മഹാത്യാഗികളായ എളാപ്പമാര്‍
ഇതെഴുതുന്നയാള്‍ക്കുമുണ്ടായിരുന്നു രാഷ്ട്രീയപ്രവര്‍ത്തകനായ ഒരു എളാപ്പ (പിതാവിന്റെ ഇളയ സഹോദരന്‍). നാട്ടുകാര്‍ക്കൊക്കെ ഏറെ ഇഷ്ടമായിരുന്ന ബീരാന്‍ സഖാവ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സി.പി.എമ്മിന്റെയും സജീവ പ്രവര്‍ത്തകന്‍. പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും വെള്ളപ്പൊക്കമുണ്ടാകുകയുമൊക്കെ ചെയ്യുമ്പോള്‍ നാട്ടില്‍ ആളുകളെ സഹായിക്കാന്‍ ഓടിയെത്തിയിരുന്നത് കമ്യൂണിസ്റ്റുകാരായിരുന്നെന്ന് കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. എന്റെ നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബലമുള്ള അടിത്തറയുണ്ടായതിനു പ്രധാന കാരണം ആ പഴയകാല കമ്യൂണിസ്റ്റുകാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളായിരുന്നു. ഇങ്ങനെയൊക്കെയുള്ള ആളുകളുടെ കൂടെ നാട്ടുകാര്‍ നിന്നില്ലെങ്കിലല്ലേ അത്ഭുതം.'
പുറത്തിറങ്ങി ഓടിനടക്കാനാവുന്ന കാലംവരെ അദ്ദേഹം പാര്‍ട്ടി അംഗത്വത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് നാലഞ്ചു ദിവസം പുരയിടത്തിനു പുറമെ എന്റെ കുടുംബത്തിനുണ്ടായിരുന്നൊരു പറമ്പിലെ വിറകുപുരയില്‍ ഒളിച്ചു താമസിച്ചതുമോര്‍ക്കുന്നു.
പാര്‍ട്ടിയില്‍ പ്രാദേശിക നേതൃത്വത്തിലേക്കെങ്കിലും വളരാനും ചെറിയ തരത്തിലെങ്കിലും എന്തെങ്കിലും അധികാരസ്ഥാനത്തെത്താനും വേണമെങ്കില്‍ അവസരമുണ്ടായിരുന്നെങ്കിലും ആ മനുഷ്യന്‍ അത് പ്രയോജനപ്പെടുത്തിയില്ല. നന്നായി അധ്വാനിക്കുമായിരുന്നെങ്കിലും ഭാവിയിലേക്കായി ഒന്നും കരുതിവച്ചില്ല. നാളേക്ക് എന്തെങ്കിലും സമ്പാദിക്കേണ്ടേ എന്ന് ആരെങ്കിലും ഓര്‍മിപ്പിച്ചാല്‍ അധികം വൈകാതെ വിപ്ലവം നടക്കുമെന്നും സോഷ്യലിസം വരുമെന്നും പിന്നെന്തിന് സമ്പാദിക്കണമെന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. അതുകേട്ട് ചിലര്‍ ബീരാന് പ്രാന്താണെന്ന് പറഞ്ഞതായും കേട്ടിട്ടുണ്ട്. ഏറെക്കാലം വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. വയസുകാലത്താണ് സ്വന്തമായൊരു കൊച്ചുവീടുണ്ടായത്.
ചെറുപ്പം മുതല്‍ രാഷ്ട്രീയം ശ്രദ്ധിക്കാന്‍ പ്രേരണയായി എന്നതല്ലാതെ രാഷ്ട്രീയപ്രവര്‍ത്തകനായ എളാപ്പയെക്കൊണ്ട് എനിക്കോ സഹോദരങ്ങള്‍ക്കോ കാര്യമായ മറ്റു പ്രയോജനമൊന്നും ഉണ്ടായില്ല. എന്തെങ്കിലും പ്രയോജനമുണ്ടാക്കിത്തരാന്‍ മിടുക്കുള്ള എളാപ്പമാരെ കിട്ടണമെങ്കില്‍ കെ.ടി അദീബിനെയും സുധീര്‍ നമ്പ്യാരെയും പോലെ ഭാഗ്യം വേണമല്ലോ. അവരുടെ എളാപ്പമാരായ കെ.ടി ജലീലും ഇ.പി ജയരാജനും വലിയ കുടുംബസ്‌നേഹമുള്ളവരാണ്. കുടുംബത്തിനായി അവര്‍ ചെയ്ത സേവനങ്ങള്‍ മാതൃകാപരമാണ്. പണ്ടൊക്കെ കുടുംബം നന്നാക്കിയിട്ടു മതി നാടു നന്നാക്കലെന്ന് രാഷ്ട്രീയക്കാരോട് നാട്ടുകാര്‍ പറയുമായിരുന്നു. അത് അക്ഷരംപ്രതി അനുസരിച്ചതാണോ അവര്‍ ചെയ്ത കുറ്റം? നമ്മുടെ നാട്ടുകാര്‍ അങ്ങനെയാണ്. ചില കാര്യങ്ങള്‍ ചെയ്താലും ചെയ്തില്ലെങ്കിലും അവരുടെ കണ്ണില്‍ അതു കുറ്റമാണ്. കുടുംബം നന്നാക്കാന്‍ ശ്രമിച്ചാല്‍ അഴിമതി, വെട്ടിപ്പ് എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ വരും.
നാട്ടുകാര്‍ അങ്ങനെയൊക്കെയാണ്. ഓരോ സമയത്ത് തോന്നുന്നതു പറയും. ഇങ്ങനെ മാറ്റിപ്പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ലോകത്ത് ഏതെങ്കിലും എളാപ്പയ്‌ക്കെന്നല്ല മൂത്താപ്പയ്ക്കുപോലുമാവില്ല. ഐശ്വര്യം വരുമ്പോള്‍ സ്വന്തക്കാരെയും ബന്ധക്കാരെയുമൊക്കെ മറക്കുന്നത് നെറികേടാണ്. സാധ്യമായ തരത്തിലൊക്കെ അവരെ സഹായിക്കണം. അതുമാത്രമാണ് ജയരാജനെളാപ്പയും ജലീലെളാപ്പയുമൊക്കെ ചെയ്തത്. സ്വന്തം ഭരണത്തിനു കീഴിലുള്ള ഇടങ്ങളില്‍ ഭാര്യാസഹോദരിയുടെ മകനും സഹോദരപുത്രനുമൊക്കെ ജോലി കൊടുത്തു. അതിലെന്താ തകരാറ്?
അതിന്റെ പേരില്‍ എന്തൊക്കെ പുകിലുകളാണ് ഇവിടുത്തെ പ്രതിപക്ഷവും ബൂര്‍ഷ്വാ മാധ്യമങ്ങളുമൊക്കെ ഉണ്ടാക്കിയത്. എത്ര വലിയ ത്യാഗം സഹിച്ചാണ് അവര്‍ കുടുംബത്തെ സഹായിച്ചതെന്ന് ആരും ഓര്‍ക്കുന്നില്ല. സാധാരണ പണിപോലെയല്ല മന്ത്രിപ്പണി. ഒരുപാടുകാലം പലതരം തന്ത്രങ്ങള്‍ പയറ്റി പരിശ്രമിച്ചാണ് വളരെ കുറച്ചു പേര്‍ക്കു മാത്രം ആ പണി കിട്ടുന്നത്. അതുപോലും നഷ്ടപ്പെടുത്തിയാണ് അവര്‍ കുടുംബത്തെ സഹായിച്ചത്. മന്ത്രിപ്പണി പോയി കുറച്ചുകാലം പുറത്തിരുന്ന ജയരാജനെളാപ്പയ്ക്ക് പിന്നീട് ഒരു കോടതിവിധി അനുകൂലമായതിനെത്തുടര്‍ന്നാണ് പണി തിരിച്ചുകിട്ടിയത്. അതു തിരിച്ചുകിട്ടിയെങ്കിലും അതിനിടയില്‍ എന്തെല്ലാം അപമാനങ്ങള്‍ സഹിക്കേണ്ടിവന്നു.
ജലീലെളാപ്പയ്ക്ക് പണി പോയത് കാലാവധിയുടെ അവസാന ഘട്ടത്തിലാണ്. പണിയില്‍ തിരിച്ചുകയറാന്‍ ഇനി സമയമില്ല. ഭരണമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ തന്നെ ലോകായുക്ത വിധി തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്നതിനാല്‍ ആ മന്ത്രിസഭയില്‍ ഇടംകിട്ടാന്‍ സാധ്യത കുറവുമാണ്. ഇത്ര വലിയ ത്യാഗം സഹിച്ചിട്ടും കുറ്റം മാത്രം ബാക്കി. ഈ നാടങ്ങനെയാണ്. അടുത്തകാലത്തൊന്നും നന്നാകില്ല. അതുകൊണ്ട് നാടു നന്നാക്കാന്‍ ശ്രമിച്ചിട്ടു കാര്യവുമില്ല.
അതു ഞങ്ങളുടെ
ഡെഡ് ബോഡി തന്നെ
ഭൂമിമലയാളത്തില്‍ കൊലപാതകങ്ങള്‍ക്ക് ഒരുകാലത്തും ഒരു പഞ്ഞവുമുണ്ടായിട്ടില്ല. ഇപ്പോഴും അത് ഭംഗിയായി തുടരുന്നുമുണ്ട്. അതില്‍ വലിയൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതകള്‍ വളരെ കൂടുതലായതിനാല്‍ അവയ്ക്കു വാര്‍ത്താപ്രാധാന്യം കൂടും.
കൊലപാതകങ്ങള്‍ വല്ലാതെ പെരുകിയപ്പോള്‍ രാഷ്ട്രീയ കൊലപാതകമേത്, അല്ലാത്തതേത് എന്നൊക്കെ തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. ഏതു കൊല ഏതു നിമിഷമാണ് രാഷ്ട്രീയ കൊലപാതകമായി മാറുകയെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയാണ്. ഗുണ്ടകള്‍ തമ്മിലും മയക്കുമരുന്നു വിപണന സംഘങ്ങള്‍ തമ്മിലുമുള്ള കുടിപ്പക മൂലവും അമ്പലപ്പറമ്പുകളിലെ തര്‍ക്കങ്ങള്‍ മൂലവുമൊക്കെ ഉണ്ടാകുന്ന കൊലകള്‍ പോലും നേരം പുലരുമ്പോള്‍ രാഷ്ട്രീയ കൊലപാതകമായി മാറിയേക്കാം. അതിലൊട്ടും അത്ഭുതമില്ല. പണ്ടത്തെപ്പോലെ ഗുണ്ടകളും മയക്കുമരുന്നു കച്ചവടക്കാരും അരാഷ്ട്രീയവാദികളല്ല ഇക്കാലത്ത്. അവര്‍ക്കൊക്കെ കാണും ഏതെങ്കിലും രാഷ്ട്രീയകക്ഷികളുമായി ബന്ധം. ഏതൊരു ബിസിനസും വിജയകരമായി മുന്നോട്ടുപോകാന്‍ ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ പിന്‍ബലം ആവശ്യമുള്ള കാലമാണല്ലോ ഇത്.
വ്യക്തിവൈരാഗ്യം മൂലമെന്നും ഗുണ്ടാ കുടിപ്പക മൂലമെന്നുമൊക്കെ പൊലിസ് പറയുന്ന കൊലകള്‍ പോലും രാഷ്ട്രീയ കൊലകളായി മാറുന്നത് പഴയൊരു സിനിമയിലെ ഡയലോഗ് പോലെ 'ഞങ്ങളുടെ ഡെഡ് ബോഡി ഞങ്ങള്‍ക്കു വേണം' എന്നുപറഞ്ഞ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചാടിവീഴുമ്പോഴാണ്. കൊല്ലപ്പെട്ടയാള്‍ ഏതു പാര്‍ട്ടിക്കാരനാണെന്ന് ആദ്യം മനസിലായില്ലെങ്കിലും എപ്പോഴെങ്കിലും പാര്‍ട്ടിക്കു വോട്ടു ചെയ്തതോ പാര്‍ട്ടി ഓഫിസില്‍ കയറിയതോ അല്ലെങ്കില്‍ അയാളുടെ കുടുംബത്തില്‍ ആരെങ്കിലും പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആണെന്നതോ ഒക്കെ അന്വേഷിച്ചു കണ്ടെത്തി പാര്‍ട്ടികള്‍ ആ ഡെഡ് ബോഡി അവരുടേതാണെന്ന് ഉറപ്പിക്കും. അതുപോലെ തപ്പിത്തിരഞ്ഞാല്‍ കൊന്നവര്‍ക്കുമുണ്ടാകും ഏതെങ്കിലും പാര്‍ട്ടിയുമായി എന്തെങ്കിലുമൊക്കെ തരത്തിലുള്ള ബന്ധം. അതോടെ സംഗതി രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് നേതാക്കള്‍ പ്രഖ്യാപിക്കും.
ഇത്രയൊക്കെ കഷ്ടപ്പെട്ട് കൊല്ലപ്പെട്ടവരെപ്പോലും പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത് വെറുതെയല്ല. ഓരോ രക്തസാക്ഷിയും, അല്ലെങ്കില്‍ ബലിദാനിയും പാര്‍ട്ടിക്കു വലിയ മുതല്‍ക്കൂട്ടാണ്. അവരുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ഫണ്ട് പിരിക്കാമെന്നതാണ് ഒരു നേട്ടം. കുടുംബത്തിനു കുറച്ചെന്തെങ്കിലും കൊടുത്താലും ബാക്കി കൈയിലിരിക്കും. പിന്നെ തെരഞ്ഞെടുപ്പുകളില്‍ ആ രക്തസാക്ഷിത്വം പ്രചാരണത്തിന് ആയുധമാക്കാം. അതിലെല്ലാമുപരി സ്വന്തം പാര്‍ട്ടിക്കാര്‍ മറ്റാരെയെങ്കിലും കൊല്ലുമ്പോള്‍ പ്രതിഷേധമുയര്‍ന്നാല്‍ തങ്ങളുടെ ആളുകളാണ് അതിലേറെ കൊല്ലപ്പെട്ടതെന്ന് കണക്കുപറഞ്ഞ് കൊലയെ ന്യായീകരിക്കാം. അങ്ങനെ പ്രയോജനങ്ങള്‍ പലതാണ്. അതുകൊണ്ട് കിട്ടാവുന്നത്ര ഡെഡ് ബോഡികള്‍ ഓരോ പാര്‍ട്ടിയും സ്വന്തമാക്കട്ടെ. നമ്മളായിട്ട് അതിനു തടസമുണ്ടാക്കേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."