2021ല്‍ 345 കുട്ടികള്‍ ആത്മഹത്യ ചെയ്തു; കൊവിഡ് കാലം കാരണമായി, പൊലിസ് പഠന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ദിനംപ്രതി കൂടിവരികയാണ്. നിസാര കാര്യങ്ങള്‍ പോലും താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നില്‍ കുടുംബ ബന്ധങ്ങളും കാരണമാകുന്നുണ്ടെന്ന് പൊലിസ് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് ആത്മഹത്യ വര്‍ധിച്ചതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലിസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2019ല്‍ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ്. 2020ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ് കുട്ടികളും, 169 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 2021 ആയപ്പോള്‍ ആത്മഹത്യനിരക്ക് വീണ്ടും കൂടി. 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും. ആത്മഹത്യ ചെയ്യുന്നതില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍.
കൊവിഡ് നിയന്ത്രണങ്ങള്‍ വന്ന ശേഷം കുട്ടികള്‍ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍.
പുറത്തേക്ക് പോകാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങള്‍ അതുവഴി വീട്ടുകാരുമായുള്ള തര്‍ക്കം എന്നിവയെല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചു. പരീക്ഷ തോല്‍വി, ഓണ്‍ലൈന്‍ ഗെയിമുകള്‍, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തല്‍.
മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടികളുടെ ആത്മഹത്യ കൂടുതല്‍. പഠനത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും എന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."