കരുണാകടാക്ഷത്തിന്റെ പത്ത് നാളുകൾ
റഹ്മാൻ, റഹീം എന്നീ വിശേഷണങ്ങൾ മുസ് ലിംകൾ നാഥനെ കുറിച്ച് നിരന്തരം ആവർത്തിക്കുന്നവരാണ്. ആദ്യത്തേത് സൃഷ്ടിജാലങ്ങളോട് ഒന്നടങ്കം ഇഹലോകത്ത് അല്ലാഹു കാണിക്കുന്ന കാരുണ്യത്തെയും രണ്ടാമത്തേത് തന്നെ വിശ്വസിച്ചവരോടുള്ള അവന്റെ ദയാവായ്പിനെയും സൂചിപ്പിക്കുന്നു. തന്റെ കാരുണ്യത്തിൽനിന്നും ഒരുഭാഗം മാത്രം പ്രപഞ്ചത്തിലേക്ക് ഇറക്കി. അതിന്റെ ഫലമെന്നോണം ഹിംസ്രജന്തുക്കൾ അവയുടെ കുഞ്ഞുങ്ങളെ താലോലിക്കുന്നു. എന്നാൽ ബാക്കിവച്ച 99 ഭാഗവും അല്ലാഹു തുറന്നുവിടുന്നത് പരലോകത്തായിരിക്കും.
നബി (സ) ഇങ്ങനെ പറഞ്ഞതായി ഹദീസുകളിൽ കാണാം. ഒരിക്കൽ തിരുനബി (സ)യുടെ സദസിലേക്ക് ചുരുട്ടിപ്പിടിച്ച പൊതിയുമായി ഒരു ഗ്രാമീണ അറബി കയറിവന്നു. അയാൾ പറയാൻ തുടങ്ങി: 'തിരുദൂതരേ, മരങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെയാണ് ഞാൻ ഇങ്ങോട്ടു വന്നത്. അതിനിടക്ക് ഒരു മരച്ചില്ലയിൽ പക്ഷിക്കൂട് ഞാൻ കണ്ടെത്തി. ഞാൻ ആ മരത്തിൽ കയറി കൂട്ടിൽ ഉണ്ടായിരുന്ന രണ്ട് പക്ഷിക്കുഞ്ഞുങ്ങളെയുമായി താഴെയിറങ്ങി. എന്നാൽ ഇതുകണ്ട തള്ളപ്പക്ഷി എന്റെ തലക്കു മുകളിൽ വട്ടമിട്ടു പറക്കാൻ തുടങ്ങി. ഞാൻ അതിനെയും പിടികൂടി. ഇതാ ഈ പൊതിയിൽ കുഞ്ഞുങ്ങളുമുണ്ട്'.
തിരുനബി (സ) അവയെ തുറന്നുവിടാൻ കൽപ്പിച്ചു. എന്നാൽ അവിടുന്നു കണ്ട കാഴ്ച സദസിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ടുപോകാൻ തള്ളപ്പക്ഷിക്ക് കഴിയുമായിരുന്നില്ല. ഈ രംഗം കണ്ട് നബിതിരുമേനി (സ) സദസിനോട് ചോദിച്ചു: 'ഈ തള്ളപ്പക്ഷിക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള കരുണ കണ്ട് നിങ്ങൾ ആശ്ചര്യപ്പെടുകയാണോ ? എങ്കിൽ അറിയുക. അല്ലാഹു അവന്റെ ദാസൻമാരോട് ഇതിലധികം കരുണയുള്ളവനാണ്'.
റമദാൻ ആദ്യപത്തിൽ ഈ കാരുണ്യത്തിന് സ്രഷ്ടാവിനോട് യാചിക്കാനാണ് മുസ് ലിംകൾ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയിൽ ഒരു യുവതി തന്റെ കുഞ്ഞിന് തോളിലിരുത്തി തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്. നബി തിരുമേനി (സ) യോട് അവർ ചോദിച്ചു: 'താങ്കൾ അല്ലാഹുവിന്റെ ദൂതനാണോ ?'
'അതേ'.
'നിങ്ങൾ പറയുന്ന അല്ലാഹു ദയയുള്ളവനാണെന്ന് അല്ലേ'
'തീർച്ചയായും'
'എന്നാൽ എനിക്ക് എന്റെ കുഞ്ഞിനോട് ദയയുള്ളതിനാൽ ഞാൻ അതിനെ ഒരിക്കലും തീയിൽ ഇടുകയില്ല, അല്ലാഹു ഇതു ചെയ്യും എന്നാണോ നിങ്ങൾ പറയുന്നത്? '
ഇതുകേട്ട നബി തിരുമേനി (സ) മുട്ടുകുത്തിയിരുന്നു പോയി. അനന്തരം ഇങ്ങനെ പറഞ്ഞു: 'അതിക്രമകാരികളോടാണ് അല്ലാഹു അപ്രകാരം ചെയ്യുക'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."