'കോടിയേരി ചരിത്രം തമസ്ക്കരിക്കരുത്'; പി ബാലനേയും ഗൗരിയമ്മയേയും ഓര്‍മിപ്പിച്ച് കെ.സി വേണുഗോപാല്‍
തിരുവനന്തപുരം:കോടിയേരിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ചരിത്രത്തെ കോടിയേരി തമസ്ക്കരിക്കരുതെന്ന് അദ്ദേഹം തുറന്നടിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് ഒരു വികസന സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിന്റെ പേരിലാണ് ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേതാവ് പി.ബാലന് മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് എം.വി രാഘവനൊപ്പം ചായ കുടിച്ചതിന്റെ പേരിലായിരുന്നെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അത്തരം പാരമ്പര്യമുള്ളവരാണ് വലിയ ജനാധിപത്യത്തെക്കുറിച്ച് പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
'കെ.വി തോമസിന്റെ കാര്യം ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം സി.പി.എം ജി.സുധാകരന്റെ കാര്യം കൂടി ചര്‍ച്ച ചെയ്യട്ടെ. എന്തുകൊണ്ടാണ് സുധാകരന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തത്?. യഥാര്‍ഥത്തില്‍ സി.പി.എമ്മാണ് അസഹിഷ്ണുത കാണിച്ചത്. കേരള രാഷ്ട്രീയം അറിയുന്നവര്‍ക്ക് അറിയാം മറ്റു പാര്‍ട്ടികളുമായി സഹകരിക്കാന്‍ ഏറ്റവും കൂടുതല്‍ അനുവദിക്കാതിരിക്കുന്ന പാര്‍ട്ടി സി.പി.എമ്മാണ്' വേണുഗോപാല്‍ പറഞ്ഞു.
അതേസമയം കെ.വി തോമസിനെതിരേ നടപടിയെടുക്കണോ എന്ന് സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അവരുടെ നിലപാട് വന്നശേഷം പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."