കൊയ്യോട് ഉസ്താദ്: കണ്ണൂരിൻ്റെ കർമകാണ്ഡം
കൊയ്യോട് പി.പി ഉമർ മുസ് ലിയാർ
ജീവിതകാലം ക്രിയാത്മകമായി ക്രമപ്പെടുത്തുകയും പിൽക്കാല സമൂഹത്തിന് തലമുറകൾതോറും ഫലം നുകരാൻ പാകത്തിൽ പ്രവർത്തിക്കുകയും ചെയ്ത ജീവിതങ്ങളെയാണ് കാലം വായിക്കുക. സാധാരണയിൽക്കവിഞ്ഞ ഉത്തരവാദിത്വനിർവഹണ ദൗത്യവുമായി വിരാജിക്കുകയും സമുദായത്തിന്റെ സമുദ്ധാരണത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്തവരെ നന്ദിപൂർവം ഓർക്കുക എന്നത് പരോപകാര ബോധമുള്ള സമൂഹത്തിൻ്റെ ബാധ്യതയാണ്.
അവിഭക്ത കണ്ണൂരിൽ സമസ്തയുടെ ഏറ്റവും സങ്കീർണ സമയത്ത് വ്യക്തിപ്രഭാവംകൊണ്ടും അഗാധജ്ഞാനം കൊണ്ടും നിറഞ്ഞാടിയ വ്യക്തിത്വമായിരുന്നു പിതാവ് കൊയ്യോട് ഉസ്താദ് എന്ന കൊയ്യോട് മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ. പ്രവർത്തന മികവുകൊണ്ട് സേവനം അനുഷ്ഠിച്ച നാടുതന്നെ മേൽവിലാസമായ അപൂർവം വ്യക്തികളിൽ ഒരാൾ. കണ്ണൂർജില്ലാ സമസ്തയുടെ കാരണവരും പല മഹല്ലുകളുടെയും നാമ്പും നട്ടെല്ലുമായിരുന്നു അദ്ദേഹം. ചെങ്ങളായിക്കടുത്തുള്ള തേർളായി എന്ന ഗ്രാമത്തിലാണ് 1916ൽ സൂഫീവര്യൻ അബൂബക്കർ മുസ് ലിയാരുടെയും ആലക്കണ്ടി സൈനബയുടെയും മകനായി അദ്ദേഹം ജനിക്കുന്നത്. ബാല്യകാലത്തുതന്നെ പിതാമഹൻ ഉമ്മർകുട്ടി ഹാജിയിൽ നിന്ന് പ്രാഥമിക പഠനം പൂർത്തിയാക്കി. രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടെങ്കിലും കൂടെക്കൂട്ടിയ പിതാമഹൻ, ശിക്ഷണത്തിൽ വലിയ താത്പര്യം കാണിച്ചു.അവരുടെ കീഴിൽ മാട്ടൂൽ, ചിത്താരി,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽവച്ച് അറിവ് നുകർന്നു.
ചെറുപ്പത്തിൽ തന്നെ ദീനീവിജ്ഞാനത്തിലും പ്രസംഗ കഴിവിലും സംഘാടനാ വ്യവഹാരങ്ങളിലും വേറിട്ട വ്യക്തിത്വമായിരുന്നു. ശംസുൽ ഉലമയുടെ ശിഷ്യത്വം സ്വീകരിക്കുന്നത് തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്‌ലാമിൽ വെച്ചാണ്. അവിടം മുതൽ ഉത്തരമലബാറിന്റെ ആശയപ്രചാരണങ്ങൾക്ക് നെടുനായകത്വം വഹിക്കുംവരെ ശൈഖുനാ ഇൗ ശിഷ്യനെ ഒപ്പംചേർത്തു. നാറാത്ത്, ചെറിയാക്കര, തുരുത്തി തുടങ്ങിയ ഇടങ്ങളിൽ പഠനശേഷം അധ്യാപനം നടത്തുകയും സാമൂഹിക സേവന ദൗത്യം ആരംഭിക്കുകയും ചെയ്തു.
കൊയ്യോടിന്റെ ചരിത്രമെന്നാൽ ഉസ്താദിന്റെ ചരിത്രമാണ്. 1959 ൽ കണ്ണൂർ കൊയ്യോടിലെ സേവന കാലമാണ് ആ മഹത് ജീവിതത്തെ കൂടുതൽ പ്രഫുല്ലമാക്കിയത്. മഹല്ലിന് കീഴിൽ മുസ് ലിം മാനേജ്‌മെന്റ് സ്‌കൂളിന്റെ സംസ്ഥാപനത്തിനുവേണ്ടി നിലകൊള്ളുകയും ജോലിയവസരങ്ങളിൽ അർഹ പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. സർക്കാർ ആനുകൂല്യങ്ങൾ പ്രദേശവാസികൾക്ക് ലഭ്യമാവുന്നു എന്ന് ഉറപ്പുവരുത്താൻ മാത്രം കർമനിരതയുടെ വേറിട്ട ജീവചരിത്രമാണ് കൊയ്യോട് ഉസ്താദ്.
കേരളത്തിലെ സംഘടനാ ഇസ്‌ലാമിക ഭൂമികയുടെ പെട്ടെന്നുള്ള വികാസ കാലഘട്ടമായി ശംസുൽ ഉലമയുടെ കാലം സ്മരിക്കപ്പെടുന്നുവെങ്കിൽ ആ അജയ്യ നായകന് കരുത്തുറ്റ പിൻബലമേകിയ പ്രാസ്ഥാനിക സഹചാരിയായിരുന്നു ഉസ്താദ്. ആശയപ്പോരാട്ടത്തിന്റെയും പ്രചരണപ്രവർത്തനങ്ങളുടെയും പ്രഫുല്ലമായ 1980കളിൽ വടക്കേ മലബാറിൽ സമസ്തയെ വേരുറപ്പിക്കാൻ ശംസുൽ ഉലമക്കൊപ്പം നിന്ന് ഊരുകറങ്ങിയും കനൽപഥങ്ങൾ താണ്ടിയും അത്യധ്വാനം ചെയ്ത മഹാപുരുഷൻ. ഇടപെടലുകളിലെ പക്വതയാർന്ന തീർപ്പുകൾ കണ്ട് പല സന്ദർഭങ്ങളിലും ഖാസിയായി ശംസുൽ ഉലമ നിർദേശിച്ചിരുന്നു. ശൈഖുനായുടെ നിർദ്ദേശത്തിലാണ് സമസ്തയുടെ കേന്ദ്രമുശാവറയിലേക്കും തുടർന്ന് കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റായ സമസ്തയുടെ വൈ:പ്രസിഡന്റ് സ്ഥാനത്തേക്കും നിയമിക്കപ്പെട്ടത്.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ അക്കാദമിക വിഷയങ്ങളിലെ സമ്പൂർണാധികാരം സമസ്ത മുശാവറക്ക് സ്ഥാപിക്കുന്നതിൽ ഉസ്താദിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. പ്രമുഖ കേന്ദ്രങ്ങളിലെല്ലാം തലയെടുപ്പുള്ള മത കലാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം പരിശ്രമിച്ചു. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ, കാസർകോട് ജാമിഅ സഅദിയ്യ, അൽമഖറസുന്നിയ്യ തളിപ്പറമ്പ് തുടങ്ങിയ വെളിച്ചം വീശുന്ന വിളക്കുമാടങ്ങൾക്ക് പിറവിയുടെ ഘട്ടത്തിൽ നേതൃപരമായ പങ്കുവഹിച്ചു. ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജിനെ ഉയർച്ചയിൽ കൈപിടിച്ചാനയിച്ചു. ജില്ലയിലെ സുന്നീ സംഘടനാ കേന്ദ്രമായ സമസ്ത ആസ്ഥാനം, കമ്പിൽ ലത്വീഫിയ്യ, തായിനേരി, തളിപ്പറമ്പ്, ചപ്പാരപ്പടവ്, വെങ്ങാട് എന്നിവിടങ്ങളിൽ അക്കാലത്ത് സ്ഥാപിച്ച ബോർഡിങ് മദ്റസകൾ- ഇവയൊക്കെ അദ്ദേഹത്തിന്റെ വിയർപ്പിൽ വിരിഞ്ഞതാണ്.
ജില്ലാ സമസ്തക്ക് കീഴിൽ നൽകി വരാറുള്ള മുതഅല്ലിം സ്‌കോളർഷിപ്പ് അദ്ദേഹത്തിന്റെ ചിന്തയിൽ ഉടലെടുത്തതാണ്. സമസ്ത വൈ:പ്രസിഡന്റ്, വിദ്യഭ്യാസബോർഡ് പ്രവർത്തക സമിതി അംഗം,പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം തുടങ്ങിയയുടെ പ്രവർത്തക സമിതി അംഗം,കൊയ്യോട്, പെരിങ്ങത്തൂർ സംയുക്ത ജമാഅത്ത് ഖാസി തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ജില്ലയിൽ പ്രത്യക്ഷപ്പെട്ട ശംസിയ്യ ത്വരീഖത്തുകാരൻ വ്യാജ ശൈഖിനെതിരിൽ ക്ഷണിക്കപ്പെടാത്ത പ്രഭാഷകനായി കടന്നു ചെല്ലുകയും ജുമുഅക്കു ശേഷം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെ ഈമാനിക രംഗത്തെ വലിയ ദുരന്തത്തിനാണ് ഉസ്താദ് സമാപ്തി കുറിച്ചത്. ഇങ്ങനെ എല്ലാ നിലക്കും സമുദായ സമുദ്ധാരണം മാത്രം സ്വപ്നം കണ്ട് നമുക്കും വരും തലമുറക്കും പ്രചോദനമായി കടന്നുപോയവരായിരുന്നു കൊയ്യോട് ഉസ്താദ്.
ഇടതടവില്ലാതെ ഓടിനടന്ന ആ കർമ്മയോഗി 1993 ജനുവരി നാലിനാണ് വിടവാങ്ങിയത്. ധന്യമായ ആ ജീവിതത്തെ കൂടുതൽ ഓർക്കാനും വാഴ്ത്താനും മുപ്പതാമത് ആണ്ടനുസ്മരണം ഫെബ്രുവരി 1,2 തീയതികളിൽ തളിപ്പറമ്പിലെ ചൊറുക്കളയിൽ നടക്കുകയാണ്.
(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."