ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പൊലിസുകാരായ പ്രതികളെ വെറുതെ വിട്ടു
അഹമ്മദാബാദ്: ഇശ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പൊലീസുകാരെ അലഹബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. കേസിലെ മറ്റ് നാല് പ്രതികളെ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. പൊലീസ് ഓഫീസര്‍മാരായ ജി.എല്‍ സിംഗാള്‍, തരുണ്‍ ബരോത്, അനജു ചൗധരി എന്നിവരെയാണ് പ്രത്യേക സി.ബി.ഐ ജഡ്ജി വി.ആര് റാവല്‍ വെറുതെ വിട്ടത്. കേസില്‍ കുറ്റാരോപിതരായവരെ ചോദ്യം ചെയ്യുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതായി മാര്‍ച്ച് 20ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.
അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നാണ് ഇശ്റത്ത് ജഹാന്, മലയാളിയായ ആലപ്പുഴ സ്വദേശി ജാവേദ് ശൈഖ്, അംജദ് അക്ബറലി റാണ, സഹീര്‍ ജൗഹര്‍ എന്നിവരെ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് വെടിവച്ചു കൊന്നത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ഭീകരരെ വെടിവച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഗുജറാത്ത് ക്രൈം ബ്രാഞ്ച് പൊലീസിന്റെ വാദം.
ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഇസ്രത്ത് ജഹാനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും കൊലപ്പെടുത്തുന്നതിന് മുമ്പ് ഗുജറാത്ത് പൊലീസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നുവെന്നും ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്ന ആയുധങ്ങള്‍ ഐ.ബിയില്‍ നിന്ന് ലഭിച്ചതാണെന്നും സി.ബി.ഐ സമര്‍പ്പിച്ച ഒന്നാമത് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."