ഖജനാവ് നിറയ്ക്കാൻ മദ്യമൊഴുക്കും
അൻസാർ മുഹമ്മദ്
തിരുവനന്തപുരം
കടം കൊണ്ട് മൂടിയ കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ കൂടുതൽ മദ്യശാലകൾ തുറന്നും ഐ.ടി പാർക്കുകളിൽ ബാർ റസ്റ്ററന്റുകൾക്ക് അനുമതി നൽകിയും വീര്യംകുറഞ്ഞ മദ്യ ഉൽപാദനത്തിനും വിതരണത്തിനും അനുമതി നൽകിയും ഇടതു സർക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ പച്ചക്കൊടി. രണ്ടാം പിണറായി സർക്കാരിന്റെ പുതിയ മദ്യനയം നാളെ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് എല്ലായിടത്തും മദ്യമൊഴുകും.
ടെക്‌നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ ബാർ സൗകര്യത്തോടുകൂടിയ റസ്റ്ററന്റുകളായിരിക്കും വരിക. കമ്പനി ഉദ്യോഗസ്ഥർക്കു മാത്രമായി ഇവിടത്തെ പ്രവേശനം പരിമിതപ്പെടുത്തും. 10 വർഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ.ടി സ്ഥാപനങ്ങൾക്കാകും ലൈസൻസ് നൽകുക.
ബിവറേജസ് കോർപറേഷന് കൂടുതൽ ഔട്ട്‌ലറ്റുകൾ ആരംഭിക്കാനും അനുമതിയായി. 170 ഔട്ട്‌ലറ്റുകൾ ആരംഭിക്കണമെന്ന നിർദേശമാണ് കോർപറേഷൻ മുന്നോട്ടു വച്ചിരുന്നത്. സ്ഥലസൗകര്യമുള്ളയിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലറ്റുകൾ ആരംഭിക്കാൻ അനുമതി നൽകും. ടൂറിസം മേഖലകളിൽ കൂടുതൽ ഔട്ട്‌ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. നിലവിൽ കോർപറേഷന് 400ഓളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുണ്ട്.
ധാന്യമൊഴിച്ചുള്ള കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ പല കാർഷിക വിളകളിൽനിന്നും വീര്യംകുറഞ്ഞ മദ്യം ഉൽപാദിപ്പിക്കുന്നതിനാണ് നയത്തിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപാദിപ്പിക്കുന്നതും ബിവറേജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കൂടുതൽ ബ്രൂവറി ലൈസൻസ് അനുവദിക്കാനും മദ്യനയത്തിൽ അനുമതി നൽകി.
അതേസമയം, ബാർ ലൈസൻസ് അനുവദിക്കുന്നതിൽ നിലവിലുള്ള നിയമം മാറ്റേണ്ടെന്നും തീരുമാനിച്ചു. 3 സ്റ്റാർ മുതൽ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കാണ് സംസ്ഥാനത്ത് ബാർ ലൈസൻസ് നിലവിൽ അനുവദിക്കുന്നത്. 2023-24 വർഷം മുതൽ പ്ലാസ്റ്റിക് നിർമിത കുപ്പികളിൽ മദ്യം വിതരണം ചെയ്യാൻ അനുവദിക്കില്ല. കള്ളുചെത്ത് വ്യവസായ വികസന ബോർഡ് അടുത്തവർഷം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. മദ്യഉൽപാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങൾ കെ.എസ്.ബി.സി ആരംഭിക്കുമെന്നും മദ്യനയത്തിൽ പറയുന്നു.കൂടാതെ, എല്ലാ മാസവും ആദ്യ ദിവസം ഡ്രൈ ഡേ തുടരാനും തീരുമാനിച്ചു. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റം മലബാർ ഡിസ്റ്റിലറിയിൽ കൂടി ഉൽപാദനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."