മുസ‌്ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് റദ്ദാക്കിയത് തെറ്റിദ്ധാരണമൂലമെന്ന്
സ്വന്തം ലേഖിക
കൊച്ചി
മുസ്‌ലിം പിന്നോക്കവിഭാഗത്തിലെ 5,000 ദരിദ്ര പെൺകുട്ടികൾക്ക് മാത്രമായി 2008ൽ കേരള സർക്കാർ അനുവദിച്ച വിദ്യാഭ്യാസ ധനസഹായം കേരള ഹൈക്കോടതി റദ്ദാക്കിയത് തെറ്റിദ്ധാരണമൂലമാണെന്ന് മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്.
ദേശീയ ന്യൂനപക്ഷ നിയമമനുസരിച്ച് ന്യൂനപക്ഷങ്ങൾക്കാകെയുള്ളതാണ് ധനസഹായമെന്ന് തെറ്റിദ്ധരിച്ചാണ് ഇതു റദ്ദ് ചെയ്തതെന്നും സുപ്രിംകോടതിയിൽ ഫയൽ ചെയ്ത റിജോയിൻഡർ സത്യവാങ് മൂലത്തിൽ ഇതു ബോധിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് ചെയർമാൻ അഡ്വ. വി.കെ ബീരാൻ പറഞ്ഞു.
സച്ചാർ കമ്മിറ്റി റിപ്പോർട്ടും തുടർന്നുവന്ന പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടും അനുസരിച്ച് മുസ് ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനായി 5,000 ദരിദ്രരായ മുസ് ലിം പെൺകുകൾക്കുള്ള ധനസഹായം 12 വർഷത്തിനു ശേഷം ഒരു ഗുണഭോക്താവിനെപ്പോലും കേൾക്കാതെയാണ് റദ്ദ് ചെയ്യാൻ ഹൈക്കോടതി തീരുമാനമെടുത്തത്. ഇതു സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ട്രസ്റ്റ് സുപ്രിംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിട്ട് ഹരജി വന്നതറിഞ്ഞ് ട്രസ്റ്റ് 2021 ജനുവരി 25ന് ഹൈക്കോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയെങ്കിലും നാല് മാസം കഴിഞ്ഞ് കേസിൽ വിധിപറഞ്ഞ് മെയ് 28നാണ് ട്രസ്റ്റിനെ കക്ഷിചേരാൻ അനുവദിച്ചത്.
കക്ഷിചേരാൻ അനുവദിച്ച ദിവസം തന്നെ കേസിൽ വിധിപറഞ്ഞതുകൊണ്ട് ട്രസ്റ്റിന് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാനും കേസിൽ വാദം പറയാനും സാധിച്ചിച്ചില്ല. ഇക്കാരണത്താൽ വിധി അസാധുവാക്കേണ്ടതാണെന്നും ട്രസ്റ്റ് ബോധിപ്പിച്ചു.
വിധി നടപ്പാക്കിയത് അബദ്ധമായെന്ന് പിന്നീട് സർക്കാരിന് ബോധ്യമായതിനാലാണ് ഉടൻതന്നെ സുപ്രിംകോടതിയെ സമീപിച്ച് പ്രത്യേക അനുമതി ഹരജി ഫയൽ ചെയ്തതെന്നും ട്രസ്റ്റ് സുപ്രിംകോടതിയിൽ ബോധിപ്പിച്ചതായി ട്രസ്റ്റ് ചെയർമാൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."