തുർക്കിയിലും സിറിയയിലും സഹായത്തിനായുള്ള തേങ്ങലുകൾ; രക്ഷാപ്രവർത്തനത്തിന് തടസമായി മഞ്ഞും മഴയും
ഇസ്താംബൂൾ: ലോകത്തെയാകെ നടുക്കി തുർക്കിയിലും സിറിയയിലും നടന്ന ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ രക്ഷാ പ്രവർത്തനത്തിന് കനത്ത മഞ്ഞും മഴയും തടസമാകുന്നുണ്ട്.
ഭൂചലന ദുരന്തം രണ്ട് കോടി മുപ്പത് ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജ്യം കണ്ടതിൽവച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും ദുരന്തം വിതച്ച കാഴ്ചകളാണ്. ഇപ്പോഴും തുടരുന്ന കനത്ത മഞ്ഞ് വീഴ്ചയും മഴയുമാണ് രക്ഷാ പ്രവർത്തനത്തിന് വൻ വെല്ലുവിളിയുയർത്തുന്നത്. ഭൂചലനം നടന്ന് ഒരു ദിവസം പിന്നിടുമ്പോൾ ആദ്യ ദിവസമുണ്ടായ തുടർ ചലനങ്ങൾ നിലച്ചതാണ് പ്രധാന ആശ്വാസം.
8000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി തുർക്കി വ്യക്തമാക്കി. വീടും താമസസ്ഥലവും നഷ്ടമായവരുടെ പുനരധിവാസവും പരിക്കേറ്റവരുടെ ചികിത്സയും പ്രതിസന്ധി കൂട്ടുന്നു. ദുരന്ത മേഖലയിൽ 50000 ടെന്റുകളും ഒരു ലക്ഷം കിടക്കകളും ഒരുക്കിയതായി തുർക്കി അറിയിച്ചു. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
അതേസമയം തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും പലരുടെയും നിലവിളികൾ ഉയരുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. എങ്കിലും എല്ലാം തകർന്ന് കിടക്കുന്നതിനാൽ പലയിടത്തേക്കും രക്ഷാ പ്രവർത്തകർക്ക് എത്താൻ സാധിക്കുന്നില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."