മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് ചൈനീസ് പിന്തുണ തുടരുമെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്: ശക്തമായ ജനകീയ പ്രതിഷേധമുയരുമ്പോഴും മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് ചൈന നയതന്ത്ര, സൈനിക പിന്തുണ നല്‍കുന്നത് തുടരുമെന്ന് യൂറോപ്പ്-ഏഷ്യ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂച്ചി, പ്രസിഡന്റ് വിന്‍ മിന്റ് തുടങ്ങിയ മുതിര്‍ന്ന സിവിലിയന്‍ നേതാക്കളെ സൈനിക ഭരണകൂടം തടവിലാക്കുകയും ചെയ്തിരുന്നു. ചൈനയുടെ പരോക്ഷ പിന്തുണയോടെയാണ് ഈ നടപടികളെല്ലാം.
കഴിഞ്ഞ രണ്ട് വര്‍ഷമായി സൈന്യത്തിനെതിരേ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ടെങ്കിലും ചൈനയുടെ പിന്തുണ മ്യാന്‍മര്‍ ഭരണകൂടത്തിന് തുണയായി. പട്ടാള അട്ടിമറിക്ക് തൊട്ടുപിന്നാലെ, ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ ഈ സംഭവവികാസങ്ങളെ കാബിനറ്റ് പുനഃസംഘടനയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 11 മന്ത്രാലയങ്ങളിലേക്ക് ഒരു കൂട്ടം പുതിയ കേന്ദ്രമന്ത്രിമാരെ നിയമിച്ചു, 24 ഡെപ്യൂട്ടി മന്ത്രിമാരെ നീക്കം ചെയ്തുവെന്ന തരത്തില്‍ ഇതിനെ വ്യാഖ്യാനിച്ചത് മ്യാന്‍മറിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്. ബെയ്ജിങ് മ്യാന്‍മര്‍ സൈന്യത്തിന് നയതന്ത്ര പിന്തുണ നല്‍കിയെന്നും യൂറോപ്പ്-ഏഷ്യ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അന്താരാഷ്ട്ര സമൂഹം മ്യാന്‍മറിലെ സൈനിക ഭരണകൂടവുമായി സംവദിക്കാന്‍ മടിക്കുമ്പോള്‍, 2021ല്‍ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി ചൈനയിലെത്തി വിദേശകാര്യ മന്ത്രിയുമായി ആശയവിനിമയം നടത്തി. 2022 ജൂലൈയില്‍, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി മ്യാന്‍മര്‍ സന്ദര്‍ശിച്ചു. 2021 ഡിസംബറില്‍ ചൈന മ്യാന്‍മറിന് ഒരു 'മിങ്ക്ലാസ്' ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനി നല്‍കി. സൈനിക സഹായം ഉള്‍പ്പെടെ നല്‍കിയത് മ്യാന്‍മറിലെ ചൈനീസ് വിരുദ്ധ വികാരം രൂക്ഷമാക്കിയെന്നും യൂറോപ്പ്-ഏഷ്യ ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."