ആഗസ്റ്റ് ഒന്‍പത്, ചൊവ്വാഴ്ച-ഇറോം ശര്‍മിളയുടെ മാത്രമല്ല, ജനാധിപത്യ വിശ്വാസി സമൂഹത്തിന്റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന ദിനം കൂടിയാണ്. ചരിത്രത്തില്‍ ഇന്നേവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത നീണ്ട 16 വര്‍ഷത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഇറോം ശര്‍മിള തന്റെ നോമ്പ് ഒരിറ്റ് തേന്‍ നുകര്‍ന്നുകൊണ്ട് അവസാനിപ്പിച്ചത് ഈ ദിവസത്തിലാണ്. 1958ലെ കിരാത നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ശര്‍മിള തന്റെ എക്കാലത്തെയും വലിയ സമരത്തിന് തുടക്കം കുറിച്ചത്. പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം. മണിപ്പൂരില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഉണ്ടെങ്കിലും എല്ലാം ഇവിടെ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. ആരും എപ്പോഴും കൊല്ലപ്പെട്ടേക്കാം. സംശയത്തിന്റെ ഒരു നിഴല്‍ വീണാല്‍ പട്ടാളക്കാര്‍ക്ക് ആരെയും വെടിവച്ചിടാം. ഈ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറോം ശര്‍മിള നടത്തിയ സമരം 16 വര്‍ഷത്തിനു ശേഷം, സ്വയമെടുത്ത തീരുമാനത്തിലൂടെ അവസാനിപ്പിച്ചിരിക്കുകയാണിപ്പോള്‍. 16 വര്‍ഷക്കാലം ഒരിറ്റ് ജലം പോലും വായിലൂടെ സ്വയംഇറക്കാതെ മൂക്കില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ട്യൂബിലൂടെ ബലം പ്രയോഗിച്ച് നല്‍കിയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തിയത്. സമരം തുടങ്ങിയപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ് മാത്രം നിര്‍ണയിച്ച ഭരണകൂടത്തെ 16 വര്‍ഷം നീണ്ട സഹന സമരത്തിലൂടെ വരച്ച വരയില്‍ നിര്‍ത്തിയിടാന്‍ ശര്‍മിളക്കായി. മണിപ്പൂരിലെ ജനങ്ങളെ കൊന്നൊടുക്കുന്ന കിരാത നിയമം പിന്‍വലിക്കുന്നതുവരെ തന്റെ സമരം തുടരുമെന്ന് ഇവര്‍ പറഞ്ഞിരുന്നുവെങ്കിലും ജീവിതത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍ അവര്‍ സമരം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. 28-ാം വയസില്‍, തന്റെ യൗവനകാലത്ത് തുടങ്ങിയ സമരം ഇപ്പോള്‍ 44-ാം വയസിലാണ് അവസാനിച്ചിരിക്കുന്നത്.
ശര്‍മിളയുടെ സമരത്തോടെയാണ് ദേശീയ, സാര്‍വദേശീയ തലത്തില്‍ അഫ്‌സ്പ എന്ന നിയമം ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടത്. 2000 നവംബര്‍ രണ്ടിന് ഇംഫാലിലെ മാലോം എന്ന സ്ഥലത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന 10 പേരെ പട്ടാളം വെടിവച്ചുകൊന്നതിനെ തുടര്‍ന്നാണ് ഏതാനും അമ്മമാരുടെ നേതൃത്വത്തില്‍ ഇവര്‍ അനിശ്ചിതകാല നിരാഹാര സമരത്തിനിറങ്ങിയത്. അങ്ങനെ അവര്‍ മണിപ്പൂരികളുടെ ഉരുക്കുവനിതയായി മാറുകയായിരുന്നു. ഓരോ വര്‍ഷവും നവംബര്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കുന്ന അവരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ജയിലിലേക്ക് അയക്കാറാണ് പതിവ്. എന്നാല്‍ 16 വര്‍ഷത്തിനു ശേഷം കോടതിയോട് അവര്‍ പറഞ്ഞു, തന്റെ സമരം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു 16 വര്‍ഷം കൂടി കഴിഞ്ഞാല്‍ പോലും ഭരണകൂടം തന്റെ ആവശ്യം അംഗീകരിച്ച് തരാന്‍ ഇടയില്ലെന്നും തനിക്ക് ജീവിക്കണമെന്നും. ആവശ്യം അംഗീകരിച്ച് കോടതി ഇറോം ശര്‍മിളയെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തിങ്ങിനിറഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഡോക്ടര്‍മാര്‍ നല്‍കിയ തേന്‍ രുചിച്ചുകൊണ്ട് വികാരനിര്‍ഭരയായി കണ്ണുനീര്‍ വാര്‍ത്ത് തന്റെ നിലപാടുകളും ആഗ്രഹങ്ങളും തുറന്നുപറഞ്ഞു. 16 വര്‍ഷം നീണ്ട, ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാരസമരം നയിച്ച വിപ്ലവനായികയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചു. എന്തിനുവേണ്ടി ജീവന്‍ പണയം വച്ച് പോരാടിയോ, അതൊറ്റയടിക്ക് വാക്കുകള്‍കൊണ്ട് മാത്രമല്ല, കര്‍മം കൊണ്ടും തിരിച്ചെടുക്കാനായിരുന്നു അവരുടെ യോഗമെന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. സമര നോമ്പ് മുറിക്കാനായി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തേന്‍ തൊട്ട് നുണയുമ്പോള്‍ ആ കണ്ണുകളില്‍ നിന്നുതിര്‍ന്ന കണ്ണുനീരിന് വിജയത്തിന്റെ മധുരമുണ്ടായിരുന്നില്ല. മറിച്ച്, പരാജയത്തിന്റെ ഉപ്പുരസമായിരുന്നു. എങ്കിലും ഇറോം ശര്‍മിളയുടെ ഗാന്ധിയന്‍ രീതിയിലുള്ള സഹനസമരം സൃഷ്ടിച്ച തരംഗങ്ങള്‍ ഒരിക്കലും ചരിത്രത്തില്‍ നിന്ന് മാറ്റിക്കളയാന്‍ കഴിയുന്നതല്ല.
അധികാരം പിടിച്ചടക്കുക, പ്രണയിക്കുക എന്നീ രണ്ട് കാര്യങ്ങളിലാണ് ശര്‍മിള ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. അധികാരം തന്നെയാണ് പ്രശ്‌നം. കാരണം, താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അധികാരം ലഭിക്കണം. അധികാരമില്ലാതെ ജയിലില്‍ ഇനിയും വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയാലും ഇന്നത്തെ ഭരണകൂടം ഒരു പുനഃപരിശോധനയ്ക്ക് മുതിരാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ, രാഷ്ട്രീയ പ്രവേശനം ആവശ്യമായി വന്നിരിക്കുന്നു. സാധ്യമെങ്കില്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ജയിച്ച് മുഖ്യമന്ത്രിയാകുമെന്നു തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ഐതിഹാസികമായ ഉപവാസ സമരം ഉപേക്ഷിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ച തന്നെ എല്ലാവരും വേട്ടയാടുകയാണ് എന്ന് ഇവര്‍ പറയുന്നു. താന്‍ ഒരു മനുഷ്യ സ്ത്രീയാണെന്നും ദേവതയല്ലെന്നും വിചാരവികാരങ്ങള്‍ ഉള്ള ഒരു സാധാരണ സ്ത്രീയാണെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ ആരൊക്കെയോ ഭയക്കുന്നുവെന്നും, അധികാരമില്ലാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നും ഇവര്‍ ഇപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കുന്നു. മറ്റൊന്ന് പ്രണയമാണ്. ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടീനോയുമായിട്ടുള്ള ഇഷ്ടം 2011ല്‍ തന്നെ ശര്‍മിള സൂചിപ്പിച്ചതായിരുന്നു. ശര്‍മിളയെ പാര്‍പ്പിച്ചിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ പലപ്പോഴായി വന്ന് ഇദ്ദേഹം കാണുകയും ചെയ്തിട്ടുണ്ട്. താനും ഡെസ്മണ്ടുമായി പ്രണയത്തിലാണെന്നും വിവാഹിതയായി കുട്ടികളുമായി ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിപ്പൂരികളോ ശര്‍മിളയുടെ വീട്ടുകാരോ ഈ നിര്‍ദേശത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു കുടുംബ ജീവിതത്തോടൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാവുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും അതിനുവേണ്ടി മാത്രമാണിപ്പോള്‍ നിരാഹാരസമരം അവസാനിപ്പിക്കുന്നതെന്നും ഈ ലേഖകനോട് ജയിലില്‍നിന്ന് പുറത്തുവരുന്നതിന് രണ്ട് ദിവസം മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലും പറഞ്ഞിരുന്നു. 2010 മുതലാണ് ഡെസ്മണ്ടുമായി ശര്‍മിള സൗഹൃദം പങ്കിടാന്‍ തുടങ്ങിയത്. ശര്‍മിളയുടെ ജീവചരിത്രം വായിച്ച് അതില്‍ ആകൃഷ്ടനായാണ് അദ്ദേഹം ശര്‍മിളയെ കാണാന്‍ ഇംഫാലിലെത്തുന്നത്. അതിനുശേഷം നിരന്തരമായി ഇവര്‍ പ്രണയം കൈമാറിയിരുന്നത് കത്തുകളിലൂടെയായിരുന്നു. ഇടക്ക് ശര്‍മിളയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണിപ്പൂരിലെ സ്ത്രീകള്‍ സമരം നടത്തിയിരുന്ന പന്തലിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവം അന്ന് വലിയ വിവാദങ്ങള്‍ തന്നെ സൃഷ്ടിച്ചു. പട്ടാളത്തിന്റെ ചാരനാണ് ഡെസ്മണ്ടെന്നും സമരം അട്ടിമറിക്കാന്‍ പണം നല്‍കി പട്ടാളമാണ് ഇദ്ദേഹത്തെ ജയിലിലേക്ക് അയച്ചതെന്നും പറഞ്ഞ് മണിപ്പൂരികള്‍ ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലം ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടുതന്നെയാണ് ശര്‍മിളയുടെ പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ വീട്ടുകാരും നാട്ടുകാരും ഇവരുടെ തീരുമാനങ്ങളില്‍ സംശയം കണ്ടെത്തുന്നത്.
അനന്തര മണിപ്പൂര്‍
ഇറോം ശര്‍മിളയുടെ സമരം പിന്‍വലിച്ചതിനുശേഷമുള്ള മണിപ്പൂര്‍, അതിനുമുമ്പുണ്ടായിരുന്ന മണിപ്പൂര്‍ സാഹചര്യങ്ങളില്‍ നിന്നു തികച്ചും ഭിന്നമാണ്. തന്റെ നീണ്ട കാലത്തെ സമരം പിന്‍വലിക്കുന്നതിന് ഇറോം പറഞ്ഞ കാര്യങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം മണിപ്പൂരികളും സന്ദേഹികളാണ്. യാതൊരു മുന്നറിയിപ്പോ ചര്‍ച്ചയോ നടത്താതെ, ഇത്രയും കാലം കൂടെ നിന്നവരെപ്പോലും അകറ്റി നിര്‍ത്തി സമരം പിന്‍വലിക്കാന്‍ എടുത്ത തീരുമാനം വഞ്ചനാപരമാണെന്ന നിലപാടിലാണ് എല്ലാവരും. വര്‍ഷങ്ങളോളം ശര്‍മിളയുടെ ദീര്‍ഘായുസിനും സമര വിജയത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തവരെ മാറ്റിനിര്‍ത്തി ഒറ്റക്കെടുത്ത തീരുമാനത്തിനെതിരേ കടുത്ത പ്രതിഷേധം എവിടെയും കാണാം. ശര്‍മിളയുടെ സമര പിന്മാറ്റം കൊണ്ട് ആര്‍ക്കാണ് നേട്ടം എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്.
മണിപ്പൂര്‍ ഇന്ന് വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധിയിലാണ്. ആരാണ് അണ്ടര്‍ഗ്രൗണ്ട്, ആരാണ് ഓവര്‍ഗ്രൗണ്ട് എന്നറിയാന്‍ കഴിയാത്ത നില. തെരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ ഇബൂബി സിങ്ങിന്റെ നേതൃത്വത്തില്‍ ഇവിടെയുണ്ടെങ്കിലും, വിഘടനവാദികളും തീവ്രവാദികളും സമാന്തര ഭരണം നടത്തുകയാണിപ്പോഴും. ആരെയും വിശ്വാസത്തിലെടുക്കാന്‍ ആര്‍ക്കും കഴിയാത്ത നില. അണ്ടര്‍ ഗ്രൗണ്ടിന്റെ അസ്തിത്വം പരസ്പരം വീതംവച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ തികഞ്ഞ ശാന്തത. അല്ലാത്ത ഇടങ്ങളില്‍ വെടിവയ്പ്പും ബോംബേറും നിത്യസംഭവമാണ്. ഏത് പ്രദേശത്ത് ഏതേത് ഗ്രൂപ്പാണോ നിലനില്‍ക്കുന്നത്, അവിടെ ജോലിചെയ്യുന്ന ഒരാള്‍ക്കുപോലും ശമ്പളത്തില്‍ നിന്ന് ചുങ്കം കൊടുക്കാതെ മുഴുവന്‍ വേതനവും വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. മണിപ്പൂരില്‍ ഇങ്ങനെ രണ്ട് സര്‍ക്കാരുകള്‍ക്കും ചുങ്കം കൊടുത്താണ് സാധാരണക്കാര്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. ഇതില്‍ നിന്നെല്ലാം രക്ഷ നേടാനുള്ള സമരത്തിന്റെ പാതയിലായിരുന്നു ഇറോം ശര്‍മിള.
എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ആര്‍ക്കുവേണ്ടിയാണോ താന്‍ ഉപവാസ സമരം നടത്തിയത്, ആ ജനതയില്‍ നിന്നുപോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരിഭവവും ഇറോം പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം, താന്‍ ഇനി അടുത്ത 16 വര്‍ഷം കൂടി ഉപവാസ സമരവുമായി മുന്നോട്ടുപോയാല്‍ പോലും മണിപ്പൂരില്‍ തോക്കുകള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്ന് അവര്‍ കരുതിയത്. ഡല്‍ഹിയില്‍ മാറിമാറി വരുന്ന അധികാരികളും പട്ടാളവും ആസ്ഥാന ബുദ്ധിജീവികളും പഴയമന്ത്രങ്ങള്‍ അതേപടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന നിസഹായതയില്‍ നിന്നാണ് ഇറോം ശര്‍മിളയുടെ തീരുമാനം ഉണ്ടാവുന്നത്.
ഇറോം ശര്‍മിള എന്ന കവി, കഴിഞ്ഞ 16 വര്‍ഷമായി ഉള്ളറിഞ്ഞ് ഒരിറ്റ് ജലമോ, ഒരു വറ്റ് ചോറോ കടന്നുപോകാതെ, തന്റെ നിലപാടുകളില്‍ ഊന്നി പുതിയ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ജന്മം കൊണ്ട് കഴിയാന്‍ പറ്റുന്ന അത്രയധികം സഹനം അവര്‍ അനുഭവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാവണം, നാവിലേക്ക് തട്ടിയ തേനിന്റെ രുചി ആസ്വദിച്ചപ്പോള്‍ കണ്ണുനീര്‍ ഒഴുകിയെത്തിയത്.
ഇത്രയൊക്കെയായിട്ടും, രാജ്യം അവരെ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ല എന്നത് ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. അവരുടെ നീണ്ടകാല സമരത്തെ ഇന്ത്യന്‍ സമൂഹം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. രാജ്യത്ത് നടക്കുന്ന നിരവധി സമരങ്ങള്‍ക്കും മറ്റു പലസംഭവങ്ങള്‍ക്കും ലഭിക്കുന്ന പ്രാധാന്യം ഇവരുടെ സമര പരിസമാപ്തിക്കുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.
ഇനി ഇവരുടെ ജീവിതാവസാനത്തിനൊടുവിലെങ്കിലും അധികാരിവര്‍ഗം മണിപ്പൂരിലെ കിരാത നിയമം എടുത്തുകളയാന്‍ തയാറായാല്‍ അതിന് നന്ദി പറയേണ്ടിവരിക ഇറോം ശര്‍മിളയോട് മാത്രമായിരിക്കും. അത്തരം ഒരു മുഹൂര്‍ത്തമാണ് ലോകം സ്വപ്നം കാണുന്നത്. കാരണം, ഒരു പാവപ്പെട്ട സ്ത്രീയുടെ നീണ്ട നാളത്തെ പ്രതീക്ഷ നിറഞ്ഞ സമരം വിജയിച്ചു കാണാന്‍ തന്നെയാണ് എല്ലാ മനുഷ്യ സ്‌നേഹികളും ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."