ഒളിച്ചോടുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയും നാടുകടത്തലുമെന്ന് സഊദി ജവാസാത്ത് വിഭാഗം
റിയാദ്: സഊദിയില്‍ ജോലിക്കിടെ ഒളിച്ചോടുന്ന തൊഴിലാളികള്‍ക്ക് 10,000 റിയാല്‍ പിഴയും ആജീവനാന്ത വിലക്കോടെ നാട് കടത്തലും വിധിക്കുമെന്നു സഊദി ജവാസാത്ത് വിഭാഗം വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ സ്വദേശികളും വിദേശികളും ഒരേ പോലെ പാലിക്കണം. ഒളിച്ചോടിയ വിദേശികളെ കുറിച്ച് സ്വദേശികളും വിദേശികളും സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം നല്‍കണമെന്നും സഊദി പാസ്സ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുമുള്ള സൗകര്യവും നല്‍കാന്‍ പാടില്ല. ഇവര്‍ക്ക് താമസവും ജോലിയും യാത്രാ സൗകര്യവും ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം പിഴയും ആറു മാസം വരെ തടവും ശിക്ഷയായി ലഭിക്കും. മാത്രവുമല്ല വിദേശികളാണെങ്കില്‍ അവരെ നാട് കടത്തുകയും ചെയ്യും.
ഇത്തരത്തില്‍ സഹായിക്കുന്ന സ്വദേശികള്‍ക്ക് അവരുടെ സ്ഥാപനത്തിന് അഞ്ച് വര്‍ഷത്തേക്ക് വിദേശ റിക്രൂട്ടിങിന് വിലക്ക് ഏര്‍പ്പെടുത്തുന്നതോടൊപ്പം എല്ലാ വിസകളും ഒരു വര്‍ഷത്തേക്ക് നിര്‍ത്തി വെക്കുമെന്നും സഊദി പാസ്‌പോര്‍ട്ട് വിഭാഗം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വീട്ടുവേലക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിച്ചോടുകയും അവരെ മറ്റുള്ളവര്‍ ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്നത് വ്യാപകമായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സഊദി ജവാസാത്ത് കടുത്ത നടപടികളുമായി രംഗത്തെത്തിയത്. തൊഴിലാളി ഒളിച്ചോടുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ വ്യക്തികളുടെ സേവനത്തിനുള്ള അബ്ഷിര്‍ പോര്‍ട്ടല്‍ വഴി 'ഹുറൂബ്' റജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജവാസാത്തിന്റെ 989 എന്ന നമ്പറില്‍ വിളിച്ചും ഹുറൂബ് വിവരവും ഇഖാമ നിയമ ലംഘനവും അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതെ സമയം ഇക്കാമ, തൊഴില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് കഴിഞ്ഞ പത്തു മാസത്തിനിടെ രണ്ടര ലക്ഷത്തിലധികം വിദേശികളെ നാട് കടത്തിയതയായി ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ മുഹറം മുതല്‍ ശവ്വാല്‍ മാസം 252218 നിയമ ലംഘകരെയാണ് സഊദി പാസ്‌പോര്‍ട്ട് വിഭാഗം നാട് കടത്തിയത്. പ്രതിദിനം ശരാശരി 800 പേരെയാണ് സഊദിയില്‍ നിന്നും ഇക്കാമ, തൊഴില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് നാട് കടത്തുന്നത്. നിലവില്‍ 12088 വിദേശികള്‍ ഇതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നാടുകടത്തല്‍ കേന്ദ്രങ്ങളിലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."