നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ നാടന്‍ പൂക്കളുടെ പ്രദര്‍ശനം
തൃപ്രയാര്‍: പോയ കാലത്തെ ഓണ സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ നാടന്‍ പൂക്കളുടെ പ്രദര്‍ശനം. തൊടികളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച പൂക്കള്‍ക്കൊപ്പം പടിയിറങ്ങിപ്പോയ വീട്ടുപകരണങ്ങളും പ്രദര്‍ശനത്തെ കൗതുകകരമാക്കി.
നാടന്‍ പൂക്കള്‍ക്കൊപ്പം അന്യം നിന്നുപോയ വീട്ടുപകരണങ്ങളും കാര്‍ഷികോപകരണങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. വീട്ടുമുറ്റത്തെയും സമീപ പ്രദേശങ്ങളിലേയും തൊടികളില്‍ നിന്നും മറ്റുമായി ന്യൂജനറേഷന് പരിചിതമല്ലാത്ത അരളിയും മുക്കുറ്റിയും മാങ്ങാനാറിയും കൃഷ്ണകിരീടവും ഗന്ധരാജയും മുതല്‍ നാടന്‍ പൂക്കളുടെ വൈവിധ്യമായിരുന്നു പ്രദര്‍ശനത്തില്‍ ഒരുക്കിയത്.
ഹൈസ്‌കൂളിലെ 570 ഓളം വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. കണിക്കൊന്ന, നക്ഷത്രമല്ലി, മുസാണ്ട, തൊട്ടാവാടി, കല്യാണ സൗഗന്ധികം എന്നിവ ഉള്‍പ്പെടെ നൂറോളം നാടന്‍ പൂക്കളും ഇതിനു പുറമെ മുയല്‍ചെവിയന്‍, കറുകപട്ട, കീഴാര്‍നെല്ലി, കല്ലുരുക്കി, കുറുന്തോട്ടി, പൂവാം കുറുമ്പില, ചെറൂള തുടങ്ങിയ ഇനം ഔഷധ ചെടികളും പ്രദര്‍ശനത്തെ സമ്പന്നമാക്കി. ചിമ്മിനി വിളക്ക്, ചുണ്ണാമ്പ് കുറ്റി, മുറുക്കാന്‍ ചെല്ലം, തളിക, ഇടിഉരല്‍, കോളാമ്പി തുടങ്ങിയ ഓട്ടുപകരണങ്ങളും പ്രദര്‍ശനത്തെ കൗതുകകരമാക്കി.
ഓലപായ, പ്ലാവില കുമ്പിളി, തേക്ക് കൊട്ട, നാഴി, ഇടങ്ങഴി തുടങ്ങിയവക്കൊപ്പം ഓല നിര്‍മിത കളിപ്പാട്ടങ്ങളും പഴയകാല നാണയങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു.
കേരളത്തിന്റെ തനത് സംസ്‌കാരം പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനാണ് പ്രദര്‍ശനം ഒരുക്കിയതെന്ന് പി.ടി.എ പ്രസിഡന്റ് കെ.ബി ഹംസയും അധ്യാപകരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."