'കൊടുത്തു പോകരുത് മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും അഭയവും'-ഉത്തരവിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍
ഗുവാഹത്തി: മ്യാന്മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണമോ താമസമോ നല്‍കുന്നതില്‍ നിന്ന് നാട്ടുകാരെയും പ്രാദേശിക ഭരണകൂടങ്ങളെയും വിലക്കി മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവ്. മനുഷ്യത്വപരമായ പരിഗണന അര്‍ഹിക്കുന്നതും ഗുരുതര പരിക്കുകള്‍ ഉള്ളവര്‍ക്കും ചികിത്സ സഹായം മാത്രം നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.
മ്യാന്‍മാരില്‍ സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച യാങ്കൂണില്‍ സൈന്യം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് തൊണ്ണൂറ് പേരെയെങ്കിലും വെടിവെച്ചു കൊന്നിരുന്നു.
വെള്ളിയാഴ്ച തന്നെ മണിപ്പൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അഭയാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും നല്‍കാനായി ക്യാമ്പുകള്‍ തുടങ്ങരുതെന്നും നിര്‍ദേശമുണ്ട്.
'അഭയം ചോദിച്ച് എത്തുന്നവരെ മാന്യമായി തിരിച്ചയക്കണം' ഉത്തരവില്‍ പറയുന്നു.
ആധാറില്‍ പേര് ചേര്‍ക്കുന്ന പ്രവൃത്തി അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും ആധാര്‍ കിറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബൈറണ്‍ സിംഗ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
ജനാധിപത്യ നേതാവ് ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭകരെ കൊടുംക്രൂരമായാണ് സൈന്യം നേരിട്ടത്. സൈന്യത്തിന്റെ ക്രൂരതയെ അപലപിച്ച് ജപ്പാന്‍, ദക്ഷിണകൊറിയ, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ത്രേലിയ, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ എന്നിവ മ്യാന്‍മാറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേ സമയം മ്യാന്‍മറില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചതിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ലോക വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും ഇന്ത്യ മൗനം പാലിക്കുകയാണ്. വിഷയത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയമോ, പ്രധാനമന്ത്രിയുടെ ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്രസഭക്കും ഒപ്പം വിവിധ രാജ്യങ്ങളും ഇടപെട്ടിട്ടും അയല്‍രാജ്യമായ ഇന്ത്യ മൗനംപാലിക്കുന്നത് ചര്‍ച്ചയാവുന്നുണ്ട്. കൂട്ടക്കൊലക്കിടെ അത്യാഡംബരപൂര്‍വമായ മ്യാന്‍മറിന്റെ സായുധസേനാ ദിനത്തില്‍ ഇന്ത്യ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."