ബി.ജെ.പി യു.ഡി.എഫിന് വോട്ടുമറിച്ചെന്ന് ജോസ് വിഭാഗത്തിന് ആശങ്ക, മുന്‍കൂര്‍ ജാമ്യമെന്ന് യു.ഡി.എഫ്
കോട്ടയം: അഭിമാന പോരാട്ടം നടന്ന പാലായിലടക്കം ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് വ്യാപകമായി പോയെന്ന ആശങ്കയില്‍ കേരള കോണ്‍ഗ്രസ് (എം). ജോസിന്റേത് തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് തിരിച്ചടിച്ചു യു.ഡി.എഫ്. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് ചോര്‍ന്നെന്ന ആരോപണം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയാണ് ഉയര്‍ത്തിയത്. ബി.ജെ.പി വോട്ടു മറിച്ചെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജോസ് കെ. മാണിയെയും കൂട്ടരെയും പരാജയഭീതി വിട്ടൊഴിയുന്നില്ല. വോട്ടു മറിക്കലിനെ ചൊല്ലി എന്‍.ഡി.എയില്‍ ബി.ജെ.പി - ബി.ഡി.ജെ.എസ് കക്ഷികള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് കേരള കോണ്‍ഗ്രസും (എം) രംഗത്തെത്തിയത്.
മാണി സി. കാപ്പനും ജോസ് കെ. മാണിയും ഏറ്റുമുട്ടിയ പാലായ്ക്ക് പുറമേ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്ന ആരോപണം കേരള കോണ്‍ഗ്രസ് (എം) ഉയര്‍ത്തുന്നത്. പാലായില്‍ 5000 മുതല്‍ 7500 വരെ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയെന്നാണ് ജോസിന്റെ ആരോപണം. പൂഞ്ഞാറില്‍ ബി.ജെ.പി വോട്ടുകള്‍ ലഭിച്ചെന്ന അവകാശവാദവുമായി ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജും രംഗത്തെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളിയിലും ബി.ജെ.പി വോട്ടുമറിച്ചെന്ന ആരോപണം കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഏറ്റുമാനൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോയെന്ന പരാതി ബി.ജെ.പിക്കുണ്ട്.
പൂഞ്ഞാറില്‍ ബി.ജെ.പി വോട്ടുകള്‍ ബി.ഡി.ജെ.എസിന് കാര്യമായി കിട്ടിയില്ലെന്ന പരാതിയും ഉയര്‍ന്നു. 100 ശതമാനം തോല്‍വി ഉറപ്പിച്ച ജോസ് കെ. മാണി ഭയം കൊണ്ട് വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നു യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റുമായ സജി മഞ്ഞകടമ്പില്‍ സുപ്രഭാതത്തോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ ഹൈന്ദവ സമൂഹത്തിന് എല്‍.ഡി.എഫിനോട് സ്വാഭവികമായ എതിര്‍പ്പുണ്ട്. അതിന്റെ ഗുണം യു.ഡി.എഫിന് കാര്യമായി ലഭിച്ചിട്ടുണ്ട്. അതല്ലാതെ ബി.ജെ.പി ഒരു വോട്ടും തന്നിട്ടുമില്ല, വാങ്ങിയിട്ടുമില്ല. ജോസ് കെ. മണിയുടേത് തോല്‍വി ഉറപ്പിച്ചുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും സജി മഞ്ഞകടമ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."