ഗുലാംനബിക്ക് രാജ്യസഭാ സീറ്റ് നൽകും ജി-23 നേതാക്കളുമായി സോണിയ സംസാരിച്ചു
ന്യൂഡൽഹി
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തുവന്ന മുതിർന്ന നേതാക്കളും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോരിന് അയവുവരുന്നു. കൂടുതൽ ചർച്ചകൾ ആവാമെന്ന പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നിലപാടും നേതൃമാറ്റം ആവശ്യപ്പെട്ടവരിൽ പ്രധാനിയായ ഗുലാംനബി ആസാദിന് രാജ്യസഭാ സീറ്റ് വാഗ്ദാനവുമാണ് പ്രശ്‌നത്തിൽ പുതിയ ട്വിസ്റ്റ് ഉണ്ടാക്കിയത്. കൂടാതെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ ജി-23 നേതാക്കൾക്ക് പ്രധാന ചുമതലകൾ നൽകാനും ആലോചനയുണ്ട്.
ജി- 23 നേതാക്കളുമായി ഇന്നലെ സോണിയ നടത്തിയ ആശയവിനിമയത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ആനന്ദ് ശർമയും മനീഷ് തിവാരിയുമാണ് സോണിയയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. മറ്റു നേതാക്കളെയും വരുംദിവസങ്ങളിൽ സോണിയ കാണുന്നുണ്ട്. ആശയവിനിമയത്തിന് കോൺഗ്രസ് അധ്യക്ഷ തയാറായതോടെ വിമർശനങ്ങളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്തും. അതോടൊപ്പം പാർട്ടിയുടെ നയരൂപീകരണവേദിയായ പ്രവർത്തക സമിതിയിലെ 12 ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ ജി -23 വിഭാഗത്തെ പരിഗണിക്കും.
രാഷ്ട്രീയത്തിൽനിന്നു വിരമിച്ച് പൊതുസേവനത്തിനിറങ്ങുന്നതിന്റെ സൂചന നൽകിയുള്ള ഗുലാം നബി ആസാദിന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് രാജ്യസഭാസീറ്റ് നൽകി കോൺഗ്രസിൽ തന്നെ പിടിച്ചുനിർത്താൻ സോണിയാഗാന്ധി ആലോചിച്ചത്.
പുതിയ കോൺഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്ന മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ജി 23 നേതാക്കൾ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. അഞ്ചംഗ സമിതി പക്ഷപാതപരമായാണു പ്രവർത്തിക്കുന്നതെന്നും ഗാന്ധി കുടുംബത്തോടു ചേർന്നു നിൽക്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണു നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ ആരോപണം. തെരഞ്ഞെടുപ്പ് സമിതിയിൽ ജി-23 നേതാക്കൾ അവിശ്വാസം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമിതി പുനഃസംഘടിപ്പിക്കപ്പെടുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാഹുൽ വീണ്ടും പ്രസിഡന്റാകുന്നതിനോട് ജി 23 യോജിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."