സംരംഭക സൗഹൃദത്തിൻ്റെ കേരള മോഡൽ
പി. രാജീവ്
ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികളുള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലിക സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക വികാസ സൂചികകൾ പോലെത്തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായമേഖലയുടെ മേന്മകളും. ഇന്ത്യയിലെ ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് നമ്മുടേത്. ദേശീയതലത്തിൽ ഏറ്റവും മികച്ച വേതനഘടന നിൽക്കുന്നുണ്ടിവിടെ. പൊതുമേഖലയെ കൈയൊഴിയുന്ന പൊതു ദേശീയധാരയുടെ വിപരീതദിശയിലാണ് നമ്മുടെ സഞ്ചാരം. പരമ്പരാഗതമേഖലകൾ ശക്തിപ്പെടുത്തി സംരക്ഷിച്ച് നിർത്തുന്നതിലും മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടാനില്ല. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവൽക്കരണം എന്നിവയിൽ മുൻനിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐ.ടി പാർക്കും ആധുനിക വ്യവസായസ്ഥാപനങ്ങളും പടുത്തുയർത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും അസത്യങ്ങളും ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായ ഭൂമിക. അങ്ങനെ തിടംവച്ച മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവം കുതിച്ച ചരിത്ര സന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ലക്ഷ്യമിട്ടു; ലക്ഷം നേടി
ആഗോളാടിസ്ഥാനത്തിൽ തന്നെ മൊത്തം ബിസിനസിന്റെ 90 ശതമാനവും എം.എസ്.എം.ഇകളാണ്. തൊഴിൽ സൃഷ്ടിയിൽ എം.എസ്.എം.ഇകൾക്ക് വമ്പിച്ച പങ്കാണുള്ളത്. കേരളത്തെപ്പോലെ ഏറ്റവും മികച്ച കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന നിലവാരം പുലർത്തുന്ന മാനവശേഷിയുമുള്ള സംസ്ഥാനത്തിന് ഭാവി വളർച്ചക്കുള്ള ശക്തമായ ഒരു ഉപാധിയാണിത്. ഗ്രാമീണ-പിന്നോക്ക മേഖലകളുടെ വികസനത്തിനും പാർശ്വവൽക്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണിത്. ഈ കാഴ്ചപ്പാടോടെയാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം എം.എസ്.എം.ഇകൾ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഇക്കണോമിക് റിവ്യൂ പ്രകാരം 2020-21ൽ 11,540 സംരംഭങ്ങളും 2019-20ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്താണ് 2022-23ൽ, ഇതുവരെയുള്ള കണക്കുപ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങൾ കൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. ഒടുവിലത്തെ കണക്ക് പ്രകാരം 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽനിന്നുതന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയ അംഗീകാരമാണ് ഈ പദ്ധതിയെ തേടിയെത്തിയത്.
സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബി-ടെക്ക്/എം.ബി.എ യോഗ്യതയുള്ള ഇൻ്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1153 ഇൻ്റേണുകൾ, സംരംഭകർക്ക് പൊതുബോധവൽക്കരണം നൽകാനും വൺ ടു വൺ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽനിന്ന് ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയാറാക്കുന്നതിനും ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. 1153 ഇൻ്റേണുകൾക്ക് പുറമെ താലൂക്ക് ഫെസിലിറ്റേഷൻ സെൻ്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇൻ്റേണുകൾക്ക് പ്രത്യേക പരിശീലനം നൽകുകയും ടാർഗറ്റ് നിശ്ചയിക്കുകയും ചെയ്തു. ഇതിനൊപ്പംതന്നെ എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചുകൊണ്ട് സംരംഭക വർഷം പദ്ധതി മുന്നോട്ടേക്ക് കുതിച്ചു. തുടങ്ങി ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ അൻപതിനായിരം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചത് കേരളത്തിൽ സംരംഭങ്ങളാരംഭിക്കാമെന്ന് മറ്റുള്ളവർക്കും തോന്നാൻ സഹായകമായി.
ഒരു വർഷം പതിനായിരം സംരംഭങ്ങൾ ഉണ്ടാകുന്ന നാട്ടിൽ മനസുവച്ചാൽ ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംരംഭക വർഷം പദ്ധതി. ആദ്യഘട്ടത്തിൽ ഒരു ലക്ഷം പദ്ധതികൾ ആരംഭിക്കാൻ സാധിക്കുമോ എന്ന് സംശയിച്ചവരും വളരെ പെട്ടെന്നു തന്നെ ഇത് സാധ്യമാണെന്ന് മനസിലാക്കി പ്രവർത്തിച്ചു. ഇനിയുള്ള നാല് മാസങ്ങൾകൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായവരുടെ മഹാസംഗമമാണ് ജനുവരി 21ന് കൊച്ചിയിൽ നടക്കുന്നത്.
ഇവിടം കൊണ്ടവസാനിക്കുന്നില്ല
ലക്ഷ്യം നേടിയതോടെ സംരംഭകവർഷം പദ്ധതി പൂർത്തിയായെന്ന് സർക്കാർ കരുതുന്നില്ല. നിലവിൽ വന്ന സംരംഭങ്ങളിൽ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് നൂറു കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. ഇതിനായുള്ള വിശദാംശങ്ങൾ തയാറാക്കി വരികയാണ്. സംരംഭങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് എം.എസ്.എം.ഇ ക്ലിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളും ക്ലിനിക്കുകളിൽനിന്ന് ലഭ്യമാക്കും.
കേരളത്തിൽ നിർമിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ, അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന് ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്ഫോം നിര്‍മിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. എണ്ണയിട്ട യന്ത്രംപോലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭക വർഷം പദ്ധതി മുന്നോട്ട് പോകുകയാണ്. രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, ഏഴായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തിക്കൊണ്ട് ദൈവത്തിൻ്റെ സ്വന്തം നാട് നിക്ഷേപകരുടെയും സ്വന്തം നാടായിരിക്കുന്നു. ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടനയിലും ഈ മുന്നേറ്റം നമുക്ക് കാണാൻ സാധിക്കും.
ഒറ്റയടിക്ക് 13 പടികൾ കയറി
ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഒരു ദിവസവും ഞങ്ങൾ വിശ്രമിച്ചിട്ടില്ല. സംരംഭകർക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്രമേൽ ദൃശ്യമാണ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു സർക്കാരിന്റെ ആദ്യ ഊന്നൽ. 50 കോടി രൂപവരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ മൂന്നു വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റംകൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിന് ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7000 കോടി രൂപയിലധികമാണ്. ഇതിൽതന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായ സൗഹൃദ റാങ്ക് പട്ടികയും ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒരു വർഷംകൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്‌നത്തിൽ വലിയ പ്രചോദനമായി സംരംഭക വർഷം മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.
(വ്യവസായ വകുപ്പ് മന്ത്രിയാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."