അപരനെ അറിയാന്‍
അപരനുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നവനാണ് രക്തസാക്ഷി. തെരഞ്ഞെടുപ്പില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുന്നവനാണ് അപരന്‍. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ അതേ പേരിലോ സാമ്യമുള്ള പേരിലോ വോട്ടിങ് യന്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നവനാണ് അപരന്‍. മാറിപ്പോകാനിടയുള്ള ചിഹ്നംകൂടി സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ കേമത്തം പൂര്‍ണമായി. പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍തന്നെയാണ് ഈ ആഭാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഞാന്‍ ടെലിവിഷന്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ തൊട്ടുതാഴെ ബ്ലാക്ക് ബോര്‍ഡ് ചിഹ്നവുമായി മറ്റൊരു സെബാസ്റ്റിയന്‍ ഉണ്ടായിരുന്നു. ചിഹ്നം രണ്ടും ഏതാണ്ട് ഒരുപോലെയിരിക്കും. എന്റെ പരാജയത്തിനു കാരണം അപരന്‍ ആയിരുന്നില്ലെങ്കിലും എന്റെ ഉറച്ച ചില വോട്ടുകള്‍ അപരന്റെ കണക്കിലേക്ക് പോകുകയുണ്ടായി. സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം ചിത്രവും ചിഹ്നവും ഉണ്ടായിട്ടും സാക്ഷരവോട്ടര്‍ക്ക് ബൂത്തിലെ പരിഭ്രമത്തില്‍ ശരിയായ ബട്ടണ്‍ കാണാനാവുന്നില്ല. ബര്‍ത്ത് റിസര്‍വ് ചെയ്ത യാത്രക്കാരനാണെങ്കിലും തീവണ്ടി എത്താറാകുമ്പോള്‍ പരിഭ്രമിക്കും. അതേ പരിഭ്രമം പോളിങ് ബൂത്തിലുമുണ്ടാകും.
ജനാധിപത്യത്തിന്റെ സംശുദ്ധിക്കേല്‍ക്കുന്ന കളങ്കമാണ് അപരനും കള്ളവോട്ടും. കള്ളവോട്ട് തടയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാകുന്നുണ്ട്. എന്നാല്‍ പേരിന്റെ പേരില്‍ ഒരാളെ സ്ഥാനാര്‍ഥിയാകുന്നതില്‍നിന്നു വിലക്കാന്‍ കഴിയുമോ? ഇല്ല എന്നാണുത്തരം. പക്ഷേ അപരന്‍ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അയാളെ പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികള്‍ ദുഷ്ടലാക്കോടെ കണ്ടെത്തുന്നതാണ്. അയാള്‍ക്കുള്ള പ്രതിഫലവും കെട്ടിവയ്ക്കുന്നതിനുള്ള പണവും ചതിയുടെ പ്രായോജകരാണ് നല്‍കുന്നത്. അയാള്‍ ആരുടെ കണ്ടെത്തലെന്ന് തിരിച്ചറിയുന്നതിനും പ്രയാസമില്ല. ജാമ്യത്തുക നഷ്ടപ്പെടുത്തുന്നതിനായി മാത്രം ആരും സ്ഥാനാര്‍ഥിയാകുന്നില്ല. അയാളുടെ ചെലവ് വഹിക്കാന്‍ ആളുണ്ട്. ജനാധിപത്യത്തോടുള്ള കടുത്ത അനാദരവാണ് ജനാധിപത്യകക്ഷികള്‍ അപരസേവയിലൂടെ നടത്തുന്നത്.
അപരന്റെ പ്രസിദ്ധനായ ഇരയാണ് സുധീരന്‍. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വി.എസ് സുധീരനാണ് വി.എം സുധീരനു പാരയായത്. വി.എം സുധീരന്റെ കൈപ്പത്തിക്ക് ബദലായി വി.എസ് സുധീരന്റെ ഷട്ടില്‍കോക്ക് 8,282 വോട്ട് കരസ്ഥമാക്കി. വി.എം സുധീരന്‍ 1,009 വോട്ടിനു തോറ്റു. മഞ്ചേശ്വരത്ത് അപരന്‍ ഇല്ലായിരുന്നുവെങ്കില്‍ 2016ല്‍ ഒ. രാജഗോപാലിനൊപ്പം കെ. സുരേന്ദ്രന്‍ നിയമസഭയില്‍ പ്രവേശിക്കുമായിരുന്നു. സുരേന്ദ്രന്‍ 89 വോട്ടിനു പരാജയപ്പെട്ട തെരഞ്ഞെടുപ്പില്‍ കെ. സുന്ദര എന്ന സ്വതന്ത്ര സ്ഥാനാര്‍ഥി 467 വോട്ടുകള്‍ പിടിച്ചു. എറണാകുളത്ത് ഇക്കുറി ഷാജി ജോര്‍ജ് എന്ന പേരില്‍ രണ്ടു പേര്‍ സ്ഥാനാര്‍ഥികളായുണ്ട്. എല്‍.ഡി.എഫിന്റെ ഷാജിക്കൊപ്പം ഇനിയും ആരും കണ്ടിട്ടില്ലാത്ത മറ്റൊരു ഷാജി ജോര്‍ജ് ആരുമറിയാതെ ഉണ്ടാവില്ലല്ലോ. യു.ഡി.എഫ് സ്ഥാനാര്‍ഥി വിനോദിന് അപരനായി എത്രപേരെ വേണമെങ്കിലും ഷാജിക്ക് കണ്ടെത്താമായിരുന്നു. ഫേസ്ബുക്കിലെ വ്യാജന്മാരുടെ വിളയാട്ടംപോലെ മറഞ്ഞിരുന്നുള്ള കളിയാണ് തെരഞ്ഞെടുപ്പിലെ കുട്ടിച്ചാത്തനായ അപരന്‍ നടത്തുന്നത്.
അപരന്‍ സൃഷ്ടിക്കുന്ന അത്യാഹിതത്തിന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. അപകടകരമായ ഈ പ്രതിഭാസത്തെ എങ്ങനെയാണ് ഒഴിവാക്കേണ്ടതെന്ന ആലോചനയാണ് വേണ്ടത്. നിയമപരമായ പ്രതിവിധി ഇല്ലാത്ത വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടാണ് പ്രധാനം. വിജയസാധ്യതയുള്ള പാര്‍ട്ടികള്‍ക്കല്ലാതെ ചെറിയ പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ അപരനെക്കൊണ്ട് ആവശ്യമില്ല. രാഷ്ട്രീയ സദാചാരവും മര്യാദയും ഉറപ്പാക്കുന്നതില്‍ പൊതുസമൂഹത്തിന്റെ സമ്മര്‍ദം കാര്യമായ പങ്കുവഹിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളെ അറിഞ്ഞുള്ള ആരോഗ്യകരമായ മത്സരമാണ് തെരഞ്ഞെടുപ്പില്‍ നടക്കേണ്ടത്. എല്ലാം അറിഞ്ഞതിനുശേഷമുള്ള നിലപാടാണ് ശരിയായ നിലപാട്. ഇതിനുവേണ്ടിയാണ് സ്ഥാനാര്‍ഥികള്‍ വ്യക്തിഗതവിവരങ്ങള്‍ പണം മുടക്കി മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണമെന്ന് നിബന്ധനയുള്ളത്.
തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനരേഖയാണ് വോട്ടര്‍ പട്ടിക. പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവകാശവും അവസരവും ഉണ്ട്. തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോ സഹിതമുള്ള വോട്ടര്‍ പട്ടികയും വ്യാജവോട്ടറെ കണ്ടെത്തി തടയുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. എന്നിട്ടും അപരനോടൊപ്പം വ്യാജനും തെരഞ്ഞെടുപ്പാകുമ്പോള്‍ കളം നിറയുന്നു. ജയിക്കുന്നതിനും തോല്‍ക്കുന്നതിനും അധികം വോട്ട് വേണ്ടെന്നിരിക്കേ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും പ്രധാനപ്പെട്ടതാകുന്നു. ഒരാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നതും അനര്‍ഹര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുന്നതും തെരഞ്ഞെടുപ്പിന്റെ സംശുദ്ധിയെ ബാധിക്കുന്നു.
സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാം ഭംഗിയായി നടത്തുന്നതിന് കരുത്തുള്ള കമ്മിഷനുണ്ട്. കരുത്തുള്ള ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ദൗര്‍ബല്യങ്ങള്‍ നാം ഈയിടെ കണ്ടു. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിജ്ഞാപനത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാല്‍ ഫലപ്രഖ്യാപനംവരെ കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ കോടതിപോലും ഇടപെടില്ല. തള്ളിയ പത്രിക സ്വീകരിക്കണമെന്നാവശ്യപ്പെട്ടെത്തിയ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഞായറാഴ്ച ഹൈക്കോടതി തുറന്നതല്ലാതെ ഇടപെടല്‍ ഉണ്ടായില്ല. പത്രികയോടൊപ്പം പുറത്തായ സ്ഥാനാര്‍ഥികള്‍ക്ക് സഹാനുഭൂതി മാത്രമാണ് കോടതിയില്‍നിന്ന് ലഭിച്ചത്. എല്ലാം നന്നായി നടക്കുമെന്ന പ്രതീക്ഷയും അതിനുള്ള ജാഗ്രതയുമാണ് നിയമത്തിനുള്ളത്.
രാഷ്ട്രീയ പശ്ചാത്തലമുള്ളയാളാണ് ജസ്റ്റിസ് എന്‍. നഗരേഷ്. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയെങ്കിലും ഉണ്ടാകുമെന്നുറപ്പായ തെരഞ്ഞെടുപ്പ് ഹരജികളുടെ ആമുഖപ്രസ്താവന അദ്ദേഹം ശരിയായ രീതിയില്‍ നടത്തിക്കഴിഞ്ഞു. മൂന്നിടത്തും കേസും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പും ഉറപ്പായിട്ടുണ്ട്. സഭയുടെ കാലാവധി തീര്‍ന്നാലും കേസില്‍ തീരുമാനമാവില്ലെന്നതാണ് സമാശ്വാസകരമായ വസ്തുത. പുറത്തായിട്ടും അകത്തിരുന്ന് കാലാവധി പൂര്‍ത്തിയാക്കാന്‍ കെ.എം ഷാജിക്ക് കഴിഞ്ഞു. പത്രികയിലെ ന്യൂനത പരിഹരിക്കുന്നതിന് അവസരം നല്‍കിയാല്‍ പല അസൗകര്യങ്ങളും ഒഴിവാക്കാം. സ്വീകരണവേളയില്‍ത്തന്നെ വരണാധികാരികള്‍ പത്രിക പ്രാഥമികമായി പരിശോധിച്ച് ന്യൂനതകള്‍ തീര്‍ക്കാന്‍ അവസരം നല്‍കാറുണ്ട്. സൂക്ഷ്മപരിശോധനയില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ പരിഹരിക്കാന്‍ കഴിയാത്തതായിരിക്കും.
തെരഞ്ഞെടുപ്പ് സംശുദ്ധമാക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. വീടുകള്‍ പരിചയമുള്ള പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി വോട്ടര്‍ പട്ടിക പരിശോധിക്കുന്നത് എതിരാളിയുടെ വ്യാജവോട്ട് തടയുന്നതിനും സ്വന്തമായി വ്യാജവോട്ട് ചെയ്യുന്നതിനും വേണ്ടിയാണ്. പരേതരും പ്രവാസികളും പാര്‍ട്ടികള്‍ക്ക് പ്രിയപ്പെട്ടവരാകുന്നു. അവരുടെ വോട്ടുകള്‍ അവരുടെ പേരില്‍ ചെയ്യപ്പെടും. പാര്‍ട്ടി ഒരുക്കുന്ന സംവിധാനത്തിലാണ് ചൂണ്ടുവിരല്‍ മിനുക്കി ഒരു വ്യാജവോട്ടര്‍ വ്യാജവോട്ടിനു തയാറാകുന്നത്. ബൂത്തിലിരിക്കുന്ന ഏജന്റിന് അയാളെ തിരിച്ചറിയുന്നതിന് അടയാളങ്ങള്‍ നല്‍കും.
ആഘോഷത്തിന്റെയും കൗതുകങ്ങളുടെയും കാലമാണ് തെരഞ്ഞെടുപ്പ്. കൗതുകത്തിനുവേണ്ടി കളവ് കാണിക്കുന്നവരുണ്ട്. പാര്‍ട്ടികള്‍ക്ക് സത്യസന്ധതയുണ്ടാകുമ്പോള്‍ പ്രവര്‍ത്തകരും സത്യസന്ധരാകും. ജനാധിപത്യത്തിലെ സത്യമാണ് തെരഞ്ഞെടുപ്പ്. അത് സത്യമായിത്തന്നെ നടക്കണം. വോട്ടര്‍ പട്ടികയിലെ കൃത്രിമം മുതല്‍ വോട്ടെടുപ്പിലെ ക്രമക്കേടുവരെ തെരഞ്ഞെടുപ്പിനെ പങ്കിലമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോള്‍ പാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നുവോ എന്ന് ടിക്കാറാം മീണ ചോദിച്ചു. ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്നവരാണ് വ്യാജന്മാരെയും അപരന്മാരെയും കടത്തിവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."