HOME
DETAILS

കാറും കോളുമടങ്ങാത്ത കടല്‍

  
backup
April 10, 2022 | 5:55 AM

89653-4563

ഡോ.എൻ ഷംനാദ്

അന്നു രാത്രി പട്ടണത്തിലുള്ളവരെല്ലാം ഉറങ്ങിയിട്ടും അവര്‍ക്ക് മാത്രം സ്വസ്ഥത കിട്ടിയതേയില്ല. കടലിലെ തിരമാലകളോടും കൊടുങ്കാറ്റിനോടും ജീവന്മരണ പോരാട്ടം നടത്തുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചോര്‍ക്കുമ്പോള്‍ മുക്കുവ പെണ്ണുങ്ങള്‍ക്ക് എങ്ങനെയാണ് ഉറങ്ങാനാകുന്നത്? 'കടലില്‍ പോയവര്‍ മരിച്ചത് പോലെയാണ്. ഇനിയാരെങ്കിലും തിരിച്ചുവന്നാല്‍ അതവരുടെ പുതുജന്മമായിരിക്കും' എന്ന കടപ്പുറത്തെ ചൊല്ല് മനസ്സിലോര്‍ത്തുകൊണ്ട് 'നഷ്ടപ്പെട്ടുപോയവര്‍' തിരിച്ചുവരണേയെന്ന് മനമുരുകി പ്രാര്‍ഥിക്കുകയാണവര്‍. അര്‍ഥമറിയാതെയാണെങ്കിലും കുട്ടികളും അവര്‍ക്കൊപ്പം ചേരുന്നു. മുലകുടിപ്രായം കഴിയാത്ത കൈക്കുഞ്ഞുങ്ങളാകട്ടെ ഇമവെട്ടാതെ തങ്ങളുടെ ഉമ്മമാരെ നോക്കിയാണ് ആ പ്രാര്‍ഥനയില്‍ പങ്കുചേരുന്നത്. മണിക്കൂറുകള്‍ ഏറെ കഴിഞ്ഞെങ്കിലും കടലില്‍ പോയവരെക്കുറിച്ച് മാത്രം യാതൊരു വിവരവുമില്ല. പുറത്തൊരു കാലൊച്ചയും കേള്‍ക്കുന്നില്ലല്ലോ? തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കെന്ത് സംഭവിച്ചിട്ടുണ്ടാകും? കടലിലെവിടെയായിരിക്കും അവരിപ്പോള്‍? എപ്പോഴാണവര്‍ തിരിച്ചുവരുക? ശരിക്കുമവര്‍ തിരിച്ചുവരുമോ?


ഉറ്റവരെക്കുറിച്ചുള്ള ആശങ്ക പതിയെ ഭീതിയിലേക്കും പിന്നെ അലറിക്കരച്ചിലിലേക്കും നീങ്ങി. തങ്ങളുടെ വീട്ടുവാതിലില്‍ മുട്ടിവിളിക്കാനിടയുള്ള ദുരന്തവാര്‍ത്തയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരുടെ ഇടനെഞ്ച് തകര്‍ന്നുപോകുന്നു.


മുക്കുവരുടെ വീടുകളിലെന്നും വേദനയായിരിക്കും സ്ഥിരം സന്ദര്‍ശകന്‍. അരയന്മാരുടെ പെണ്ണുങ്ങള്‍ക്ക് ത്യാഗം ചെയ്യാനായിരിക്കും യോഗം. എന്നും തങ്ങളുടെ പുരുഷന്മാരെ കടലിനെ ഏല്‍പിക്കുമ്പോള്‍ ഒപ്പം ആ കടല്‍ കൊണ്ടുപോകുന്നത് അവരുടെ മനസ്സിനേയും വിധിയേയും കുഞ്ഞുങ്ങളുടെ ഭാവിയേയുമായിരിക്കും. ഇരമ്പിയാര്‍ക്കുന്ന കടലിലേക്ക് ഉറ്റുനോക്കി നേര്‍ച്ചനോറ്റിരിക്കും അവര്‍. കാണാമറയത്തേക്ക് പോയ തങ്ങളുടെ ആണുങ്ങളെ തിരിച്ചുതരണേ തമ്പുരാനേ എന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കും. ഇടയ്ക്കിടയ്ക്ക് വാതിലിനരികില്‍ പോയി നിന്ന് കടലിലേക്ക് നോക്കുമ്പോള്‍ മനസ് തിരക്കുന്നത് ഒന്ന് മാത്രമായിരിക്കും: 'എപ്പോള്‍ വരും തങ്ങളുടെ പ്രിയപ്പെട്ടവര്‍?'
രണ്ടാം ലോകയുദ്ധകാലത്തെ ഒരു ശൈത്യകാലം. സിറിയയിലെ ലാദിഖിയ്യ പട്ടണത്തിലെ ഒരു തുറമുഖത്തുനിന്ന് കടലില്‍ പോയവരൊക്കെ തിരിച്ചുവന്നിട്ടും റഹ്്മൂനിയുടെ വള്ളം മാത്രം തിരിച്ചെത്തിയില്ല. അതുവരെയില്ലാത്തവിധം പ്രക്ഷുബ്ധമായ കടല്‍. അര്‍ധരാത്രി കഴിഞ്ഞിരിക്കുന്നു. റഹ്്മൂനിയും കൂട്ടരും കടലില്‍ പോയിട്ട് മണിക്കൂര്‍ പത്ത് പിന്നിട്ടു. മറ്റ് തീരങ്ങളിലൊക്കെ അന്വേഷിച്ചിട്ടും ആ വള്ളം ഒരിടത്തും ചെന്നടിഞ്ഞിട്ടുള്ള വിവരം മാത്രം കിട്ടിയില്ല. ഏങ്ങലടിച്ചു കരയുന്ന റഹ്്മൂനിയുടെ ഭാര്യയുടെ ശബ്ദം കേട്ട് കടപ്പുറത്തുള്ളവരൊക്കെ പോര്‍ട്ട് ചെയര്‍മാന്റെ ഓഫിസിലേക്ക് ഓടിയെത്തി. ''കടലില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ റെസ്‌ക്യു ബോട്ട് ഇറക്കിയേ തീരൂ''-ആരോ പറഞ്ഞു. പക്ഷേ, മലപോലെ ഉയര്‍ന്നുവരുന്ന രാക്ഷസത്തിരമാലകള്‍ക്കിടയിലേക്ക് ബോട്ടിറക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടാകുമോ? ''ഞാന്‍ പോകാം കടലിലേക്ക''- അബൂ സുഹ്ദിയെന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന തറൂസിയായിരുന്നു അത്. അയാളുടെ വാക്കുകള്‍ സൃഷ്ടിച്ച ആവേശത്തില്‍ വേറെ മൂന്നാളുകള്‍ കൂടി രംഗത്തുവന്നു.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ട് അവരെയും വഹിച്ചുകൊണ്ട് കടലിലേക്ക് കുതിച്ചു. മണിക്കൂറുകള്‍ നീണ്ട ദുഷ്‌കരമായ തിരച്ചിലായിരുന്നു കൂരിരുട്ട് നിറഞ്ഞ കടലില്‍ അവര്‍ നടത്തിയത്. ഒടുവില്‍ പ്രഭാതമാകാന്‍ നേരമായപ്പോള്‍ അതാ അകലെ തകരാറായ ഒരു വള്ളം. എന്നാല്‍ റഹ്്മൂനിയേയോ കൂടെയുള്ള മറ്റ് മുക്കുവരെയോ ഒന്നും അവിടെ കണ്ടില്ല. വള്ളം കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ വന്നതും തറൂസി കൂടെയുള്ളവരോട് ബോട്ടുമായി തിരിച്ചുപോകാന്‍ പറഞ്ഞു. ''ഇവിടെ ഇനിയും നിന്നാല്‍ നിങ്ങളുടെ ജീവനും ആപത്താണ്. ഞാനെന്തായാലും റഹ്്മൂനിയുടെ വള്ളവുമായേ തിരിച്ചുവരൂ. പണ്ട് ഇതുപോലെ സ്വന്തം ബോട്ട് കടലില്‍ നഷ്ടപ്പെടുത്തേണ്ടി വന്നവനാണ് ഞാന്‍. ആ ചരിത്രം ആവര്‍ത്തിക്കാന്‍ വയ്യ.'' കടലിലേക്ക് ചാടിയ തറൂസിക്കൊപ്പം സുഹൃത്ത് അഹ്്മദും ചേര്‍ന്നു. ഇഷ്ടമില്ലാതെയാണെങ്കിലും കൂടെയുള്ളവര്‍ക്ക് ബോട്ടുമായി തീരത്തേക്ക് തിരിച്ചുപോകേണ്ടി വന്നു.


കുടുങ്ങിക്കിടക്കുന്ന വള്ളം രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് തറൂസി ആ കാഴ്ച കണ്ടത്. വള്ളത്തിനുള്ളില്‍ മൃതപ്രായനായി കിടക്കുന്ന റഹ്്മൂനി. ബോധമില്ലെങ്കിലും ജീവന്റെ തുടിപ്പുകളുണ്ടായിരുന്നു ആ ശരീരത്തില്‍. പിറ്റേന്ന് ഉച്ചയ്ക്ക് ബൈനോക്കുലറിലൂടെ കടലിലേക്ക് നോക്കിനിന്നവര്‍ ആ വിസ്മയക്കാഴ്ച കണ്ടു. റഹ്്മൂനിയുടെ വള്ളം അങ്ങ് ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആ വാര്‍ത്തയറിഞ്ഞ് കടപ്പുറത്തേക്ക് ജനം ഇരമ്പിയെത്തി. അവശനായ റഹ്്മൂനിയേയും കൊണ്ട് കരയിലേക്ക് വരുന്ന തറൂസിയെ കണ്ടതും അയാളുടെ വൈരിയായ അബൂറഷീദ് പോലും പറഞ്ഞുപോയി: ''അബൂസുഹ്ദീ, താനാണെടോ യഥാര്‍ഥ നാവികന്‍!''


തറൂസിയുടെ കഥ


'കടലിന്റെ കഥാകാരന്‍' എന്നറിയപ്പെടുന്നസിറിയന്‍-അറബി എഴുത്തുകാരന്‍ ഹന്നാ മീനയുടെ(1924-2018) 1982ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'അല്‍ശിറാഉ വല്‍ആസിഫ' (The Sail and the Storm) എന്ന വിഖ്യാത നോവലിലെ നായക കഥാപാത്രമാണ് തറൂസി. ലാദിഖിയ്യ തുറമുഖ പട്ടണത്തിലാണ് തറൂസി ജനിച്ചത്. മാതാപിതാക്കളൊക്കെ മരിച്ചുപോയി. ആകെയുള്ളൊരു സഹോദരികൂടി വിവാഹം കഴിഞ്ഞ് ട്രിപ്പോളിയിലേക്ക് പോയതോടെ അയാള്‍ ശരിക്കും ഒറ്റയ്ക്കായി. എന്നാല്‍ ആ ഏകാന്തത തറൂസി മറക്കുന്നത് കടലിലാണ്. നീണ്ട കഠിനാധ്വാനംകൊണ്ട് അയാളൊരു ബോട്ട് സ്വന്തമാക്കി. 'മന്‍സൂറ' എന്ന ബോട്ടുപയോഗിച്ച് സിറിയയില്‍നിന്ന് ധാന്യങ്ങളും മറ്റും സൈപ്രസ്, ഹൈഫ, അലക്‌സാണ്ട്രിയ തുടങ്ങിയ തുറമുഖങ്ങളിലേക്ക് കടത്തുനടത്തിക്കൊണ്ടിരുന്നു. യൂറോപ്പിലെ റുമേനിയയില്‍നിന്ന് സിറിയ, ലെബനോണ്‍, ഫലസ്തീന്‍ തുടങ്ങിയ അറബ് പ്രദേശങ്ങളിലേക്ക് മരത്തടികളും വഹിച്ചുകൊണ്ടായിരിക്കും 'മന്‍സൂറ' മെഡിറ്ററേനിയനിലൂടെ മടക്കയാത്ര നടത്തുന്നത്.


നാവികന്‍ സൈനികനെപ്പോലെയാണ്, പോരിനിറങ്ങിയാല്‍ തിരികെവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്തവന്‍. ഇങ്ങനെ വിശ്വസിക്കുന്ന തറൂസി വിവാഹം കഴിച്ചില്ല. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നിട്ടും റുമേനിയയിലെത്തുമ്പോഴെല്ലാം കാണാറുള്ള മറിയ മാത്രമാണ് തറൂസിയുടെ മനംകവര്‍ന്ന ഒരേയൊരാള്‍. പിന്നീടാണ് ഉമ്മു ഹസന്‍ എന്നൊരു പാവം സ്ത്രീ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്‌നേഹിച്ച പുരുഷന്‍ വഞ്ചിച്ചു കടന്നുകളഞ്ഞപ്പോള്‍ ജീവിക്കാനായി ശരീരം വില്‍ക്കേണ്ടിവന്ന നജ്‌വയെന്ന ഉമ്മുഹസനെ സ്വന്തം ജീവിതത്തിലേക്ക് കൂടെക്കൂട്ടുകയായിരുന്നു തറൂസി.


1936ല്‍ ഒരു കടല്‍യാത്രക്കിടയില്‍ തറൂസിയുടെ ബോട്ട് കടലിലെ പാറക്കെട്ടുകളില്‍ ഇടിച്ച് തകര്‍ന്നു. കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ടായിരുന്ന 'മന്‍സൂറ' മെഡിറ്ററേനിയന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുന്നത് തകര്‍ന്ന ഹൃദയത്തോടെ നോക്കിനില്‍ക്കാനേ അയാള്‍ക്കായുള്ളൂ. മറ്റേതോ വള്ളത്തില്‍ കയറി രക്ഷപ്പെട്ട് കരയ്‌ക്കെത്തിയെങ്കിലും തറൂസിക്ക് കടല്‍ പതിയെ അന്യമാകാന്‍ തുടങ്ങി. ജീവിക്കാനായി അയാള്‍ തുറമുഖത്തിനടുത്തെ പാറക്കെട്ടില്‍ ഒരു കാപ്പിക്കട തുടങ്ങി. അബൂ മുഹമ്മദെന്ന വൃദ്ധനെ സഹായിയായി കൂടെക്കൂടി. കാപ്പി കുടിക്കാനും ഹുക്ക വലിക്കാനും ചീട്ട് കളിക്കാനുമായി മുക്കുവന്മാരും കരയിലിരുന്ന് മീന്‍ പിടിക്കുന്നവരുമൊക്കെ ആ കടയിലേക്ക് വരും. പക്ഷേ, അപ്പോഴും തറൂസിയുടെ മനസ് പിടഞ്ഞിരുന്നത് കടലിനുവേണ്ടിയായിരുന്നു. ''തിരിച്ചുപോകും ഞാന്‍ കടലിലേക്ക് തന്നെ! എങ്ങനെയെങ്കിലും ഒരു ബോട്ട് സ്വന്തമാക്കണം. പണ്ടത്തെപ്പോലെ എനിക്ക് വീണ്ടുമൊരു കപ്പിത്താനാകണം!''

രക്ഷകനായ തറൂസി

ഒന്നാം ലോകയുദ്ധം കഴിഞ്ഞതോടെ ഉസ്മാനിയാ തുര്‍ക്കികളുടെ പ്രദേശമായിരുന്ന സിറിയ ഫ്രഞ്ചുകാരുടെ മാന്‍ഡേറ്റ് ഭരണത്തിന് കീഴിലായി. കോളനിവാഴ്ചയുടെയും മുതലാളിത്ത വ്യവസ്ഥയുടെയും ഇരയായിരുന്നു അക്കാലത്തെ സിറിയന്‍ പ്രദേശങ്ങള്‍. ലാദിഖിയ്യ പട്ടണത്തിലെ തുറമുഖം അടക്കിവാഴുന്നത് അബൂറഷീദാണ്. അയാളറിയാതെ അവിടെ ഒരു ഈച്ചപോലും അനങ്ങില്ല. പുറംകടലില്‍ നിര്‍ത്തിയിടുന്ന ചരക്കുകപ്പലിലേക്ക് സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്ന ബോട്ടുകളെല്ലാം അബൂറഷീദിന്റെ നിയന്ത്രണത്തിലാണ്. കസ്റ്റംസുകാര്‍ പോലും അയാള്‍ക്കായി പണിയെടുക്കുന്നു. എന്നാല്‍ തറൂസി കടപ്പുറത്ത് കാപ്പിക്കട തുറന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ചുമട്ടുതൊഴിലാളികളെയും മീന്‍പിടിത്തക്കാരെയും ദ്രോഹിക്കുന്ന അബൂറഷീദിന്റെ കിങ്കരന്മാരെ തറൂസി തടയാന്‍ തുടങ്ങിയതോടെ അയാളെ കായികമായി നേരിടാന്‍ തന്നെ അബൂറഷീദ് തീരുമാനിച്ചു.


സാലിഹ് ബാറു എന്ന ഗുണ്ടയെ തറൂസിയുടെ കാപ്പിക്കടയിലയച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ വരെ ശ്രമിച്ചു. വെടിവയ്പില്‍ കലാശിച്ച അനിഷ്ട സംഭവങ്ങള്‍ക്കൊടുവില്‍ പറ്റിയ സമയത്ത് തിരിച്ചടിക്കാമെന്ന് കരുതി അബൂറഷീദ് തല്‍ക്കാലം പിന്‍വാങ്ങി. ശൈഖ് ദാഹിര്‍ പ്രദേശത്തെ പ്രമാണിയായ നദീം മസ്ഹര്‍ തറൂസിയെ കണ്ട് പിന്തുണ അറിയിക്കുന്നത് ഈ സമയത്താണ്. പോര്‍ട്ടില്‍ അബൂറഷീദിന്റെ അധീശത്വം അവസാനിപ്പിക്കാന്‍ എന്ത് സഹായം വേണമെങ്കിലും താന്‍ ചെയ്യാമെന്ന് നദീം വാക്കുകൊടുക്കുന്നു. എന്നാല്‍ ആരുടെയും പക്ഷത്ത് ചേരാതെ മാറിനില്‍ക്കാനാണ് തറൂസി ശ്രമിച്ചത്.


രണ്ടാം ലോകയുദ്ധം കൊടുമ്പിരികൊള്ളാന്‍ തുടങ്ങിയതോടെ ഫ്രഞ്ച് വിരുദ്ധ രാഷ്ട്രീയത്തിലേക്ക് ലാദിഖിയ്യ പട്ടണവും എടുത്തെറിയപ്പെട്ടു. അക്കൂട്ടത്തിലൊരാളാണ് അബൂഹമീദ്. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന് വിശ്വസിക്കുന്ന അബൂഹമീദ് ഹിറ്റ്‌ലറിന്റെയും ജര്‍മനിയുടെയും ആരാധകനാണ്. സിറിയയെ ഫ്രഞ്ചുകാരില്‍നിന്ന് മോചിപ്പിക്കാന്‍ ഹിറ്റ്‌ലറിനേ സാധിക്കൂ എന്ന് അയാള്‍ തന്റെ സുഹൃത്തുക്കളോട് പറയുന്നു. തറൂസിയുടെ കാപ്പിക്കടയിലുള്ള റേഡിയോയിലൂടെ അയാള്‍ ബെര്‍ലിന്‍ റേഡിയോ വാര്‍ത്തകള്‍ മുക്കുവരെ കേള്‍പ്പിക്കാന്‍ തുടങ്ങി. തറൂസിക്കും അബൂഹമീദിനെ വലിയ കാര്യമായിരുന്നു.


എന്നാല്‍ ഉസ്താദ് കാമില്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു തറൂസിയെ ഏറ്റവുമധികം സ്വാധീനിച്ചത്. ഫ്രഞ്ചുകാരെക്കാളും വലിയ അപകടകാരിയാണ് ഹിറ്റ്ലര്‍ എന്ന് അയാള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാമ്രാജ്യത്വത്തിനെതിരേ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. നിരന്തര ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സിറിയയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഫ്രഞ്ച് ഭരണകൂടം അനുമതി നല്‍കി. ദേശീയ മുന്നണിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും രണ്ടാം ലോകയുദ്ധം അവസാനിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ് ഫ്രഞ്ചുകാര്‍ ഒഴിഞ്ഞുപോകാന്‍ തയാറാവുന്നില്ല. നാടിന്റെ വിവിധഭാഗങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ ലാദിഖിയ്യയിലും ദേശീയവാദികള്‍ സംഘടിച്ചു. അവര്‍ക്കായി രഹസ്യമായി കടലിലൂടെ ആയുധങ്ങള്‍ കടത്താനുള്ള നിയോഗം ഏറ്റെടുത്തതും തറൂസി തന്നെയായിരുന്നു.


കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട റഹ്്മൂനി ഉള്ളതൊക്കെ വിറ്റുപെറുക്കി ഒരു ബോട്ട് വാങ്ങുന്നത് ഇക്കാലത്താണ്. തന്റെ ജീവന്‍ രക്ഷിച്ച തറൂസി തന്നെ അതിന്റെ കപ്പിത്താനാകണമെന്ന് അയാള്‍ കൊതിച്ചു. സ്‌നേഹത്തോടെയുള്ള ആ നിര്‍ബന്ധത്തിന് തറൂസി വഴങ്ങിയത് ഒരു നിബന്ധനയോടെയായിരുന്നു. കരയിലെ കാപ്പിക്കട വിറ്റ് താനും ബോട്ടിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാകും. ഉമ്മുഹസനും അബൂമുഹമ്മദുമൊക്കെ അയാളെ പിന്തിരിപ്പിക്കാന്‍ നോക്കിക്കൊണ്ടേയിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കരയില്‍ ശ്വാസംമുട്ടി ജീവിക്കുകയായിരുന്ന ഒരു മീനായിരുന്നു തറൂസി. അയാള്‍ക്ക് ഏത് വിധേനയും കടലിലേക്ക് മടങ്ങിപ്പോയേ തീരൂ. ആ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ സ്ഥലവും കാലവും കീഴടങ്ങുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.

കടലിന്റെ കഥാകാരന്‍

പ്രകൃതിശക്തികളുടെയും മുതലാളിത്തത്തിന്റെയും കടന്നുകയറ്റങ്ങള്‍ക്കെതിരേ മനുഷ്യന്റെ ഇച്ഛാശക്തി നടത്തുന്ന അനന്തമായ ചെറുത്തുനില്‍പ്പിന്റെ ഇതിഹാസ കഥയെന്നാണ് പ്രമുഖ മാര്‍ക്‌സിസ്റ്റ് നിരൂപകനായ ഗാലി ശുക്‌രി 'അല്‍ശിറാഉ വല്‍ആസിഫ'യെ വിശേഷിപ്പിച്ചത്. ഹെമിങ്‌വേയുടെ 'ദി ഓള്‍ഡ് മാന്‍ ആന്റ് ദി സീ', ഗ്രീക്ക് സാഹിത്യകാരന്‍ നിക്കോസ് കസന്‍ദ്‌സക്കിസിന്റെ 'സോര്‍ബ ദി ഗ്രീക്ക്' എന്നീ കൃതികളുടെ വ്യക്തമായ സ്വാധീനം പേറുന്ന സോഷ്യലിസ്റ്റ് റിയലിസ്റ്റിക് നോവലാണിത്. ഒരേസമയം കടലില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് കടലിലേക്കുമുള്ള മനുഷ്യന്റെ വിസ്മയയാത്രയുടെ കഥയാണ് ഹന്നാമീന പങ്കുവയ്ക്കുന്നത്. ഏറ്റവും മികച്ച നൂറ് അറബി നോവലുകളുടെ പട്ടികയില്‍ 14ാം സ്ഥാനത്തെത്തിയ ഈ കൃതി കടലിനെ ഏറ്റവും ഹൃദ്യമായി അവതരിപ്പിച്ച അറബി നോവലാണ്.
കടലിനെയും മുക്കുവനെയും നാവികരെയും കുറിച്ച് നിരന്തരമെഴുതാന്‍ ഹന്നാ മീനയ്ക്ക് ദാഹം തന്നെയായിരുന്നു. കടല്‍ അതിന്റെ സര്‍വ നിഗൂഢതകളോടും വൈരുധ്യങ്ങളോടും കൂടിത്തന്നെ മിക്ക കൃതികളിലും പ്രത്യക്ഷപ്പെടുന്നതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''കടല്‍ എനിക്കെന്നും പ്രചോദനം തന്നെയായിരുന്നു. പ്രക്ഷുബ്ധമായ കടല്‍ത്തിരമാലകളേറ്റ് നനഞ്ഞവയാണ് എന്റെ മിക്ക കൃതികളും. കടലിലെ മത്സ്യങ്ങള്‍ തന്നെയായിരുന്നു എന്നും എന്റെ മാംസം; ഉപ്പുവെള്ളം രക്തവും സ്രാവുകളുമായുള്ള പോരാട്ടം സ്വന്തം ജീവിതസമരവുമായിരുന്നു. കടലിലെ കൊടുങ്കാറ്റുകള്‍ എന്റെ തൊലിപ്പുറത്തവശേഷിപ്പിച്ചത് എത്രയെത്ര പാടുകളാണെന്നോ? 'കടലേ' എന്ന് ആളുകള്‍ വിളിച്ചപ്പോഴൊക്കെ വിളികേട്ടത് ഞാനായിരുന്നു. കടല്‍ ഞാന്‍ തന്നെയാണ്. അതിലാണ് ഞാന്‍ പെറ്റുവീണത്. അതിനുള്ളില്‍ തന്നെ മരിക്കാനായെങ്കിലെന്ന് കൊതിച്ചുപോകുന്നു. സ്വന്തം കുഴിമാടത്തിലെ സ്മാരകശിലയില്‍ എന്തെഴുതിവയ്ക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും: കടലിനെ പ്രണയിച്ചിട്ടും ദാഹം തീരാത്തൊരാള്‍!''



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  4 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  4 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  5 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  5 days ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  5 days ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  5 days ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  5 days ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  5 days ago
No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  5 days ago