ചർച്ചയ്ക്ക് തയാർ; നാറ്റോ അംഗത്വശ്രമം ഉപേക്ഷിക്കാം: ഉക്രൈൻ
കീവ്
നാറ്റോ സഖ്യത്തിൽ അംഗത്വം ലഭിക്കാനുള്ള നീക്കത്തിൽ നിന്ന് ഉക്രൈൻ പിന്നോട്ട്. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
ഉക്രൈനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് പുട്ടിൻ തയാറായാൽ പകരമായി നാറ്റോ അംഗത്വം തേടുന്നതിൽ നിന്ന് പിൻമാറാമെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യ സൈന്യത്തെ പിൻവലിക്കുകയും ഉക്രൈൻ ജനതയുടെ സുരക്ഷിതത്വം ഉറപ്പുനൽകുകയും ചെയ്താൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാമെന്നും സെലെൻസ്‌കി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചയ്ക്ക് തയാറാണ്. ഇത് എല്ലാവർക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങൾക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പടിഞ്ഞാറൻ രാജ്യങ്ങൾക്കും സുരക്ഷ ആഗ്രഹിക്കുന്ന ഉക്രൈൻ ജനതയ്ക്കും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യക്കും കൂടിയുള്ള വിട്ടുവീഴ്ചയാണിത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യപ്പെടണമെന്നും സെലെൻസ്‌കി പറഞ്ഞു.
പുട്ടിനുമായി നേരിട്ട് ചർച്ചയ്ക്കു തയാറാണെന്ന് ആവർത്തിച്ച സെലെൻസ്‌കി, അതിന് പുട്ടിൻ തയാറാകുന്നില്ലെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമില്ലെന്ന് വേണം കരുതാനെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പുട്ടിനെ ഏതുനിലയ്ക്കും നേരിൽ കാണാൻ തയാറാണ്. എന്നാൽ ഏത് തീരുമാനവും ഹിതപരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."