കോഴിക്കോട്ട് തിരിച്ചുപിടിച്ചത് നാലു പതിറ്റാണ്ടായി അന്യാധീനപ്പെട്ട വഖ്ഫ് സ്വത്ത്
സ്വന്തം ലേഖകൻ
കോഴിക്കോട്
നഗരത്തിൽ വഖ്ഫ് ബോർഡ് തിരിച്ചുപിടിച്ചത് നാൽപ്പത് വർഷമായി അന്യാധീനപ്പെട്ട വഖ്ഫ് ഭൂമി. കോഴിക്കോട് നടക്കാവ് പള്ളിക്ക് സമീപം പെട്രോൾ പമ്പ് പ്രവർത്തിച്ചുവന്നിരുന്ന 6.66 സെന്റ് ഭൂമിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം അനധികൃതമായി കൈവശം വച്ചുവന്നിരുന്നത്. 2010ൽ വഖ്ഫ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും തിരിച്ചു നൽകാത്ത ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ തിരികെലഭിച്ചത്. ഇത് സംബന്ധിച്ച രേഖകൾ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ കൈമാറി.
പുതിയ പൊന്മാണിച്ചിന്റകം കുടുംബ വഖ്ഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഭൂമി. 1982ൽ തുച്ഛമായ വാടകയായ 250 രൂപക്കായിരുന്നു ഹിന്ദുസ്ഥാൻ പെട്രോളിയം ഭൂമി പാട്ടത്തിനെടുത്തിരുന്നത്. വാടക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മുതവല്ലി പല തവണ ഭൂമി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടും ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ തയാറായിരുന്നില്ല. ഒടുവിൽ ഭൂമി വിട്ടുനൽകണെന്ന് 2010ലെ വഖ്ഫ് ബോർഡ് സി.ഇ.ഒ ഉത്തരവിറക്കി.
ഇതിനെതിരേ ഹിന്ദുസ്ഥാൻ പെട്രോളിയം വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണൽ ഹരജി തള്ളുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും ഹരജി തള്ളുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് വന്നിട്ടും ഭൂമി വിട്ടുനൽകാതിരിക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം അധികൃതർ കിണഞ്ഞുശ്രമിച്ചിരുന്നു. തുടർന്ന് വഖ്ഫ് നിയമത്തിലെ 52 എ പ്രകാരം കോഴിക്കോട് ജെ.എഫ്.സി.എം കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവിനെ തുടർന്നാണ് ഭൂമി കൈമാറാൻ ഇപ്പോൾ തയാറായത്. ഇതേ വഖ്ഫിന്റെ ഉടമസ്ഥതിയിലുള്ള സമീപത്തെ മറ്റൊരു വഖ്ഫ് ഭൂമി ഒഴിപ്പിക്കാനും വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എം.ഇ.എസിന്റെ നടക്കാവിലുള്ള ഫാത്തിമ ഗഫൂർ മെമ്മോറിയൽ വനിതാ കോളജ് ഒഴിപ്പിക്കാനാണ് വഖ്ഫ് ട്രൈബ്യൂണൽ കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടത്. എന്നാൽ എം.ഇ.എസ് ഹൈക്കോടതിയെ സമീപിച്ചതോടെ ഭൂമി ഏറ്റെടുക്കൽ വൈകുകയാണ്.
എം.ഇ.എസ് കോളജ് വഖ്ഫ് ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വഖ്ഫ് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. എം.ഇ.എസിനെ അനധികൃത കൈവശക്കാരനായി കണക്കാക്കി ഭൂമി തിരിച്ചുപിടിക്കാനുള്ള വഖ്ഫ് ബോർഡ് സി.ഇ.ഒയുടെ 2016ലെ ഉത്തരവാണ് വഖ്ഫ് ട്രൈബ്യൂണൽ ശരിവച്ചത്.
1975ൽ പ്രതിമാസം 200 രൂപ വാടക നൽകിക്കൊണ്ടാണ് ഈ കെട്ടിടത്തിൽ എം.ഇ.എസ് കോളജ് സ്ഥാപിച്ചത്. ഉത്തരവ് നടപ്പിലാക്കാൻ സി.ഇ.ഒയും ചോദ്യം ചെയ്തുകൊണ്ട് എം.ഇ.എസും 2017ലാണ് വഖ്ഫ് ട്രൈബ്യൂണൽ മുമ്പാകെ ഹരജി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."