മഹാരാജാസ് കോളജ് മൊബൈൽ വെളിച്ചത്തിലെഴുതിയ പരീക്ഷകൾ റദ്ദാക്കി മറ്റൊരു ദിവസം നടത്തുമെന്ന് പ്രിൻസിപ്പൽ
കൊച്ചി
മൊബൈൽ വെളിച്ചത്തിന്റെ സഹായത്തിൽ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥികൾ എഴുതിയ പരീക്ഷകൾ റദ്ദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷകൾ മറ്റൊരു ദിവസം നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും പ്രിൻസിപ്പൽ ഡോ.വി അനിൽ അറിയിച്ചു.
കഴിഞ്ഞ 11നാണ് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മൊബൈൽ വെളിച്ചത്തിൽ പരീക്ഷ നടത്തിയത്. മഴക്കാറുണ്ടായിരുന്നതിനാൽ സ്വാഭാവിക വെളിച്ചവും കുറഞ്ഞപ്പോഴാണ് അധ്യാപകരുടെ കൂടി അനുമതിയോടെ വിദ്യാർഥികളെല്ലാവരും മൊബൈൽ ടോർച്ച് വെട്ടത്തെ ആശ്രയിച്ചത്. കോളജിലെ ഒന്നാം വർഷ ബിരുദം, മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷകളാണ് റദ്ദാക്കിയത്. മൊബൈൽ ഫോൺ പരീക്ഷാ ദിവസം ഹാളിലേക്കു കൊണ്ടുപോകാൻ സർവകലാശാല പരീക്ഷ കൺട്രോളർ വിലക്കിയിരുന്നു. സ്മാർട്ട് വാച്ചുകൾ, ഇയർഫോൺ എന്നിവയ്ക്കും വിലക്കുണ്ട്.
ഈ സാഹചര്യത്തിൽ ഹാളിൽ മൊബൈൽ ഫോൺ കയറ്റിയതാണ് വിവാദമായത്. സംഭവദിവസം രാവിലെ മുതൽ കോളജിൽ വൈദ്യുതിബന്ധമില്ലായിരുന്നു.
ശക്തമായ മഴക്കാറുണ്ടായിരുന്നതിനാൽ പരീക്ഷാ ഹാൾ ഇരുട്ടിലുമായി. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടാൽ പകരം സംവിധാനമായ ജനറേറ്ററിൽ നിന്നു വൈദ്യുതി ലഭിച്ചില്ല. 54 ലക്ഷം രൂപ മുടക്കി കോളജിലേക്ക് ഹൈ ടെൻഷൻ വൈദ്യുതി സംവിധാനം ഒരുക്കിയിരുന്നുവെങ്കിലും അവശ്യഘട്ടത്തിൽ പ്രയോജനപ്പെട്ടില്ല. 77 ലക്ഷത്തിന്റെ ജനറേറ്ററും ഇവിടെയുണ്ടെങ്കിലും അതും പ്രവർത്തിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."