ഒരു ഡോക്യുമെന്ററിയെ എന്തിനു ഭയക്കണം?
കെ.സുധാകരൻ എം.പി
മതേതരത്വത്തിൽ അധിഷ്ഠിത ശക്തമായ ജനാധിപത്യ അടിത്തറ രാജ്യത്ത് പടുത്തുയർത്തിയത് കോൺഗ്രസാണ്. എല്ലാവരെയും ഒരുമിച്ചുനിർത്തി മതസൗഹാർദം സംരക്ഷിക്കുന്ന നയങ്ങളും നടപടികളുമാണ് കോൺഗ്രസ് ഭരണകൂടം സ്വീകരിച്ചത്. എന്നാൽ ബഹുസ്വരതയും മതേതരത്വവും തകർത്ത് അശാന്തി പടർത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെ പ്രഖ്യാപിത നയമാണ്. ആ പരീക്ഷണശാലയിൽ വിജയകരമായി സംഘ്പരിവാർ ആസൂത്രണം ചെയ്തതായിരുന്നു ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. നിസഹായരും നിഷ്‌കളങ്കരുമായ മുസ്‌ലിം സഹോദരങ്ങളെ വർഗീയ വെറിപൂണ്ട സംഘ്പരിവാർ കോമരങ്ങൾ ചുട്ടെരിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാൻ ഗംഗാജലം മുഴുവൻ ഉപയോഗിച്ചാലും കഴിയില്ല.
നിയമവും നീതിയും നോക്കുകുത്തിയാക്കി നരാധമൻമാരായ ആർ.എസ്.എസ്, സംഘ്പരിവാർ ശക്തികൾ ന്യൂനപക്ഷത്തിന് മേൽ തേരോട്ടം നടത്തിയ ആ ദിനങ്ങൾ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. ആയിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളുടെ വിലാപം ഗുജറാത്തിന്റെ മണ്ണിൽ രണ്ടു ദശാബ്ദം കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. മോദിയും അമിത്ഷായും ഇപ്പോൾ കോടികൾ പൊടിച്ച് കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന പ്രതിച്ഛായയെ കാലമെത്ര കഴിഞ്ഞാലും അത് വേട്ടയാടിക്കൊണ്ടിരിക്കും. ഇതെല്ലാം ചരിത്രപരമായ വസ്തുതകളാണ്. ഇത് നമ്മുടെ പിൻതലമുറ അറിയണം. അതിൽ അരിശംപൂണ്ടിട്ട് കാര്യമില്ല.
കുടുംബത്തിലെ പുരുഷൻമാരെ അതിക്രൂരമായി കൊന്നുതള്ളിയും സ്ത്രീകളെ ബലാത്സംഗം ചെയ്തും ഗുജറാത്തിൽ നടത്തിയ അതിക്രമങ്ങൾക്ക് സമാനതകളുള്ളത് ഹിറ്റ്‌ലറുടെ ജർമനയിലാണ്. തന്റെ മാറിൽ ഭയന്ന് വിറച്ചു മുഖംപൊത്തി കരഞ്ഞ മൂന്ന് വയസുകാരി സ്വാലിഹ എന്ന പിഞ്ചു കുഞ്ഞിനെ പാറക്കല്ലിലെറിഞ്ഞു കൊന്നശേഷമാണ് ബൽക്കീസ് ബാനുവിനെ സംഘ്പരിവാറുകാർ 22 തവണ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ഇതിൽ ഉൾപ്പെട്ട 11 പ്രതികളുടെ ശിക്ഷ ഇളവുചെയ്ത് കൊടുക്കുകയും അവരെ ആർപ്പുവിളിച്ചു സ്വീകരിക്കുകയും ചെയ്ത ചരിത്രവും ഇവർക്കു സ്വന്തം. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം ക്രൂരതകളുടെ പരമ്പര തീർത്തുകൊണ്ടാണ് കലാപകാരികൾ ഗുജറാത്തിലെ തെരുവുകളിൽ അഴിഞ്ഞാടിയത്. നീതിയും നിയമവും പാലിക്കേണ്ട സർക്കാർ കലാപകാരികൾക്ക് വേണ്ട ഒത്താശ ചെയ്തുകൊടുത്തു.
കൊലവിളി മുഴക്കിയെത്തിയ കലാപകാരികളെ ഭയന്ന് ഓവുചാലിൽ ഒളിച്ച നിരപരാധികളായ മുസ്‌ലിം സഹോദരങ്ങളെ കലാപകാരികൾക്ക് കാണിച്ചുകൊടുത്തത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പൊലിസുകാരാണ്. ഓവുചാലുകൾക്ക് മുകളിൽ സ്ലാബിട്ടു മൂടി മുകളിൽ ഭാരിച്ച കല്ലുകൾ വയ്ക്കുകയാണ് കലാപകാരികൾ ചെയ്തത്. എട്ടുപേരാണ് അന്ന് അവിടെ മരിച്ചുവീണത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതകൾക്ക് നേതൃത്വം നൽകിയത് സംഘ്പരിവാർ മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ്. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വംശഹത്യയുടെ ചരിത്രം വരുംതലമുറയുടെ കൺമുന്നിലെത്തുന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ചരിത്രം വളച്ചൊടിച്ചും അപനിർമിച്ചും തലമുറകളെ തെറ്റിദ്ധരിപ്പിച്ചും രാജ്യം ഭരിക്കുന്ന ബി.ജെ.പി നേതൃത്വം നൽകിയ ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ലോകമറിയുന്നതിൽ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ മാധ്യമങ്ങളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും നിലയ്ക്ക് നിർത്തിയതുപോലെ ഒരു വിദേശ മാധ്യമത്തോട് ചെയ്യാൻ കഴിയാത്തതിനാലാണ് ബി.ബി.സിയിലൂടെ ഗുജറാത്തിലെ സത്യങ്ങൾ പുറത്തുവന്നത്. ഈ നാടിന്റെ ഇതുവരെയുള്ള ചരിത്രം തുറന്ന പുസ്തകമാണ്. അതിൽനിന്ന് ഗുജറാത്ത് വംശഹത്യയുടെ ഏട് മായ്ച്ചുകളഞ്ഞാൽ ചരിത്രം അപൂർണമാകും.
ഗുജറാത്ത് കലാപ സമയത്ത് രാജ്യധർമം പാലിക്കപ്പെട്ടില്ലെന്ന് വിമർശനം ഉയർത്തിയ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ തള്ളിപ്പറയാൻ മോദിക്കും അമിത്ഷായക്കും കഴിയുമോ? നിയമസംവിധാനത്തെ മുഴുവൻ നിഷ്‌ക്രിയമാക്കി ന്യൂനപക്ഷ ഉന്മൂലനത്തിനായി ഇറങ്ങിപ്പുറപ്പെട്ട നിങ്ങളുടെ ഭൂതകാല ചരിത്രം ബി.ബി.സി ഡോക്യുമെന്ററിയിലൂടെ വിവരിക്കുമ്പോൾ എന്തിനാണിത്ര അസഹിഷ്ണുത?
ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ച് കാട്ടുന്ന ഡോക്യുമെന്ററിയാണ് ബി.ബി.സി പുറത്തുവിട്ടത്. 2002 ലെ ഗുജറാത്ത് വംശഹത്യയ്ക്ക് വഴിയൊരുക്കിയ അക്രമങ്ങൾ സംഘ്പരിവാർ ശക്തികൾ മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഗോധ്രയിലെ ട്രെയിൻ തീവെപ്പ് അതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം ചരിത്ര വസ്തുതകളാണ്. എത്ര വെള്ളപൂശിയാലും സത്യം ഒരുനാൾ പുറത്തുവരികതന്നെ ചെയ്യും. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുജറാത്തിൽ നടന്ന നരവേട്ടയാണ് ഡോക്യുമെന്റി പ്രതിപാദിക്കുന്നത്. ആ ഭൂതകാലം ഓർമിക്കാനുള്ള ഭയം മൂലമാണ് ഡോക്യുമെന്ററിക്കെതിരേ സംഘ്പരിവാരങ്ങൾ ഇറങ്ങിത്തിരിച്ചത്. സംഘശക്തികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതണ്ട. നരേന്ദ്രമോദിയും ബി.ജെ.പി ഭരണകൂടവും സംഘ്പരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബി.ബി.സിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അത് കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരേ പ്രതികരിച്ച എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും കൊന്നുതള്ളിയതും പൗരത്വഭേദഗതി നിയമം അടിച്ചേൽപ്പിക്കാൻ തുനിഞ്ഞതും ഭക്ഷണത്തിന്റെ പേരിൽ ഭീതിപടർത്തുന്നതും ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കുന്നതിനാണ്. ഗുജറാത്ത് വംശഹത്യയിൽനിന്ന് രക്ഷപ്പെടാൻ ജീവനുംകൊണ്ട് പലായനം ചെയ്തത് പതിനായിരക്കണക്കിന് മുസ്‌ലിം സഹോദരങ്ങളാണ്. ഗുജറാത്തിലെ മുസ്‌ലിംകൾക്ക് അർഹ പരിഗണന നൽകാൻ ഇന്നും ബി.ജെ.പി ഭരണകൂടം തയാറാകാത്തതും സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധതയ്ക്ക് തെളിവാണ്. സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളിയെ സധൈര്യം നേരിടാനും ചെറുത്തു തോൽപ്പിക്കാനും കോൺഗ്രസ് ആശയങ്ങൾക്ക് മാത്രമേ സാധിക്കൂ.
ബി.ജെ.പിയെ മാത്രമായി വിമർശിക്കാൻ ഭയന്ന് കോൺഗ്രസിനെക്കൂടി വിമർശിച്ചേക്കാം എന്ന് കരുതുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയോട് പറയാനുള്ളത്, മൃദുഹിന്ദുത്വംകൊണ്ട് സ്വന്തം അസ്തിത്വം അരക്കിട്ട് ഉറപ്പിച്ചത് സി.പി.എമ്മാണ്. ബി.ജെ.പിയുടെ ഔദാര്യംകൊണ്ട് രാഷ്ട്രീയം തുടർന്നുകൊണ്ടുപോകുന്ന പാർട്ടിയും നേതാവും ഭരണകൂടവും ഏതെന്ന് സ്വയം പരിശോധന നടത്തിയശേഷം എനിക്കെതിരേ വിമർശനം ഉന്നയിച്ചാൽ മതി. ലാവ്‌ലിൻ കേസ് അനന്തമായി നീളുന്നതും മുഖ്യമന്ത്രിതന്നെ പ്രതിസ്ഥാനത്ത് വരേണ്ട സ്വർണക്കടത്ത് കേസ് ആവിയായതും മൃദുഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയതിന്റെ ഫലമായിട്ടല്ലേ? മൃദുഹിന്ദുത്വം എന്ന് നാഴികയ്ക്ക് നാൽപതുവട്ടം വിളിച്ചുപറഞ്ഞ്, ബി.ജെ.പിയിലേക്ക് അണികളെ റിക്രൂട്ട് ചെയ്യുന്ന പണി സി.പി.എമ്മും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇനിയെങ്കിലും നിർത്തണം. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വാരണാസിപോലും ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായിരുന്നുവെന്ന് സമയം കിട്ടിയാൽ അണികൾക്ക് താങ്കൾ പറഞ്ഞുകൊടുക്കണം. ബംഗാളിലെയും ത്രിപുരയിലെയും സഖാക്കൾ പാർട്ടി ഓഫിസുകൾ അടക്കം എങ്ങനെയാണ് തീവ്രഹിന്ദുത്വത്തിൽ ലയിച്ചുചേർന്നതെന്നും വർഗീയ വിഷം തുപ്പി നടക്കുന്നതിനിടയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പരിശോധിക്കേണ്ടതാണ്.
വിദേശ മാധ്യമം പുറത്തുവിടുന്നു എന്നതുകൊണ്ടുമാത്രം ഒരു ഡോക്യുമെന്ററിയെ രാജ്യവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മാധ്യമധർമത്തിന്റെ അടിസ്ഥാനമൂല്യം മാനവികതയാണ്. അതിനു രാജ്യാതിർത്തികൾ ബാധകമല്ല. അധികാരം ഉപയോഗിച്ച് അന്വേഷണ റിപ്പോർട്ടുകൾ അട്ടിമറിച്ച് എത്ര 'ക്ലീൻ ചിറ്റുകൾ' നേടിയാലും മായ്ച്ചുകളയാൻ കഴിയുന്നതല്ല ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ നരേന്ദ്ര മോദി മറന്നുപോകാൻ പാടില്ലാത്ത ഭരണഘടനാ തത്വമുണ്ട്; പത്രപ്രവർത്തനം നടത്താനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിൽ മാത്രമല്ല സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിലുമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മാധ്യമസ്വാതന്ത്ര്യം വേരൂന്നിയിരിക്കുന്നത്. അത് ലംഘിക്കുമ്പോൾ വെല്ലുവിളിക്കപ്പെടുന്നത് ജനങ്ങളുടെ പരമാധികാരമാണ്.
(കെ.പി.സി.സി പ്രസിഡന്റാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."