എപ്പോഴും മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിക്കുന്നത്, അല്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം- ചെന്നിത്തല
തിരുവനന്തപുരം: ബന്ധുനിയമനം നടത്തിയെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി.കെ.ടി ജലീലിനെ തത്സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. കുറച്ചെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് രാജി വയ്ക്കാന്‍ പറയണം. അല്ലെങ്കില്‍ പുറത്താക്കണം.ലോകായുക്തയുടെ വിധി നടപ്പിലാക്കാന്‍ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."