ഇന്തോനേഷ്യന്‍ മുങ്ങിക്കപ്പല്‍: പൊങ്ങിവന്നത് നിസ്‌കാര പായകള്‍
ജക്കാര്‍ത്ത: എന്റെ മകനും അവന്റെ സഹപ്രവര്‍ത്തകരും തിരിച്ചുവരും...ഇന്തോനേഷ്യന്‍ മുങ്ങിക്കപ്പലിനൊപ്പം കാണാതായ ലഫ്റ്റനന്റ് മുഹമ്മദ് ഇമാം ആദിയെന്ന 29 കാരന്റെ പിതാവ് ഈദിയുടെ വാക്കുകളാണിത്.എന്റെ മകന്റെ ചെറുപ്പത്തിലേ ഉള്ള സ്വപനമായിരുന്നു ഒരു നാവിക ഉദ്യോഗസ്ഥനാവുകയെന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.ഐ നങ്കാല -402 എന്ന മുങ്ങിക്കപ്പലില്‍ 53 വിലപ്പെട്ട ജീവനുകളാണ് ഇന്തോനേഷ്യക്ക് നഷ്ടപ്പെട്ടത്. ആഴിയുടെ അനന്തതയിലേക്ക് പോയിരിക്കാവുന്ന കപ്പലിലെ നാവികര്‍ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും അവരുടെ ബന്ധുക്കള്‍. കപ്പലിലേതെന്ന് കരുതുന്ന ചില അവശിഷ്ടങ്ങള്‍ ലഭിച്ചതല്ലാതെ കുടുതല്‍ വിവരങ്ങള്‍ ഇപ്പോഴും കിട്ടിയിട്ടില്ല. ഇന്തോനേഷ്യയില്‍ മുസ്‌ലിംകള്‍ വ്യാപകമായി ഉപയോഗിക്കുന്ന നിസ്‌കാര പായകള്‍, ഗ്രീസിന്റെ ബോട്ടില്‍ തുടങ്ങിയ ചില വസ്തുക്കളാണ് കണ്ടെടുത്തത്. മുങ്ങിക്കപ്പലിന്റെ ഭാഗമായ ഒരു ടോര്‍പ്പിഡോ സ്‌ട്രെയ്റ്റനര്‍, പെരിസ്‌കോപ്പ് എന്നിവയും കടലില്‍ കണ്ടെത്തിയിരുന്നു.
മുങ്ങിക്കപ്പലിനു വേണ്ടി 20 ഇന്തോനേഷ്യന്‍ കപ്പലുകളും നാല് വിമാനങ്ങളും ഒരു ഓസ്‌ട്രേലിയന്‍ യുദ്ധക്കപ്പലുമാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നത്. യു.എസില്‍ നിന്നുള്ള പി-8 പോസിഡോണ്‍ വിമാനം കൂടി തിരച്ചിലില്‍ പങ്കെടുക്കാനിരിക്കേയാണ് നാവികരെയും കപ്പലിനെയും നഷ്ടപ്പെട്ടെന്ന ദുഖവാര്‍ത്ത പുറത്തു വന്നത്.
സുരക്ഷിതമായി 200 മീറ്റര്‍ വരെ ആഴത്തില്‍ പോകാന്‍ കഴിയുന്ന വിധമാണ് മുങ്ങിക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിലും ആഴത്തില്‍ പോയാല്‍ വെള്ളത്തിന്റെ മര്‍ദ്ദം മൂലം പേടകം തകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ 600-700 മീറ്റര്‍ ആഴത്തില്‍ വെച്ച് മുങ്ങിക്കപ്പല്‍ തകര്‍ന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.അതിനിടെ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്ന 53 പേരുടെയും കുടുംബാംഗങ്ങള്‍ക്ക് പ്രസിഡന്റ് ജോക്കോവി വിദോദോ അനുശോചന സന്ദേശം അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."