HOME
DETAILS

കൈക്കൂലി വാങ്ങിയില്ലെങ്കിൽ ജോലി ചെയ്യാനാവാത്ത അവസ്ഥ

  
backup
April 08 2022 | 19:04 PM

78456234263-2022


അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന് കേരളത്തിലെ ആദ്യ രക്തസാക്ഷിയായിരിക്കും വയനാട് മാനന്തവാടി സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ സീനിയർ ക്ലാർക്ക് ആയിരുന്ന സിന്ധു. കൈക്കൂലി വാങ്ങാൻ തയാറില്ലാത്തതിനാൽ അത് വാങ്ങുന്നവരുടെ കടുത്ത മാനസിക പീഡനത്തിന് ഇരയായാണ് ഒരു തുണ്ടം കയറിൽ അവർ ജീവിതം അവസാനിപ്പിച്ചത്. ഓഫിസിലെ മാനസിക പീഡനത്തെക്കുറിച്ച് സിന്ധുവും മറ്റു ആറു പേരും കഴിഞ്ഞ ഞായറാഴ്ച ആർ.ടി.ഒയെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചതാണ്. രേഖാമൂലം പരാതി നൽകിയില്ല എന്ന കാരണം പറഞ്ഞ് ആർ.ടി.ഒ ഇത് സംബന്ധിച്ച അന്വേഷണത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഉത്തരവാദിത്വരാഹിത്യമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. സിന്ധു ഉൾപ്പെടെയുള്ള ആറു പേർ പരാതി പറഞ്ഞപ്പോൾ ഒരന്വേഷണം ആർ.ടി.ഒ നടത്തിയിരുന്നെങ്കിൽ ഇൗ ഗതിവരില്ലായിരുന്നു. എവിടെ നിന്നും നീതി കിട്ടില്ലെന്ന നിരാശയിലായിരിക്കാം അവർ ജീവനൊടുക്കിയിട്ടുണ്ടാവുക. മരണാനന്തരം അവരുടെ മുറിയിൽനിന്ന് കണ്ടെടുക്കപ്പെട്ട ആത്മഹത്യാ കുറിപ്പിൽ കൈക്കൂലി വാങ്ങുന്നില്ലെങ്കിൽ തുടരാനാവാത്ത അവസ്ഥയാണ് ഓഫിസിലുള്ളതെന്നും ഇതേ കാരണത്താൽ തന്റെ ജോലി ഏത് നിമിഷവും നഷ്ടപ്പെട്ടു പോയേക്കാമെന്ന ആകുലതയും അവർ പങ്കുവച്ചിരുന്നു.


യാതൊരു അറപ്പുമില്ലാതെ കൈക്കൂലി ചോദിച്ചു വാങ്ങുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ആർ.ടി ഓഫിസുകൾ. ആർ.ടി ഓഫിസ് കെട്ടിടത്തിലെ തൂണുകൾക്ക് പോലും കൈക്കൂലി കൊടുത്താലേ കാര്യം സാധിക്കൂ എന്നത് ഈ സ്ഥാപനങ്ങളെക്കുറിച്ചു കാലങ്ങളായി പറഞ്ഞു കേൾക്കുന്നതാണ്. ഏതെങ്കിലും ശുദ്ധാത്മാവ് താൻ കൈക്കൂലി വാങ്ങി തന്റെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റേയും വയർ നിറയ്ക്കുകയില്ലെന്ന് ഉറപ്പിച്ച് സർക്കാർ ഓഫിസിൽ ജോലിക്ക് കയറിയാൽ അത്തരം വ്യക്തികളെ അഴിമതിയുടെ ആൾരൂപമാക്കി മാറ്റാൻ കൈക്കൂലി വാങ്ങുന്ന ഇതര ജീവനക്കാർക്ക് പ്രത്യേക മെയ്‌വഴക്കമുണ്ട്.


കൈക്കൂലി വാങ്ങുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഘടനാ വ്യത്യാസമൊന്നും ഇല്ല. ഡെമോക്ലിസിന്റെ വാൾ പോലെ തന്റെ ശിരസിന് മുകളിൽ ആപത്ത് തൂങ്ങിക്കിടപ്പുണ്ടെന്ന ആശങ്കയാണ് സിന്ധു തന്റെ സഹോദരങ്ങളോടും ഡയറിയിലും പങ്കുവച്ചത്. അത്തരമൊരു സംഘർഷഭരിതമായ ഔദ്യോഗിക ജീവിതത്തിന്റെ ഭാരം താങ്ങാൻ കഴിയാതെയാണവർ ജീവനൊടുക്കിയത്. സിന്ധുവിനെപ്പോലെ കൈക്കൂലി വാങ്ങാൻ തയാറില്ലാത്ത എത്രയോ പേർ ഇന്നും സർക്കാർ ഓഫിസുകളിൽ കനത്ത മാനസിക പീഡനം അനുഭവിക്കുന്നുണ്ടാകണം. ഒന്നുകിൽ അവർ കൈക്കൂലി കോക്കസിന്റെ ഭാഗമാകാൻ കുറ്റബോധത്തോടെ നിർബന്ധതിരാവുകയോ അല്ലെങ്കിൽ കൈക്കൂലി വാങ്ങില്ലെന്നുറപ്പിച്ച് എല്ലാ പീഡനങ്ങളും സഹിച്ച് മരിച്ചതിനെക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ കഴിഞ്ഞുകൂടുകയും ചെയ്യുന്നു.


ഒരോ അഞ്ചു വർഷം കൂടുമ്പോഴും ഭീമമായ തുകയാണ് ശമ്പള കമ്മിഷൻ ഇവർക്ക് ശമ്പള വർധനയായി ശുപാർശ ചെയ്യുന്നത്. സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്നെടുത്താണ് ഇത്രയും വലിയ തുക ഇവർക്ക് നൽകുന്നത്. ശുപാർശ നൽകുമ്പോൾ കമ്മിഷൻ മറ്റൊന്നു കൂടി സർക്കാരിനെ ഓർമിപ്പിക്കാറുണ്ട്. ശമ്പള വർധന നടപ്പാക്കുന്നതോടൊപ്പം ജീവനക്കാരുടെ കർമശേഷി വർധിപ്പിക്കാനുള്ള നടപടികളും ഉണ്ടാകണം. എന്നാൽ അത്തരം കർമശേഷി വർധിക്കുന്നത് കൈക്കൂലി വാങ്ങുന്ന കാര്യത്തിൽ മാത്രമാണ്. അർഹതയില്ലാത്ത പണമാണ് തന്റെ കുടുംബത്തിന് താൻ ആഹാരമായി നൽകുന്നതെന്ന് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ എന്നോർത്ത് പോവുകയാണ്. പണ്ട് വാൽമീകി കാട്ടാളനായിരുന്നപ്പോൾ താൻ ചെയ്യുന്ന പിടിച്ചുപറിയുടെ പാപത്തിൽ അത് ഭക്ഷിക്കുന്ന നിങ്ങൾക്ക് പങ്കുണ്ടാകുമോ എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ അവനവൻ ചെയ്യുന്ന പാപം അവനവൻ തന്നെ അനുഭവിക്കുമെന്ന വാൽമീകിയുടെ ഭാര്യയുടെ മറുപടിയാണ് കാട്ടാളനെ മഹർഷിയായി ഉയർത്തിയത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ മഹർഷി തലത്തിലേക്ക് ഉയർന്നില്ലെങ്കിലും കൈക്കൂലി വാങ്ങാതിരിക്കാൻ, അവരവരുടെ ഭാര്യമാരോട് വാൽമീകി ചോദിച്ച ചോദ്യം ചോദിക്കുന്നത് ഉചിതമായിരിക്കും.


എന്തിനും ഏതിനും കൈക്കൂലി കൊടുക്കേണ്ട നാടായി മാറിയിരിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയപ്പെടുന്ന കേരളം. പശുവിന്റെ പോസ്റ്റുമോർട്ടം മുതൽ വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ വരെ കൈക്കൂലി വാങ്ങുന്നതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സന്നദ്ധ സംഘടനകളുടെ പഠനം കഴിഞ്ഞ ഡിസംബർ എട്ടിനാണ് പുറത്ത് വിട്ടത്. ആർ.ടി ഓഫിസുകൾ കഴിഞ്ഞാൽ റവന്യു, പൊലിസ്, തദ്ദേശം, വനം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലാണ് അഴിമതിയുടെ കൂത്തരങ്ങ്. ഇടക്കിടെ കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്നുണ്ടെങ്കിലും സസ്പെൻഷനല്ലാതെ മറ്റൊന്നും സംഭവിക്കാത്തതാണ് അഴിമതി തടയാൻ കഴിയാതെ പോകുന്നത്. മറ്റു കുറ്റകൃത്യങ്ങളെക്കാൾ സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കൈക്കൂലിയും അഴിമതിയുമെന്ന് തിരിച്ചറിഞ്ഞ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് പിരിച്ചുവിടുകയാണ് വേണ്ടത്.
പാർലമെൻ്റ് പാസാക്കിയ നിയമഭേദഗതി അനുസരിച്ച് ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. ഇത് അഴിമതിക്കാർക്ക് വളം വച്ചുകൊടുക്കുന്നതിനു തുല്യമാണ്. അഴിമതിക്കേസുകൾ സർക്കാരിലേക്ക് അയക്കുന്ന ഇടനിലക്കാരായി വിജിലൻസ് മാറിയിരിക്കുന്നു. തുടർനടപടികൾക്ക് മേലധികാരിയുടെ അനുവാദം കിട്ടാതെ വരുമ്പോൾ കൈക്കൂലി കേസുകൾ സംബന്ധിച്ച പരാതികൾ മേലധികാരിയുടെ ചവറ്റുകുട്ടയിൽ അഭയം കണ്ടെത്തും. ഇതിനൊന്നും മാറ്റം വരാതെ സർക്കാർ ഓഫിസുകളിലെ കൈക്കൂലി അവസാനിപ്പിക്കാൻ കഴിയില്ല.


അഴിമതിയും കൈക്കൂലിയും രാഷ്ട്രത്തെ നശിപ്പിക്കുന്ന ഏറ്റവും മാരകമായ വിപത്താണെന്ന് സർക്കാർ മനസിലാക്കണം. അഴിമതിക്കാരെ സർവിസിൽനിന്ന് പിരിച്ചുവിടുന്ന നിയമ നിർമാണമാണ് ഉണ്ടാകേണ്ടത്. കൈക്കൂലി വാങ്ങാതെ സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയില്ലെന്ന അവസ്ഥ നിലനിൽക്കുമ്പോൾ സത്യസന്ധരായ ഉദ്യോഗസ്ഥർ കൈക്കൂലിക്കാരുടെ മാനസിക പീഡനം സഹിക്കാനാവാതെ ചിലപ്പോൾ സിന്ധുവിന്റെ വഴി തേടിയേക്കാം. ഇനിയുമങ്ങനെ സംഭവിക്കാതിരിക്കട്ടെ. സത്യസന്ധമായി ജോലി ചെയ്യാൻ കഴിയാതെ വന്നതിൽ രക്തസാക്ഷിയാകേണ്ടി വന്ന ആദ്യത്തെയും അവസാനത്തെയും സർക്കാർ ഉദ്യോഗസ്ഥയാകട്ടെ സിന്ധു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago