ബിർഭും ; ബംഗാൾ ഗവർണറെ നീക്കണമെന്ന് തൃണമൂൽ ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയെന്ന് മമത
കൊൽക്കത്ത/ ന്യൂഡൽഹി
ബംഗാളിലെ ബിർഭുമിലെ തൃണമൂൽ നേതാവിന്റെ കൊലപാതകവും തുടർന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തി. ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകാറിനെ നീക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഗവർണർ ജനാധിപത്യത്തിനും പാർലമെന്ററി സംവിധാനത്തിനും ഭീഷണിയാണെന്നാണ് എം.പിമാരുടെ പരാതി. ഫെഡറൽ സംവിധാനത്തിനും ഭരണഘടനയ്ക്കും എതിരായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് തൃണമൂൽ എം.പിമാരുടെ സംഘത്തിന് നേതൃത്വം നൽകിയ ബാന്ധ്യോപാദ്യായ പറഞ്ഞു. ഗവർണർ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഗവർണർ രാംപൂർഹട്ടിൽ നടന്ന കൊലപാതകത്തെ അപലപിച്ചു. മനുഷ്യത്വത്തിന് അപമാനമാണ് കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, നിയമവിരുദ്ധമായി ആയുധം കൈവശംവയ്ക്കുന്നവർക്കെതിരേ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കാൻ പൊലിസിന് സർക്കാർ പ്രത്യേക നിർദേശം നൽകി. അടുത്ത 10 ദിവസത്തേക്കാണ് സ്‌പെഷൽ ഡ്രൈവ്. ബിർഭും സംഭവത്തിൽ ബി.ജെ.പിയും കോൺഗ്രസും തൃണമൂൽ സർക്കാരിനെതിരേ രംഗത്തുവന്നു. കോൺഗ്രസ് എം.പി അധിർ ചൗധരി ഇരകളെ കാണാൻ പുറപ്പെട്ടെങ്കിലും 90 കി.മി അകലെ അദ്ദേഹത്തെ പൊലിസ് തടഞ്ഞെന്ന് കോൺഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയും ഇരകളെ കണ്ടു ആശ്വസിപ്പിച്ചു. ജില്ല ഇന്റലിജൻസ് ബ്യൂറോ, ഇൻസ്‌പെക്ടർ ഇൻ ചാർജ് എന്നിവർക്ക് വീഴ്ച സംഭവിച്ചതായി മമതാ ബാനർജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."