'പാഴ്‌വസ്തുക്കളെ' പാഴാക്കരുത്
ജനലഴികള്‍ക്കിടയില്‍ നിരത്തിവച്ചിരിക്കുന്ന വര്‍ണക്കുപ്പികള്‍ കാണാന്‍ എന്തൊരു ചന്തം..! മുത്തുകളും പിസ്തത്തോടുകളും ഈര്‍ക്കിളുകളും വച്ച് എന്തെല്ലാം അലങ്കാരപ്പണികളാണ് അതിലെല്ലാം ചെയ്തുവച്ചിരിക്കുന്നത്...! ഉപയോഗം കഴിഞ്ഞ് ആളുകള്‍ വലിച്ചെറിഞ്ഞ കുപ്പികളായിരുന്നു അതെല്ലാം എന്നോര്‍ക്കുമ്പോള്‍ അതിശയമിരട്ടിക്കുന്നു.. കൂട്ടത്തിലൊരു കുപ്പി ചൂണ്ടി വീട്ടുകാരന്‍ ചോദിച്ചു:
''ഇതേതു കുപ്പിയാണെന്നറിയുമോ...?''
''ഇല്ല..''
''മദ്യക്കുപ്പിയാണ്..!''
''അയ്യേ, ആളുകള്‍ കണ്ടാല്‍ സംശയിക്കില്ലേ..''
''സംശയിച്ചാലെന്ത്..? ഇപ്പോള്‍ ഇതാരെങ്കിലും മദ്യക്കുപ്പിയാണെന്നു പറയുമോ..?''
''ശരിയാ, മദ്യക്കുപ്പിയാണെന്ന് തിരിച്ചറിയാനാകാത്തത്ര മാറ്റങ്ങള്‍ അതില്‍ വന്നിരിക്കുന്നു.''
''അതങ്ങനെയാണ്. ഉപയോഗപ്പെടുത്താനറിയുന്നവരുടെ കൈയിലെത്തിയാല്‍ വിലയില്ലാത്തതിനും വിലയുണ്ടാകും. വേഷം മാറ്റിയാല്‍ കാഴ്ചക്കാരുടെ കാഴ്ചപ്പാടുകള്‍ വരെ മാറിമറിയും.''
ഒരു വസ്തു പാഴ്‌വസ്തുവായി മാറുന്നതെപ്പോഴാണെന്നറിയുമോ..? ചിന്തയ്ക്കു വികാസമില്ലാതിരിക്കുകയോ ഭാവനയ്ക്കു ശക്തി കുറയുകയോ സര്‍ഗബോധം നിര്‍ജീവമായി കിടക്കുകയോ ചെയ്യുമ്പോള്‍. ഒരു വസ്തുവില്‍ അതിന്റെ നിശ്ചിത ഉപയോഗത്തിനപ്പുറം സാധ്യതകള്‍ കാണാന്‍ കഴിയുന്നവര്‍ക്ക് ചവറ്റുകുട്ടകള്‍ വാങ്ങാന്‍ പണം മുടക്കേണ്ടി വരില്ല. അവരുടെ വീട്ടുവളപ്പില്‍ ചവറ്റുകുഴികള്‍ കാണാന്‍ പ്രയാസമായിരിക്കും. വലിച്ചെറിയുക എന്ന പദം അവരുടെ ജീവിതനിഘണ്ടുവിലുണ്ടാകില്ലതന്നെ. ഉപയോഗം കഴിഞ്ഞതിനെയും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അവര്‍ക്കു കഴിയും. ചീഞ്ഞുനാറിയാല്‍ പോലും വലിച്ചെറിയില്ല. വേറൊന്നിനു വളമാക്കി മാറ്റുകയെങ്കിലും ചെയ്യും.
വസ്തുക്കള്‍ക്കിടയില്‍ പാഴ്‌വസ്തുക്കളുള്ളപോലെ, ചെടികള്‍ക്കിടയില്‍ പാഴ്‌ചെടികളുള്ളപോലെ മനുഷ്യര്‍ക്കിടയില്‍ പാഴ്ജന്മങ്ങളുമുണ്ടെന്നാണ് പൊതുവയ്പ്പ്. ആര്‍ക്കും വേണ്ടാതെ ഒരുവിധ ലക്ഷ്യബോധവുമില്ലാതെ ജീവിച്ചുപോകുന്ന കുറെ ജന്മങ്ങള്‍. പാഴ്‌വസ്തുക്കളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ അതു പാഴ്‌വസ്തുക്കളല്ലാതാകുമെങ്കില്‍ പാഴ്ജന്മങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ പാഴ്ജന്മങ്ങളല്ലാതായി മാറുകയില്ലേ എന്നതാണ് മറുപടി അനിവാര്യമാക്കുന്ന ചോദ്യം. അവര്‍ നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഊര്‍ജത്തെയും സമയത്തെയും അവര്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നകാര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടാല്‍ അതെത്ര ഉദാത്തമായ വിപ്ലവമായിരിക്കും..! വലിച്ചെറിയപ്പെടുന്ന വസ്തുക്കള്‍ ഉപയോഗപ്പെടുത്തി വീടിനു മനോഹാരിത പകരുന്ന അലങ്കാരരൂപങ്ങളുണ്ടാക്കാമെങ്കില്‍ അവഗണിക്കപ്പെട്ടും മാറ്റിനിര്‍ത്തപ്പെട്ടും കഴിയുന്ന ജീവിതങ്ങളെ ലോകത്തിന് അലങ്കാരവും വിസ്മയവുമാകുന്ന ഉത്തമ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ചുകൂടെന്നോ..?
നിസാരമായി കരുതപ്പെടുന്ന ഒരു വസ്തുവിനെപോലും അനാവശ്യമായി കളയുന്നത് കുറ്റമാണെങ്കില്‍ ഒരു മനുഷ്യനെ പാഴാക്കുന്നത് എത്ര വലിയ കുറ്റമായിരിക്കുമെന്നോര്‍ത്തുനോക്കൂ. ഒരു മനുഷ്യനെ എഴുതിത്തള്ളുമ്പോള്‍ അയാളുടെ അനന്തമായ കഴിവുകളെയും അസുലഭമായ നിമിഷങ്ങളെയും ശക്തമായ ഊര്‍ജത്തെയും അനുപമമായ ബുദ്ധിയെയും കൂടിയാണു എഴുതിത്തള്ളുന്നതെന്നറിയണം. ആ കഴിവുകളില്‍ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാവുന്ന വിപ്ലവസാധ്യതകളുണ്ടാകാം. ആ നിമിഷങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായവയുണ്ടാകാം. ആ ബുദ്ധിയില്‍ നവംനവങ്ങളായ ആശയങ്ങളുടെ അനേകലോകങ്ങള്‍ ഉള്ളടങ്ങിയിരിക്കാം. നമ്മുടെ കണ്ണിലെ ആ 'പാഴ്ജന്മങ്ങളെ' പരീക്ഷണാര്‍ഥമെങ്കിലും ഉപയോഗപ്പെടുത്തിനോക്കിയാലെന്താ..?
അവനെകൊണ്ടൊന്നും യാതൊരു ഉപകാരവുമില്ലെന്നാണ് നമ്മുടെ വിധികല്‍പനതന്നെ. നാം തേടുന്നത് ഒരാളിലൂടെ സാധ്യമാക്കാന്‍ കഴിയില്ലെങ്കില്‍ അയാള്‍ ഒന്നിനും കൊള്ളാത്തവനാകുന്നതെങ്ങനെ..? തനിക്കു ദഹിക്കുന്നില്ലെന്നു കരുതി ഭക്ഷണത്തെ അടച്ചാക്ഷേപിക്കാന്‍ പറ്റുമോ..? തനിക്കു ദഹിക്കാത്തത് ദഹിക്കുന്നവര്‍ക്കു വിട്ടുകൊടുക്കുകയും തന്റെ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തുകയുമല്ലേ മാന്യത.
എന്റെ വിധി ഇങ്ങനെയൊക്കെയാണ് എന്നു ചിന്തിച്ച് സ്വയം ചവറായി മാറുന്നവരുണ്ട്. തന്നിലന്തര്‍ലീനമായി കിടക്കുന്ന അനന്തമായ സാധ്യതകളുടെ ചെപ്പുകള്‍ തുറക്കാന്‍ അവര്‍ തയാറേയല്ല. കഴിയും എന്നു പറയുന്നതിനെക്കാള്‍ കഴിയില്ലെന്നു പറയാനാണ് അവര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. കഴിയുമോ എന്നു പരിശോധിക്കട്ടെ എന്നല്ല, ഇത്രയേ കഴിയൂ എന്നാണവര്‍ തീര്‍പ്പുകല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ എനിക്കു യാതൊരു വിലയും നിലയുമില്ലെന്ന നിഷേധാത്മകചിന്തയില്‍ ഒടുവില്‍ അവര്‍ എത്തിച്ചേരുകയും ചെയ്യും..
ഒരു വസ്തുവിനെയും ജീവിതത്തെയും പാഴാക്കാന്‍ പാടില്ല. ഒരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ മറ്റൊരു മേഖലയില്‍ അവയെ പരീക്ഷിക്കാം. സ്വര്‍ണക്കടയില്‍ വയ്ക്കാന്‍ പറ്റില്ലെങ്കില്‍ പലചരക്കുകടയില്‍ വച്ചുനോക്കാം. അവിടെയും പറ്റില്ലെങ്കില്‍ പറ്റുന്നിടത്തു പരീക്ഷിക്കാം. എന്തുതന്നെയായാലും കുപ്പത്തൊട്ടി ഒരു വസ്തുവിന്റെയും അര്‍ഹസ്ഥാനമല്ല. തെരുവോരങ്ങള്‍ പാര്‍പ്പിടമായിരിക്കാന്‍ അര്‍ഹിക്കുന്ന പാഴ്ജന്മമല്ല ഒരു മനുഷ്യനും. അവരുടെ കഴിവുകളും യോഗ്യതകളും വേണ്ടെന്നുവയ്ക്കാന്‍ മാത്രം സമ്പന്നമല്ല ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."