ബോംബ് നിര്‍മാണം തകൃതി: തടയാനാവാതെ പൊലിസ്
കണ്ണൂര്‍: ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ബോംബു നിര്‍മാണം തകൃതിയായി നടക്കുമ്പോഴും തടയാനാവാതെ പൊലിസ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂരില്‍ പൊട്ടിപ്പുറപ്പെട്ട കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായി മാറിയിരിക്കുകയാണ് ഇന്നലെ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കോട്ടയംപൊയില്‍ സ്വദേശി ദീക്ഷിതെന്ന യുവാവ്. വീട്ടിലെ മുകളിലത്തെ നിലയില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന വ്യക്തമായ സൂചനയാണ് പൊലിസ് നല്‍കുന്നത്.
സി.പി.എം സ്വാധീന പ്രദേശമാണെങ്കിലും കോലക്കാവ് ക്ഷേത്രപരിസരങ്ങളില്‍ ആര്‍.എസ്.എസിന് പ്രവര്‍ത്തകരുണ്ട്. സ്‌ഫോടനത്തില്‍ ദീക്ഷിതിന്റെ വീടിന്റെ മുകള്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഉഗ്രസ്‌ഫോടന ശബ്ദത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പരുക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. ഇവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനസമയം വീട്ടില്‍ മറ്റുകുടുംബാംഗങ്ങളുണ്ടായിരുന്നില്ല. വീടിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റുപകരണങ്ങളും ചിന്നിച്ചിതറി. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു ബി.എം.എസ് പ്രവര്‍ത്തകനും കണ്ണൂരില്‍ കൊല്ലപ്പെട്ടു. പിണറായിയില്‍ നടന്ന ബോംബേറില്‍ സി.പി.എം പ്രവര്‍ത്തകനായ രവീന്ദ്രന്‍, പയ്യന്നൂരില്‍ സി.വി ധനരാജ്, വെള്ളൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇതിന്റെ അലയൊലി അടങ്ങുന്നതിനിടെയാണ് ഇന്നലെയുണ്ടായ സ്‌ഫോടനം. ബോംബ് കെട്ടുന്നതിനിടെ പൊട്ടി പ്രവര്‍ത്തകര്‍ മരിക്കുന്നത് കണ്ണൂരില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുകയാണ്.
കതിരൂരിനടുത്തെ പുല്യോട് രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കും ചെറുവാഞ്ചേരി അത്യാറക്കാവില്‍ രണ്ട് ആര്‍.എസ്.എസുകാര്‍ക്കും നേരത്തെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലുമെത്രയോ ഇരട്ടിയാണ്. ഇന്നലെ പുലര്‍ച്ചെ കോടിയേരിയിലും ഈങ്ങല്‍പ്പീടികയിലും സി.പി.എം, ബി.ജെ.പി ഓഫിസുകള്‍ക്കു നേരെ ബോംബേറുണ്ടായതിനു തൊട്ടുപിന്നാലെയാണ് ബോംബ് സ്‌ഫോടനത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."