പിണറായി സി.പി.എമ്മിന്റെയോ കേരളത്തിന്റെയോ ക്യാപ്റ്റനല്ല; മുഖ്യമന്ത്രിക്കെതിരേ ഒളിയമ്പുമായി കോടിയേരി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എമ്മിന്റെയോ കേരളത്തിന്റെയോ ക്യാപ്റ്റനായി സി.പി.എം പ്രഖ്യാപിച്ചിട്ടില്ലെന്ന് പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹവും വി.എസും ഞാനുമടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സഖാക്കളാണ്. ക്യാപ്റ്റന്‍ മുദ്രാവാക്യം പാര്‍ട്ടിയുടേതല്ല. ചില ആളുകളും അനുഭാവികളും മുന്നോട്ടുവെക്കുന്നു. അത് ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെടുന്നു, ചിലരത് ഏറ്റെടുക്കുന്നു. അതിനെ അങ്ങനെ കണ്ടാല്‍ മതി. ക്യാപ്റ്റന്‍ എന്നാല്‍ ടീം ലീഡര്‍ എന്ന അര്‍ഥത്തില്‍ എടുത്താല്‍ മതി. പാര്‍ട്ടി സഖാവിനെ ഒരിടത്തും ക്യാപ്റ്റനായി വെച്ചിട്ടില്ല. പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം. അദ്ദേഹം സ്വന്തം അഭിപ്രായം പറഞ്ഞു. ഏതൊരു സഖാവിനെയും പാര്‍ട്ടി കേള്‍ക്കും. പക്ഷെ, അന്തിമ തീരുമാനമെടുക്കുക പാര്‍ട്ടിയായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായല്ലോ. ഐ ഫോണ്‍ വിവാദം വന്നപ്പോള്‍ വിനോദിനി ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ ഐ ഫോണ്‍ വിനോദിനി പണം കൊടുത്തു വാങ്ങിയതാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കസ്റ്റംസിന്റെ ഒരു നോട്ടിസും ഇതേവരേ വിനോദിനിയ്ക്ക് കിട്ടിയിട്ടില്ല. ആറ്റംബോംബ് പൊട്ടിച്ചാലും സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാകും. ബോംബ് വരാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയാവില്ല. നുണ ബോംബ് വരാനുണ്ടാകും. ഒരുപാട് നുണ ബോംബ് കണ്ടവരാണ് എല്‍.ഡി.എഫ്. വരാനിരിക്കുന്നത് നുണ ബോംബാണെന്ന് ഒരു സൂചന നല്‍കിയാല്‍ പെട്ടെന്ന് കേട്ട് സ്തംഭിച്ച് പോകേണ്ടല്ലോ, അതിനാലായിരിക്കും മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് ബോംബ് സംബന്ധിച്ച് സൂചന നല്‍കിയത്. എന്തും പറയാന്‍ മടിയില്ലാത്ത കൂട്ടരാണ് യു.ഡി.എഫും എന്‍.ഡി.എയും. തുടര്‍ഭരണം ഉറപ്പായതോടെ പൂഴിക്കടകനാണ് പ്രയോഗിക്കുന്നത്. രണ്ടു പേരും പറയുന്നത് ഒരേ കാര്യം. ഇതിനെന്തിനാ, രണ്ടു മൈക്ക്, ഒരു മൈക്ക് പോരേയെന്നും കോടിയേരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."