കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നത് 813 ഏറ്റുമുട്ടൽ മരണങ്ങൾ ഒരു കേസിൽ പോലും വിചാരണ നടന്നില്ല
ന്യൂഡൽഹി
ഇന്ത്യയിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടരുന്നതായി സി.പി.ഐയുടെ ബിനോയ് വിശ്വം രാജ്യസഭയിൽ ആരോപിച്ചു. അദ്ദേഹത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയത് ഞെട്ടിക്കുന്ന കണക്കുകൾ . 2021 ഏപ്രിലിനും 2022 മാർച്ചിനുമിടയിൽ 139 കേസുകളാണ് പൊലിസ് ഏറ്റുമുട്ടൽ മരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. സർക്കാരിന്റെ കണക്കനുസരിച്ച്, 2016 ഏപ്രിലിനും 2017 മാർച്ചിനും ഇടയിലുള്ള കാലയളവിൽ 169 കേസുകളും, 2017-2018 കാലയളവിൽ 155 കേസുകളും, 2018-2019ൽ 156 കേസുകളും ഉണ്ടായിട്ടുണ്ട്. 2019-2020ൽ 112 കേസുകളും 2020-2021 കാലയളവിൽ 82 കേസുകളുമായി നേരിയ കുറവ് മാത്രമാണ് കൊവിഡ് കാലത്ത് പോലും ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 107 പൊലിസ് ഏറ്റുമുട്ടൽ കേസുകളിൽ 7,16,50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്തതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വസ്തുത ഇതാണെന്നിരിക്കെ, 2018ൽ അസമിൽ നടന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അച്ചടക്കനടപടി ശുപാർശ ചെയ്തതല്ലാതെ മറ്റൊരു പ്രോസിക്യൂഷൻ നടപടിയും ഈ വിഷയത്തിൽ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."