന്ത്യയില്‍ നീറ്റ് പരീക്ഷ പാസാകാന്‍ കടുത്ത മത്സരമാണ്. എല്ലാവര്‍ക്കും നീറ്റ് കിട്ടില്ലല്ലോ. എന്നാലും എം.ബി.ബി.എസ് പഠിക്കണം എന്ന് അതിയായ ആഗ്രഹമുള്ളവര്‍ പ്രൈവറ്റ് കോളജുകളില്‍ അഡ്മിഷന്‍ എടുക്കും. അതേസമയം ഒരു കോടി രൂപയിലധികമാണ് ഫീസിനത്തില്‍ വരുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് പഠിക്കുമ്പോള്‍ 40 ലക്ഷത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പുറത്തു നിന്ന് പഠിക്കുമ്പോള്‍ സാധ്യതകളും ഒരുപാടുണ്ട്. വിവിധ രാജ്യങ്ങള്‍ നല്‍കുന്ന ലോകോത്തര യൂനിവേഴ്‌സിറ്റി പരീക്ഷകളെ പറ്റി നാട്ടിലുള്ളവര്‍ക്ക് അറിവ് കുറവാണ്. ഞാന്‍ ഒന്നരവര്‍ഷം നാട്ടില്‍ പഠിച്ചതാണ്. അതുകൊണ്ട് രണ്ടിടത്തും പഠിക്കുന്നതിന്റെ മാറ്റം എനിക്ക് കൃത്യമായി അറിയാം.
പഠനരീതിയില്‍ ഉള്ള വിവാദത്തെ കുറിച്ച്? (ഉദാ: ഒരു സര്‍ജറി പോലും ചെയ്യാന്‍ അറിയാതെയാണ് ഉക്രൈനില്‍ നിന്ന് ഡോക്ടര്‍മാര്‍ ഇറങ്ങുന്നത് എന്ന രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു)
വളരെ പഴക്കമേറിയ ഗവ. മെഡിക്കല്‍ കോളജുകളിലാണ് ഞങ്ങള്‍ ഇവിടെ പഠിക്കുന്നത്. ഇവിടുത്തെ അധ്യാപകര്‍ക്കും അത്രത്തോളം എക്‌സ്പീരിയന്‍സ് ഉണ്ട്. നമ്മുടെ പിന്നാലെ നടന്നു പഠിപ്പിക്കുന്ന രീതിയല്ല ഇവിടെയുള്ളത്. നമ്മള്‍ അങ്ങോട്ട് ചോദിച്ചാല്‍ 3 വര്‍ഷം മുതല്‍ രോഗികളെ സന്ദര്‍ശിക്കാന്‍, കെടാവറുകളെ (ഡെഡ്‌ബോഡി) പറ്റി പഠിക്കാന്‍ അധ്യാപകര്‍ സമ്മതം നല്‍കും. കൂടാതെ ഈ വര്‍ഷം നമ്മുടെ കോളജില്‍ ഒരു കോടിയിലേറെ വിലയുള്ള മിഷ്യന്‍ വന്നു, ഡിജിറ്റല്‍ കെടാവര്‍ എന്ന പേരില്‍. അതൊക്കെ കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ഉണ്ടോ എന്നറിയില്ല.
ഇനി തിരികെ ഉക്രൈനില്‍ പോയി പഠിക്കാനാണോ ആഗ്രഹം?
എല്ലാവര്‍ക്കും തിരികെ പോകാന്‍ തന്നെയാണ് ആഗ്രഹം. ഉക്രൈന്‍ ഞങ്ങളുടെ കോളജ് ഉള്ള സ്ഥലം മാത്രമല്ല, ഞങ്ങളുടെ കാഴ്ചപ്പാടിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന രാജ്യമാണ്. അതേസമയം ഒരുപാട് രക്ഷിതാക്കള്‍ മക്കളെ ഇനി വിടില്ല എന്നാണ് പറയുന്നത്. നമുക്ക് നോക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."