ഉംറ; വാക്‌സിന്‍ സ്വീകരിച്ചവ൪ക്കും ക്വാറന്റൈന്‍ നിര്‍ബന്ധം
ജിദ്ദ: ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാ൪ ഉംറക്ക് വരുമ്പോൾ കൊറോണ വാക്‌സിന്‍ സ്വീകരിച്ചവ൪ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം.
എന്നാൽ ഇവർ സഊദിയിൽ എത്തി മൂന്നു ദിവസം മാത്രം ക്വാറന്റൈൻ കഴിഞ്ഞാൽ മതി.
'ഇഅ്തമര്‍നാ' ആപ്പ് വഴി ബുക്ക് ചെയ്യലും ഉംറ പെര്‍മിറ്റ് നേടലും ഉംറ നിര്‍വഹിക്കുന്നതിനു മുമ്പ് മൂന്നു ദിവസം സുരക്ഷിത ഐസൊലേഷന്‍ പാലിക്കലും എല്ലാവര്‍ക്കും ബാധകമാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഊദിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള 72 മണിക്കൂറിനിടെ പി.സി.ആര്‍ പരിശോധന നടത്തണം. എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ ഇവര്‍ 'തവക്കല്‍നാ', 'ഇഅ്തമര്‍നാ' ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഹോട്ടലിലേക്ക് നീങ്ങണം. ഇതിനിടെ ബാഗേജുകള്‍ അണുവിമുക്തമാക്കുകയും ശരീര ഊഷ്മാവ് പരിശോധിക്കുകയും ചെയ്യും. ഹോട്ടല്‍ മുറിയില്‍ മൂന്നു ദിവസം തീര്‍ഥാടകര്‍ സുരക്ഷിത ഐസൊലേഷന്‍ പാലിക്കല്‍ നിര്‍ബന്ധമാണ്.
ഐസൊലേഷന്‍ കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ഭക്ഷണം റൂമില്‍ എത്തിക്കുകയും ചെയ്യും. ഇതിനു ശേഷം 'ഇഅ്തമര്‍നാ' ആപ്പ് വഴി ഗള്‍ഫ് പൗരന്മാര്‍ക്കുള്ള ഉംറ പെര്‍മിറ്റിന് ബുക്ക് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ഒത്തുചേരല്‍ കേന്ദ്രത്തിലെത്തി ശരീര ഊഷ്മാവ് പരിശോധിച്ച് ഉംറ പെര്‍മിറ്റ് പ്രദര്‍ശിപ്പിക്കുകയും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഉംറ കര്‍മം നിര്‍വഹിക്കുകയും ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാവുന്നതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."