സി.എ.എക്കെതിരെ ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ടു പോവും- മുസ്‌ലിം ലീഗ്
ന്യൂഡല്‍ഹി: സി.എ.എക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ടു നടത്തിയ വിജ്ഞാപനത്തെ കോടതിയില്‍ നേരിടുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ധൃതിപിടിച്ച് നിയമം നടപ്പാക്കില്ലെന്ന് ലീഗിന്റെ ഹരജിയില്‍ കേന്ദ്രം ഉറപ്പുനല്‍കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എ.എ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കാനിരിക്കെ ഡല്‍ഹിയില്‍ നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീഗ് നേതാക്കള്‍.
''സി.എ.എ കേസില്‍ കോടതിയില്‍ നടത്താന്‍ പോകുന്ന പോരാട്ടത്തെ കുറിച്ച് അഭിഭാഷകന്‍ കപില്‍ സിബലുമായി ചര്‍ച്ച ചെയ്തു. നിയമം നടപ്പാക്കാന്‍ ധൃതി കാണിക്കില്ലെന്ന് ലീഗിന്റെ ഹരജിയില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. പിന്നീട് എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഇത്തരത്തില്‍ തിരക്കിട്ട് നിയമം ഇറക്കിയത്''കുഞ്ഞാലിക്കുട്ടി ചോദിച്ചു.
കോടതിയില്‍ കേസ് നടപടികള്‍ നടക്കുമ്പോള്‍ ധൃതിപിടിച്ച് നിയമവുമായി മുന്നോട്ടുപോകാന്‍ പറ്റില്ല. പൗരത്വം കൊടുക്കുന്നതിന് ലീഗ് എതിരല്ല. അതില്‍ പക്ഷപാതം കാണിക്കുന്നതിനെയാണ് മതേതരത്വ നിലപാടില്‍ ഞങ്ങള്‍ എതിര്‍ക്കുന്നത്. സര്‍ക്കാരും ലീഗിന്റെ കേസില്‍ കക്ഷി ചേരേണ്ടിവരും.
സി.എ.എ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ ആത്മാര്‍ഥമായാണ് ലീഗ് പോരാട്ടം നടത്തുന്നത്. ഇതൊരു കേരള പ്രശ്‌നമായി ഒതുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അസമയത്തുള്ള സര്‍ക്കാരിന്റെ വിജ്ഞാപനമാണിതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണു ധൃതിപിടിച്ചുള്ള സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. മുസ്‌ലിം ലീഗ് നേരത്തെ തന്നെ കേസുമായി മുന്നോട്ടുപോകുന്നുണ്ട്. ലീഗിന്റേതാണ് കേസിലെ മുഖ്യ ഹരജി. ഇന്ന് സുപ്രിംകോടതിയില്‍നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."