'അവരെ അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കാന്‍ അനുവദിക്കൂ' ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി മിസ് യൂണിവേഴ്സ്
മുംബൈ: ഹിജാബ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള വിമര്‍ശനങ്ങളെ അപലപിച്ച് മിസ് യൂണിവേഴ്സ് ഹര്‍നാസ് സന്ധു. 2021ലെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് മാധ്യമപ്രവര്ത്തകന് സന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു. ചോദ്യത്തോട് സന്ധു പ്രതികരിക്കുന്നതിന് മുന്‍പുതന്നെ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന സന്ധുവിന്റെ യാത്രയെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു.
'ഹര്‍നാസിനെ പ്രതികരിക്കാന്‍ അനുവദിക്കൂ എന്ന് മാധ്യമപ്രവര്ത്തകന് ആവശ്യപ്പെട്ടു. ഇതോട അവര്‍ ക്ഷുഭിതയായി.
'എന്തുകൊണ്ടാണ് എപ്പോഴും നിങ്ങള്‍ പെണ്‍കുട്ടികളെ മാത്രം ഉന്നം വെക്കുന്നത്? ഇപ്പോള്‍ നിങ്ങളുടെ ലക്ഷ്യം ഞാനാണ്. ഹിജാബിന്റെ വിഷയത്തില്‍ പോലും പെണ്‍കുട്ടികളെയാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നത്. പെണ്‍കുട്ടികള്‍ അവരാഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കട്ടെ. അവരുടെ ലക്ഷ്യത്തിലെത്തട്ടെ. അവരെ പറക്കാന്‍ അനുവദിക്കൂ. അവരുടെ ചിറകുകള് മുറിച്ചുമാറ്റാതിരിക്കൂ. ആരുടെയങ്കിലും ചിറകുകള് മുറിച്ചുമാറ്റണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം ചിറകുകകള്‍ മുറിച്ചുമാറ്റിയാല്‍ മതി.' സന്ധു പറഞ്ഞു.
അതിനുശേഷം തന്റെ ജീവിതത്തില്‍ താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കണമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."