കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാൻ
അൻസാർ മുഹമ്മദ്
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനല്ല, സാധ്യതാ പഠനത്തിനാണ് അതിരടയാളക്കല്ലുകൾ ഇടുന്നതെന്ന സർക്കാർ വാദം പൊളിയുന്നു. കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിനാണെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഭൂമിയേറ്റെടുക്കൽ ലക്ഷ്യംവച്ച് സർക്കാർ നേരത്തെ വിജ്ഞാപനമിറക്കി.
2021 ഒക്ടോബർ എട്ടിനാണ് വിജ്ഞാപനമിറക്കിയത്. തിരുവനന്തപുരം- കാസർകോട് അതിവേഗ പാതയ്ക്കായി ഭൂമിയേറ്റെടുക്കുന്നതിൻ്റെ ഭാഗമായി വിവിധ വില്ലേജുകളിലെ ഭൂമിയുടെ പട്ടിക തയാറാക്കി സർവേ നടത്തണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സർവേയ്ക്ക് തടസമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും കല്ലെന്ന് എടുത്തുപറയാതെ അതിരടയാളങ്ങൾ ഇടണമെന്നും വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് 1961 പ്രകാരമാണ് വിജ്ഞാപനം. കെ റെയിലിന് വേണ്ടി ജില്ലകളിൽ പ്രത്യേക തഹസിൽദാർമാർ മുഖേനയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സർവേ നടത്തേണ്ട ഭൂമിയുടെ സർവേ നമ്പറുകൾ വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്.
ഭൂമിയേറ്റെടുക്കൽ, പുനരധിവാസം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശത്തിനും സുതാര്യതയ്ക്കും വേണ്ടിയാണ് സാമൂഹികാഘാത പഠനം (എസ്.ഐ.എ) നടത്തുകയെന്ന് ജനുവരിയിൽ പുറത്തിറക്കിയ മറ്റൊരു വിജ്ഞാപനത്തിൽ പറയുന്നു. പദ്ധതിയിൽ അന്തിമതീരുമാനം കൈക്കൊള്ളാനുള്ള മുന്നൊരുക്കം മാത്രമാണ് എസ്.ഐ.എ എന്നിരിക്കെ തിരുവനന്തപുരം ജില്ലയിൽ 130.6452 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ നിർദേശം നൽകിയതായി വിജ്ഞാപനം വിശദീകരിക്കുന്നു. 2021 ഓഗസ്റ്റ് എട്ടിന് റവന്യൂ വകുപ്പ് ഇറക്കിയ മറ്റൊരു ഉത്തരവിൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം വ്യക്തമാണ്. സിൽവർ ലൈൻ പദ്ധതിക്കായി എറണാകുളത്ത് ഒരു സ്‌പെഷൽ ഡെപ്യൂട്ടി കലക്ടറും ഓഫിസും 11 ജില്ലകളിലായി 11 സ്‌പെഷൽ തഹസിൽദാർമാരെയും ലാൻഡ് അക്വിസിഷൻ ഓഫിസുകളും അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ വില്ലേജുകളിലായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
റവന്യൂവകുപ്പ് ഇറക്കിയ ഈ ഉത്തരവിന്റെ അവസാനഭാഗത്ത് 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചുള്ള നടപടി തുടങ്ങുക റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കുശേഷം മാത്രമെന്നാണ് പറയുന്നത്. ഈ ഉത്തരവിറക്കി രണ്ടുമാസം കഴിഞ്ഞാണ് ഒക്ടോബറിലെ വിജ്ഞാപനം വന്നത് . മാത്രമല്ല, കേന്ദ്രാനുമതിക്ക് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങൂവെന്നുള്ള സർക്കാർ പിടിവള്ളിയാക്കുന്ന ഉത്തരവിൽ തന്നെ ഭൂമിയേറ്റെടുക്കാൻ സ്‌പെഷൽ ഡെപ്യൂട്ടി കലക്ടറെയും 11 സ്‌പെഷൽ തഹസിൽദാർമാരെയും നിയമിച്ചതും ദുരൂഹതയ്ക്കിടയാക്കുന്നു. എന്നാൽ, ഭൂമിയേറ്റെടുക്കൽ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തിൽ സർവേയുടെ ഉദ്ദേശ്യം വ്യക്തമാക്കിയത് സാങ്കേതിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."