കടുവാ ആക്രമണം; കൊല്ലപ്പെട്ട കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി; മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കും
കല്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്ഷകന് തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്കാന് ധാരണ. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്ഥിര ജോലിക്കുള്ള ശുപാര്‍ശ മന്ത്രിസഭക്ക് നല്‍കും.
തുടര്‍ന്ന് കര്‍ഷകന്റെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാന്‍ ധാരണയായി. കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് വയനാട് കലക്ടര്‍ എ.ഗീത അറിയിച്ചു.
സ്ഥിരജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. മരിച്ച തോമസ് എടുത്ത കാര്‍ഷികവായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.കഴിഞ്ഞ ദിവസമാണ് നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തില്‍ തൊണ്ടര്‍നാട് പുതുശേരി പള്ളിപ്പുറത്ത് തോമസ് (സാലു50) മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെ തറവാടുവീടിനു സമീപത്തെ കൃഷിയിടത്തില്‍ ആക്രമണത്തിനിരയായ തോമസ് മൂന്നരയോടെ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."