'ഒരു തൈ നടുമ്പോള്‍...പല തണല്‍ നടുന്നൂ..' ഇന്ന് ലോക വനദിനം
ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോള്‍, നോട്ടുപുസ്തകത്തില്‍ കുത്തിക്കുറിക്കുമ്പോള്‍, പനിക്കൊരു മരുന്ന കഴിക്കുമ്പോള്‍..എല്ലാം പോട്ടെ ഒരു വീട് വെക്കുമ്പോള്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ വനത്തെ കുറിച്ച് ഒരു തൈമരത്തെ കുറിച്ചെങ്കിലും. നമ്മുടെ ജീവിതത്തിന്റെ മറ്റ് പല വശങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും നിലവിലുള്ളതും ഭാവിയിലെയും തലമുറകളുടെ സമൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നല്‍കുന്നതിനും വനത്തിന്റെ സുസ്ഥിര പരിപാലനവും വിഭവങ്ങളുടെ ഉപയോഗവും പ്രധാനമാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കുന്നതിലും വനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നിട്ടും, ഈ അമൂല്യമായ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവുമായ നേട്ടങ്ങള്‍ ഉണ്ടായിട്ടും ആഗോള വനനശീകരണം ഭയാനകമായ തോതില്‍ തുടരുകയാണ്.
വനങ്ങളുടെ പ്രാധാന്യ ത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് 2012ലാണ് യു.എന്‍. മാര്‍ച്ച് 21 വനദിനമായി ആചരിച്ചു തുടങ്ങുന്നത്. 2001 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോകത്തെ 27 ശതമാനം വനങ്ങളും നഷ്ടമായി.
ജീവന്റെയും ജൈവസമ്പത്തിന്റെയും പോഷകകേന്ദ്രങ്ങളായ വനങ്ങളുടെ നശീകരണം കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി പലതരം രോഗങ്ങളുടെ വ്യാപനത്തിനുമൊക്കെ വഴിവെക്കുകയാണ്.
നേരിയ പ്രതീക്ഷയുണര്‍ത്തി പുതുകാലം
ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ 2018ലെ കണക്കനുസരിച്ച് ഒരു വര്‍ഷം 72.6 ദശലക്ഷം ഏക്കര്‍ വനമാണ് നഷ്ടമാകുന്നത്. അതേസമയം ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ പഠനങ്ങള്‍. രാജ്യത്തെ വനമേഖലയുടെ വിസ്തീര്‍ണം രണ്ടു വര്‍ഷത്തിനിടെ 0.22 ശതമാനം വര്‍ധിച്ചെന്ന് പഠനങ്ങള്‍. 2019നും 2021നും ഇടക്ക് 1540 ചതുരശ്ര കി. മീ കാട് വര്‍ധിച്ചു. 2011നും 2021നും ഇടയില്‍ ആകെ 21,762 ചതുരശ്ര കി.മീ വര്‍ധനയുണ്ടായെന്നും കേന്ദ്ര വനംവകുപ്പിന് കീഴിലെ ഫോറസ്റ്റ് സര്‍വേയുടെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടില്‍ (ഐ.എസ്.എഫ്.ആര്‍) വ്യക്തമാക്കുന്നു. രണ്ടുവര്‍ഷം കൂടുമ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."