HOME
DETAILS

ആർക്കുവേണ്ടിയാണ് മെഡിക്കൽ കോളജുകൾ?

  
backup
January 19 2023 | 03:01 AM

1207989632-2


ഗുരുതര രോഗങ്ങൾക്കും അപകടങ്ങൾക്കും ഇരയാവുന്ന സാധാരണക്കാർ ആദ്യം സമീപിക്കുക താലൂക്ക് ആശുപത്രികളെയോ ജില്ലാ ആശുപത്രികളെയോ ആയിരിക്കും. അവിടെനിന്ന് മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്ന രോഗികൾക്ക് ഇവിടെ ആശ്രയമാകാത്ത അവസ്ഥയാണുള്ളത്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്തതയും ഡോക്ടർമാരിൽ ചിലരുടെ കൃത്യവിലോപവും തന്നെയാണിതിനു കാരണം. ഒരു കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ സ്തുത്യർഹ സേവനങ്ങളാണ് നൽകിയിരുന്നത്. അവസാന അത്താണിയെന്ന നിലയ്ക്കാണ് പാവപ്പെട്ടവർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്നതെന്ന ആർദ്രചിന്ത അക്കാലത്തെ ഡോക്ടർമാരിൽ ഉണ്ടായിരുന്നു. പ്രാർഥന പോലെയായിരുന്നു അവർക്ക് ചികിത്സ. മെഴുകുതിരി വെട്ടത്തിൽ എത്രയെത്ര ഡോക്ടർമാർ വിജയകരമായി ശസ്ത്രക്രിയകൾ പൂർത്തിയാക്കി! എന്നാൽ ഇപ്പോൾ പല ഡോക്ടർമാരിൽ നിന്നും കയ്‌പേറിയ അനുഭവങ്ങളാണ് രോഗികൾക്കുണ്ടാകുന്നത്. അതാകട്ടെ അവരുടെ മരണത്തിനു കാരണമാവുകയും ചെയ്യുന്നു. ചികിത്സാപ്പിഴവുകൾ വിവാദമാകുമ്പോൾ, വീഴ്ച സംഭവിച്ചില്ലെന്ന പ്രസ്താവനകൾ ആശുപത്രി സൂപ്രണ്ടിൽ നിന്നോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നോ ഉണ്ടാകുന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിക്കുന്നില്ല.


കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് നീണ്ട അഞ്ചു വർഷമാണ് യുവതിക്ക് വയറ്റിൽ കത്രികയുമായി ജീവിക്കേണ്ടിവന്നത്. ഇപ്പോഴും ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചത്. രോഗിയെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അശ്രദ്ധയാൽ വയറ്റിൽ കത്രിക വച്ചതാണെന്ന അന്വേഷണ റിപ്പോർട്ട് പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. യുവതി നീതിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.


കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ് വയനാട് മെഡിക്കൽ കോളജിൽ പ്രവേശിച്ചിരുന്ന തോമസിന്റെ മരണം സംഭവിച്ചത് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പുറമെ അധികൃതരുടെ അനാസ്ഥയും കൂടിയാണ്. കടുവയുടെ കടിയേറ്റ തോമസിന്റെ കാലിലെ രക്തസ്രാവം വയനാട് മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പരിഹരിക്കാമായിരുന്നു. പറക്കമുറ്റാത്ത കുട്ടികളുള്ള തോമസിന്റെ കുടുംബത്തെ അനാഥമാക്കിയ കൃത്യവിലോപത്തിന്റെ കാരണക്കാർ എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും പാപത്തിന്റെ കറ മായുന്നില്ല.


സർക്കാർ മെഡിക്കൽ കോളജുകളെല്ലാം പരിതാപ അവസ്ഥയിലാണുള്ളത്. ഇതിനിടയിൽ ഡോക്ടർമാരുടെയും മറ്റു പരിചാരകരുടെയും രോഗികളോടുള്ള അലസ സമീപനവും കൂടിയാകുമ്പോൾ നിർധന രോഗികൾക്ക് മറ്റെന്ത് വഴിയാണുള്ളത്. ഓരോ അത്യാഹിതം ഉണ്ടാകുമ്പോഴും ആരോഗ്യമന്ത്രിയിൽ നിന്നു കുറ്റകാർക്കാതിരേ കർശന നടപടി പ്രഖ്യാപനങ്ങളും അപര്യാപ്തത പരിഹരിക്കുമെന്ന പ്രസ്താവനകളും വരുമെന്നല്ലാതെ ഒന്നും സംഭവിക്കാറില്ല.


മാനന്തവാടി ജില്ലാ ആശുപത്രി എന്ന ബോർഡ് അഴിച്ചുവച്ച് മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ചു എന്നല്ലാതെ എന്തു മാറ്റമാണ് ഈ ആശുപത്രിയിലുണ്ടായത്. ഗുരുതരമായി പരുക്കേൽക്കുന്നവരെയും അപകടത്തിൽ പെടുന്നവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതിനപ്പുറം കാര്യമായ ചികിത്സകൾ വയനാട് മെഡിക്കൽ കോളജിൽ നടക്കുന്നില്ല.


2014ൽ പട്ടികജാതി വികസനവകുപ്പിനു കീഴിൽ ആരംഭിച്ച പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രി ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. കിടത്തിച്ചികിത്സയില്ല. അനുബന്ധ സൗകര്യങ്ങളില്ല. കെട്ടിടങ്ങളില്ല. ജീവനക്കാർക്ക് ശമ്പളം പോലും കിട്ടുന്നില്ല. വയനാട്ടിലെ പോലെ ഇവിടെ എത്തുന്ന രോഗികളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുന്നു. എൻഡോസൾഫാൻ ദുരിത ബാധിത ജില്ലയായ കാസർകോട്ട് ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് എന്ന പേരു മാറ്റിയല്ലാതെ ഒന്നും സംഭവിച്ചില്ല. കെട്ടിടം പണി പാതിവഴിയിൽ നിലച്ചിരിക്കുന്നു. ഒ.പി പരിശോധന മാത്രമാണിവിടെ നടക്കുന്നത്. പത്ത് വർഷം മുമ്പാണ് മഞ്ചേരി ജനറൽ ആശുപത്രി മെഡിക്കൽ കോളജായത്. ജനറൽ ആശുപത്രിയുടെ നിലവാരം തന്നെയാണിപ്പോഴുമുള്ളത്. അത്യാഹിത കേസുമായി വരുന്ന രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ചുകൊണ്ടിരിക്കുന്നു. കോന്നി ഗവ. മെഡിക്കൽ കോളജിലും കിടത്തിച്ചികിത്സയില്ല. ആധുനിക സൗകര്യങ്ങളൊന്നുമില്ല.


തിരുവനന്തപുരം രണ്ടാമത്തെ മെഡിക്കൽ കോളജിനായി പണിതീർത്ത കെട്ടിടം ഇപ്പോഴും പ്രവർത്തനമാരംഭിച്ചിട്ടില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഇന്ദിരാഗാന്ധി ഗവ. മെഡിക്കൽ കോളജ് പിന്നീട് വന്ന ഇടതുമുന്നണി സർക്കാർ പൂട്ടി. സംസ്ഥാനത്തെ ഏറ്റവും വലിയ കെട്ടിടമാണ് കൊല്ലം മെഡിക്കൽ കോളജ്. പക്ഷേ വലിപ്പത്തിനൊപ്പമുള്ള ചികിത്സ കിട്ടുന്നില്ലെന്നു മാത്രം. 2015ൽ യു.ഡി.എഫ് സർക്കാർ ഹരിപ്പാടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനായി കരുവാറ്റയിൽ 25 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. അതിപ്പോഴും തരിശായി കിടക്കുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ചത് ഈയിടെ. ഇതിലും നടപടികളൊന്നും ഉണ്ടായില്ല.


സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അവസ്ഥയാണിതൊക്കെ. സാധാരണക്കാരാണ് മെഡിക്കൽ കോളജുകളിൽ അഭയം തേടാറ്. അതിനാലായിരിക്കാം അത്തരം ആശുപത്രികളിലെ ചികിത്സാ അപര്യാപ്തതയോ ഡോക്ടർമാരുടെ അലസ മനോഭാവത്തെത്തുടർന്നുണ്ടാകുന്ന ചികിത്സാപ്പിഴവുകളോ സർക്കാരിനെ അലട്ടാറില്ല. മന്ത്രിമാർക്ക് അസുഖം വന്നാൽ അവർക്ക് വിദഗ്ധ ചികിത്സ തേടി വിദേശത്തേക്ക് പറക്കാം. പുറമെ ഭീമമായ ചികിത്സാ അലവൻസുമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ മന്ത്രിക്ക് വിദേശ ചികിത്സയ്ക്കായി ഒരു കോടി 91 ലക്ഷമാണ് സർക്കാർ നൽകിയത്. നിയമസഭാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യമാണ് സർക്കാർ നൽകുന്നത്. പാവങ്ങൾക്കെന്തുണ്ട്? നോക്കുകുത്തികൾ പോലുള്ള മെഡിക്കൽ കോളജുകളല്ലാതെ. വയനാട്ടിലെ തോമസുമാരെപ്പോലുള്ളവർ കടുവാ ആക്രമണത്താലോ ഗുരുതര രോഗത്താലോ വയനാട് പോലുള്ള മെഡിക്കൽ കോളജുകളിൽ എത്തിയാൽ അവർക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. ഈ അവസ്ഥയിൽ ഏതു മനുഷ്യസ്‌നേഹിയും ചോദിച്ചുപോകും ആർക്കു വേണ്ടിയാണ് ഈ മെഡിക്കൽ കോളജുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago