എതിരാളികളില്ല ജെബി മേത്തറും റഹീമും സന്തോഷ് കുമാറും രാജ്യസഭയിലേക്ക്
തിരുവനന്തപുരം
കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്ക് ജെബി മേത്തർ (കോൺഗ്രസ്), എ.എ റഹിം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ), എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പ് ഇല്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ട് മൂന്നിനുശേഷം ഇവരെ തെരഞ്ഞെടുത്തതായി അംഗീകരിക്കാമെന്ന് വരണാധികാരി നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി കവിതാ ഉണ്ണിത്താൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനാണ് അന്തിമ പ്രഖ്യാപനം നടത്തേണ്ടത്.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റുമാണ് എ.എ റഹീം. അഡ്വ.പി സന്തോഷ് കുമാർ സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ്.
കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളായ എ.കെ ആന്റണി, കെ. സോമപ്രസാദ്, എം.വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഇവർ തെരഞ്ഞടുക്കപ്പെട്ടത്. മൂന്ന് ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാലുപേർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. സ്വതന്ത്രനായി സേലം സ്വദേശി ഡോ. കെ. പത്മകുമാർ നൽകിയ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. തെരഞ്ഞെടുക്കപ്പെട്ടവർക്ക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്ക്കുള്ള സാക്ഷ്യപത്രം തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."