'ജീവനോടെ എന്റെ കുഞ്ഞോമനയുമായി ഈ മണ്ണിനുള്ളില്‍ മൂടപ്പെട്ടെന്നുറപ്പിച്ചു' പത്തുനാള്‍ പ്രായമുള്ള കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് നജ്‌ല പറയുന്നു
ജനുവരി 27ന് അവന് ജന്മം നല്‍കിയപ്പോള്‍ തന്നെ നജ്‌ല അവരെ യാസ് (yagiz) എന്ന് വിളിച്ചു. ധൈര്യശാലി എന്നായിരുന്നു അതിന്റെ അര്‍ത്ഥം. ശരിക്കും അവന്‍ ധൈര്യശാലിയായിരുന്നു. വറ്റിത്തുടങ്ങിയ അമ്മിഞ്ഞപ്പാലിന്റെ നേര്‍ത്ത മധുരവും പ്രതീക്ഷയറ്റു മരവിച്ചഎന്റെ നെഞ്ചിന്റെ താളവും മാത്രം കൂട്ടുണ്ടായിട്ടും അവന്‍ ജീവതത്തിലേക്ക് തിരിച്ചു കയറിയില്ലേ...കുഞ്ഞോമനയെ ചേര്‍ത്തു പിടിച്ച് നജ്‌ല പറയുന്നു.
നജ്‌ല ജാമിസ്(necla camuz). നീണ്ട നാലു നാളുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മറ്റൊരല്‍ഭുതം.
കുഞ്ഞിന് പാല് കൊടുത്തികൊണ്ടിരിക്കുകയായിരുന്നു. കുലുക്കം അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ തന്നെ അപ്പുറത്തെ മുറിയിലുള്ള ഭര്‍ത്താവിന്റേയും മൂത്ത മകന്റേയും അടുത്തേക്ക് ഓടാന്‍ ശ്രമിച്ചു. അവരും എന്റെ അരികിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഒരു നിമിഷത്തില്‍ എല്ലാം കഴിഞ്ഞു. അവരുടെ മുകളിലേക്ക് വാര്‍ഡ്രോബ് വീഴുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. അവരതിനുള്ളിലായിപ്പോയി. ആ നിമിഷം തന്നെ മേല്‍ക്കൂര തകര്‍ന്നു എന്റെയും കുഞ്ഞിന്റേയും മേലേക്ക് വീണു. എന്നാല്‍ ഞങ്ങള്‍ക്കു മുകളിലേക്ക് മറ്റൊരു വാര്‍ഡ്രോബ് മറിഞ്ഞു വീണത് തുണയായി. കൂറ്റന്‍ കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ക്കും എനിക്കുമിടയില്‍ അതൊരു മറയായി നിന്നു.
എന്റെ നെഞ്ചില്‍ പറ്റിപ്പിടിച്ച് കിടക്കുകയായിരുന്നു കുഞ്ഞു. അവിടെ കിടന്ന് ഞാന്‍ മോനേയും ഭര്‍ത്താവിനേയും ഉറക്കെ വിളിച്ചു .എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല- 33 കാരിയ നജ്‌ല പറയുന്നു. നാല് ദിവസമാണ് കിടപ്പില്‍ ഇവര്‍ കിടന്നത്.
ഇട്ട വസ്ത്രത്താലെ തറയില്‍ വീണ് കിടക്കുകയായിരുന്നു അവര്‍. മുന്നില്‍ ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. എന്താണ് സംഭവിക്കുന്നതെന്നും മനസ്സിലാവുന്നില്ല. കുഞ്ഞിന് ശ്വാസമുണ്ടെന്നതായിരുന്നു ആകെയുള്ള ആശ്വാസം. പൊടിമൂലം ആദ്യം നജ്‌ലക്ക് ശ്വസിക്കാനായിരുന്നില്ല. പിന്നീട് ശ്വസിക്കാമെന്ന അവസ്ഥയായി. അടുത്തെങ്ങാനും വല്ല കളിപ്പാട്ടവും കിടപ്പുണ്ടോ എന്നൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ അനങ്ങാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. അനങ്ങിയാല്‍ മുകളിലുള്ളതെല്ലാം തകര്‍ന്നു വീഴുമോ എന്ന ഭയവും.
സമയമോ ദിവസമോ ഒന്നും അറിയുന്നില്ല. ചുറ്റും കറുപ്പ് മാത്രം. ഏറെക്കഴിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ ശബ്ദം കേള്‍ക്കുന്നതു പോലെ തോന്നി. ആരെങ്കിലുമുണ്ടോ എന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ ..അവള്‍ വിളിച്ചു ചോദിച്ചു. മേലെ വീണു കിടക്കുന്ന അലമാരയില്‍ അടിക്കാന്‍ ശ്രമിച്ചു. ഒന്നും നടന്നില്ല. പിന്നെ ചെറിയ കല്ലുകള്‍ പെറുക്കി മുകളിലേക്ക് എറിഞ്ഞു നോക്കി. അത് അലമാരയില്‍ തട്ടി ദേഹത്തേക്ക് തന്നെ വീണു. ആ ശബ്ദവും പുറത്തെത്തിയില്ല. ഇനി ആരും തന്നെ രക്ഷിക്കാന്‍ വരില്ലെന്ന് നജ്‌ല ഉറപ്പിച്ചു.
കോണ്‍ഗ്രീറ്റ് പാളികളും കല്‍ച്ചീളുകളും പൊടിയും നിറഞ്ഞ ഇരുളില്‍ ആ തറയില്‍ കിടന്ന് മരണത്തിന്റെ തണുപ്പറിഞ്ഞു അവള്‍. താന്‍ കണ്ട കിനാവുകളിലൊന്നും ഇങ്ങനെ രംഗമുണ്ടായിരുന്നില്ലല്ലോ എന്നോര്‍ത്തു.
' ഒരു കുഞ്ഞു ജനിക്കുമ്പോള്‍ കുന്നോളം സ്വപ്‌നം കാണുന്നവരാണ് നമ്മള്‍. അതെല്ലാം ഒരു നിമിഷത്തില്‍ മണ്‍കൂനക്കടിയില്‍ ഞെരിഞ്ഞു പോവുക'..ഭീതിമാറാതെ വിറച്ചു നജ്‌ല.
ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നു അവള്‍. ഇടക്ക് സ്വന്തം പാല്‍ തന്നെ കുടിക്കാന്‍ ശ്രമിച്ചു. മക്കളേയും ഭര്‍ത്താവിനേയും കുറിച്ച് മാത്രം ചിന്തിച്ചു. നെഞ്ചില്‍ പറ്റിപ്പിടിച്ച് കിടന്ന് കുഞ്ഞ് ഉറക്കമായിരുന്നു. ഇടക്ക് ഉണരുമ്പോള്‍ പാല്‍ കുടിക്കും. പിന്നെയും ഉറങ്ങും. അതിനിടക്ക് പ്രതീക്ഷയുടെ ഒരു ചെറിയ തിരിനാളമായി ആരൊക്കെയോ നടക്കുന്നതിന്റെ കാല്‍ശബ്ദം അനുഭവപ്പെട്ടു അവള്‍ക്ക്. ഏകദേശം 90 മണിക്കൂറിലേറെ പിന്നിട്ടു കാണും അന്നേരം. നായ കുരക്കുന്നത് കേട്ടു. സ്വപ്‌നം കാണുകയാണോ എന്ന് തോന്നി അവള്‍ക്ക്.
മണ്ണിനടിയിലെ ജീവന്റെ തുടിപ്പറഞ്ഞ നായയുടെ കുരയായിരുന്നു അത്. അതിന് പിന്നാലെ മനുഷ്യ ശബ്ദമെത്തി. നിങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ലല്ലോ. ഞങ്ങള്‍ക്ക് തിരികെ ഒരു മറുപടി തരൂ...അവര്‍ പിന്നേയും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. അവരവളെ പതിയെ കണ്ടെത്തി. നാളുകള്‍ നീണ്ട ഇരുട്ടിലേക്ക് ഒരായുസ്സിന്റെ മുഴുവന്‍ പ്രതീക്ഷയായി ടോര്‍ച്ചിന്റെ വെളിച്ചമെത്തി. ഇരുള് മൂടിയ എന്റെ കണ്ണുകളില്‍ വെളിച്ചം മിന്നി.
പുറത്തെത്തിയപ്പോള്‍ തന്റെ ഭര്‍ത്താവിനും മൂത്ത കുട്ടിക്കും എന്ത് സംഭവിച്ചുവെന്നായി ആധിയ അവരെ രക്ഷപ്പെടുത്തിയെന്ന് ആരോ പറഞ്ഞു. സമാധാനത്തിന്റെ വലിയൊരാകാശം സ്വന്തമായതു പോലെ തോന്നി അപ്പോള്‍.
പുറത്ത് വന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിന് എത്ര പ്രായമായെന്ന് ചോദിക്കുമ്പോള്‍ ഉത്തരമില്ലായിരുന്നു അവള്‍ക്ക്. അഗാധമായൊരിരുട്ടിലേക്ക് താഴ്ന്നു പോവുമ്പോള്‍ കുഞ്ഞിന് പത്തു ദിവസമായിരുന്നു പ്രായം. എത്ര പകലിരവുകള്‍ തങ്ങളറിയാതെ ഈ ഭൂമുഖത്ത് കടന്നു പോയെന്ന് അവള്‍ക്കറിയുമായിരുന്നില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."