ജാതി സംവരണം ഇല്ലാതാകും; സൂചനനല്‍കി സുപ്രിംകോടതി: സംവരണപരിധി പുനപ്പരിശോധിക്കണമെന്ന ഹരജി വിധിപറയാന്‍ മാറ്റി
ന്യൂഡല്‍ഹി: രാജ്യത്ത് ജാതിസംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്തിയേക്കുമെന്ന സൂചനനല്‍കി സുപ്രിംകോടതി. അതേസമയം, സംവരണകാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും കാരണം ഇത്തരം വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടാ ബെഞ്ച് പറഞ്ഞു. സംവരണ പരിധി മറികടന്നുള്ള മഹാരാഷ്ട്രയിലെ മറാത്ത സംവരണം ചോദ്യംചെയ്തുള്ള ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ഭരണഘടനാ ബെഞ്ച്. പത്തുദിവസം നീണ്ട വാദത്തിനൊടുവില്‍ ഹരജി വിധിപറയാനായി മാറ്റിവച്ചു.
എസ്.സി.ബി.സി വെല്‍ഫെയര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി. പിന്‍ഗ്ലയുടെ വാദത്തിനിടെയാണ് ജാതിസംവരണം നിര്‍ത്തലാക്കിയേക്കുമെന്ന സൂചന സുപ്രിംകോടതി നല്‍കിയത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തുകളയണമെന്നായിരുന്നു പിന്‍ഗ്ലയുടെ വാദം. സ്വാഗതാര്‍ഹമായ ആശയമാണിത്. എന്നാല്‍ പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജാതിരഹിതവും സമത്വപൂര്‍ണവുമായ സമൂഹമാണ് ഭരണഘടന നിലവില്‍ വന്നപ്പോഴുണ്ടായിരുന്ന ലക്ഷ്യം. ജാതിസംവരണം ഇല്ലാതാക്കണമെന്ന തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കാരണം അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍പ്പെട്ടതാണല്ലോ? നിങ്ങള്‍ ശരിയാകാം. എല്ലാ സംവരണവും ഉപേക്ഷിക്കണം. സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്കുള്ള സംവരണം മാത്രം നിലനില്‍ക്കണം- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.
സാമൂഹിക പുരോഗതിക്ക് വേണ്ടി എന്തുകാണ്ടാണ് മറ്റൊന്നും ചെയ്യാത്തത്? വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എന്തുകൊണ്ടാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങാത്തത്? അപ്പോള്‍ കൂടെയുള്ള ഈ പിന്നാക്കാവസ്ഥയും ഇല്ലാതായിക്കോളും. ഇക്കാര്യത്തിലുള്ള ഒരു ഉറച്ച നടപടി സംവരണം മാത്രമല്ല- കോടതി പറഞ്ഞു. കേസില്‍ നേരത്തെ വാദംകേള്‍ക്കുന്നതിനിടെ ഈ സംവരണം എത്രതലമുറ ഇങ്ങനെ പോവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. സംവരണപരിധി പുനപ്പരിശോധിക്കാമെന്ന നിലപാടാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സ്വീകരിച്ചത്.
ഇന്ത്യയിലെ സംവരണക്രമത്തില്‍ നാഴികക്കല്ലായ മണ്ഡല്‍ കമ്മിഷന്‍ സംബന്ധിച്ച 1992 ലെ ഇന്ദിരാസാഹ്നി കേസിലെ ഉത്തരവ് പുനപ്പരിശോധിക്കണോ എന്ന വിഷയത്തിലാണ് സുപ്രിംകോടതി വാദംകേട്ടത്. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് 1992ലെ വിധി. ഇന്ദിരാസാഹ്നി കേസില്‍ സുപ്രിംകോടതിയുടെ ഒന്‍പതംഗബെഞ്ചായിരുന്നു വിധി പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഈ കേസ് പുനപ്പരിശോധിക്കുകയാണെങ്കില്‍ 11 അംഗബെഞ്ചാവും കോടതി രൂപീകരിക്കുക. ജഡ്ജിമാരായ എല്‍. നാഗേശ്വര റാവു, എസ്. അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ്. രവിചന്ദ്ര ഭട്ട് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."