വാഴുന്നവരും വീഴുന്നവരും
ജാലകം
പി.കെ പാറക്കടവ്
ഒരു സെൻബുദ്ധിസ്റ്റ് കഥയുണ്ട്. ഒരു സന്യാസി രാജാവിന്റെ കൊട്ടാരത്തിലെത്തുന്നു. പ്രത്യേക ആകൃതിയിലുള്ള വ്യത്യസ്ത ഭിക്ഷാപാത്രമാണ് സന്യാസിയുടെ കൈയിലുള്ളത്. രാജാവ് സ്വർണ നാണയം ആ ഭിക്ഷാപാത്രത്തിലിടുന്നു. ഉടനെത്തന്നെ ആ സ്വർണ നാണയം അപ്രത്യക്ഷമാകുന്നു. രണ്ടു സ്വർണ നാണയം പാത്രത്തിലിടുന്നു. അതും അപ്രത്യക്ഷമാകുന്നു. വാശിയോടെ രാജാവ് സ്വർണ നാണയങ്ങൾ ഒന്നായി ഭിക്ഷാപാത്രത്തിലിട്ടിട്ടും ഉടനെത്തന്നെ അവയത്രയും അപ്രത്യക്ഷമാകുന്നതാണ് രാജാവ് കാണുന്നത്. രാജാവ് സന്യാസിയോട് ചോദിക്കുന്നു. 'എന്താണിതിന്റെ രഹസ്യം?' സന്യാസി പറയുന്നു: ' രാജാവേ, ഇത് മനുഷ്യന്റെ തലയോട്ടികൊണ്ട് സൃഷ്ടിച്ച ഒരു ഭിക്ഷാപാത്രമാണ്'.
മനുഷ്യന് എത്ര കിട്ടിയാലും ആർത്തി അവസാനിക്കുന്നില്ലെന്ന് ഈ സെൻബുദ്ധിസ്റ്റ് കഥ. അധികാരത്തോടും പണത്തോടും മനുഷ്യന്റെ ആർത്തി പ്രസിദ്ധമാണ്. അധികാരത്തിന്റെ പിറകെയാണ് ഇന്ന് സകലരും. അധികാരമോഹിയായ ഏതു മനുഷ്യനിലും സമുദായദ്രോഹി പതിയിരിക്കുന്നുണ്ടെന്ന് പ്രശസ്ത ചിന്തകനായ എം. ഗോവിന്ദൻ നിരീക്ഷിച്ചത് എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പാണ്.
പ്രലോഭനങ്ങളുണ്ടായാലും അധികാരത്തിൽനിന്ന് അകന്നുനിൽക്കാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ. കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ പ്രധാനമന്ത്രിപദം ഒഴിഞ്ഞ ജസീന്ത ആൻഡേൻ പറഞ്ഞു: 'ഏറെ കാലത്തിനുശേഷം ഞാൻ നന്നായി ഉറങ്ങി'. നമ്മുടെ നാട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാൽ ഉറക്കം നഷ്ടപ്പെടുന്നവരാണ് ഏറെയും.
അധികാര മോഹം കൊടുമ്പിരികൊള്ളുന്ന കുറേ മനസുകൾ മാറിയതുകൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹൃതമാവില്ലെന്നും അധികാരത്തിന്റെ മിശിഹകളുടെ തിരു അവതാരം പ്രതീക്ഷിച്ചുവാഴുന്ന സമൂഹശാസ്ത്രത്തിലും മാറ്റം വരണമെന്നും എം. ഗോവിന്ദൻ നിരീക്ഷിക്കുന്നുണ്ട്. കാലം മാറിയതോടെ അധികാരത്തിന് സ്തുതി പാടുന്ന ഒരുവിഭാഗം മാറാതെ നിൽക്കുന്നു എന്നല്ല, കൂടുതൽ ശക്തമായി നിലകൊള്ളുന്നു എന്നതാണ് സത്യം. വാഴുന്നവന്റെ കൈകൾക്ക് വളകളിടുവിക്കാനും വാഴുന്നവനുവേണ്ടി എന്തു വിളയാട്ടങ്ങൾ നടത്താനും തയാറായ ഒരു വിഭാഗം ഇന്നും നമ്മുടെ നാട്ടിലുണ്ട്. സംഘടിത രാഷ്ട്രീയ കക്ഷികൾ അധികാരത്തോട് പലപ്പോഴും രാജിയാവുന്നത് നാം കാണാറുണ്ട്. ചിലപ്പോഴെങ്കിലും നമ്മുടെ ബുദ്ധിജീവികളും കലാകാരന്മാരും കുറ്റകരമായ മൗനംകൊണ്ട് അധികാരത്തിലിരിക്കുന്നവരുടെ കോപത്തിൽനിന്ന് രക്ഷ നേടുന്നതും നമുക്കറിയാം.
പലപ്പോഴും തോന്നിയിട്ടുണ്ട് ഇന്ന് ഇന്ത്യ ഭരിക്കുന്ന കക്ഷിക്ക് കേരളത്തിൽ കുറേ സീറ്റുകൾ ലഭിക്കുകയും ഇന്നത്തെ കേന്ദ്ര ഭരണം നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ പുരോഗമന മതേതരത്വം പറയുന്ന നമ്മുടെ എഴുത്തുകാരിലെയും ബുദ്ധിജീവികളിലെയും നല്ല വിഭാഗം കളം മാറ്റി ചവിട്ടും. അധികാരത്തോടൊട്ടി നിൽക്കാൻ കുറേ കാരണങ്ങളും അവർ കണ്ടെത്തും.
ബ്യൂറോക്രസി അധികാരത്തിന്റെ മറ്റൊരു രൂപമാണ് മൂന്നാം ലോക രാജ്യങ്ങളിലത്രയും. നമ്മുടെ നാട്ടിൽ മന്ത്രിമാർ എത്ര ഗീർവാണ പ്രസംഗങ്ങൾ നടത്തിയാലും ഫയലുകൾ വച്ചു താമസിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടി തുടർന്നുകൊണ്ടേയിരിക്കുന്നു. സർക്കാർ ഓഫിസിന്റെ പടികൾ നിരന്തരം കയറിയിറങ്ങാൻ വിധിക്കപ്പെട്ടവനാണ് ഇന്നത്തെ പൗരൻ. ഇതിന്റെ വേറൊരു വശം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സ്ഥിതിയും നമ്മുടെ നാട്ടിൽ ദയനീയമാണ്. ജനപ്രതിനിധികൾ നാടുവാഴികളല്ല എന്ന് ജനപ്രതിനിധികളും ജനപ്രതിനിധികൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് എന്ന് ഉദ്യോഗസ്ഥരും മനസിലാക്കണം. നീതി എല്ലാവർക്കും ഒരേപോലെയാകണം.
രണ്ടാഴ്ച മുമ്പ് നമ്മുടെ പത്രങ്ങളിൽ ആരും ശ്രദ്ധിക്കാതെപോയ ഒരു വാർത്തയുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ സഞ്ചരിച്ച സംഭവത്തിൽ ബ്രട്ടിഷ് പ്രധാനമന്ത്രി ഋഷി സുനികിന് ലങ്കാഷയർ പൊലിസ് പിഴ ചുമത്തി. കേസ് കോടതിയിലെത്തും മുമ്പ് പിഴയടക്കുകയാണെങ്കിൽ പതിനായിരത്തോളം രൂപയും കോടതിയിലെത്തിയാൽ അമ്പതിനായിരം രൂപയുമായിരിക്കും പിഴയടക്കേണ്ടി വരികയെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ സുനക് നേരത്തെ മാപ്പ് പറഞ്ഞു. ഇത് ഇന്ത്യാ രാജ്യത്തായിരുന്നെങ്കിലോ?
നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരുടെ വീടുകൾ ബുൾഡോസറുകളുപയോഗിച്ച് നീക്കുന്ന ഒരു നാട്ടിലിരുന്ന് നമ്മളിതൊക്കെ പറയുന്നു.
കഥയും കാര്യവും
തത്തക്കൂട് പോലെ മനുഷ്യക്കൂടുമുണ്ട്. ഭരണാധികാരികൾ എത്ര മനുഷ്യരെയാണ് ചിറകുകളരിഞ്ഞ് കൂട്ടിലിട്ട് പാലും പഴവും നൽകി വളർത്തുന്നത്.
അവർ ചിറകടിക്കുന്നേയില്ല(ചിറകുകൾ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."