HOME
DETAILS

ശ്വാസംമുട്ടുന്ന ഇന്ത്യ

  
backup
April 26 2021 | 21:04 PM

564651351-3-2021


ലോകരാജ്യങ്ങളില്‍ ഏറ്റവും വലിയ വളര്‍ച്ച നേടിയ അമേരിക്കയില്‍ ഇതുവരെയായി 52 ശതമാനം ആളുകള്‍ ആദ്യത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. രണ്ടും ഡോസും സ്വീകരിച്ചവര്‍ ഏതാണ്ട് 35 ശതമാനം വരും. ഒരു സമൂഹത്തിന് കൂട്ടമായി രോഗത്തില്‍നിന്നു സുരക്ഷിതത്വം ഉറപ്പാക്കാന്‍ 50 ശതമാനം പേരെങ്കിലും ഇമ്മ്യൂണിറ്റി നേടണമെന്നാണ് കണക്ക്. ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്നാണ് ഇതിന്റെ പേര്. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായവര്‍ നേടിക്കഴിഞ്ഞ ഇമ്മ്യൂണിറ്റിയെക്കുറിച്ചാണ് ഈ കണക്ക്. ഒരുവര്‍ഷം മുന്‍പ് കൊവിഡ് എന്ന മഹാമാരി ലോകത്താകെ ആഞ്ഞടിച്ചപ്പോള്‍ അതിന്റെ ആദ്യഘട്ട ദുരന്തം മുഴുവന്‍ ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്ന് അമേരിക്കയായിരുന്നു. ഇതുവരെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചു മരിച്ചവര്‍ 5,85,925 പേര്‍. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്താണ് ലക്ഷക്കണക്കിനാളുകള്‍ ചികിത്സ കിട്ടാതെ മരിച്ചത്, പലരും ആശുപത്രിയില്‍ പ്രവേശനം പോലും കിട്ടാതെ. മരിച്ചവരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്‍ ഒഴിവില്ലാതിരുന്നതും ലോകം കണ്ടു. ആംബുലന്‍സുകള്‍ മൃതദേഹങ്ങളുമായി ശ്മശാനങ്ങളുടെ മുന്‍പില്‍ വരിവരിയായി കിടന്നു. ഇതൊക്കെ കണ്ട് ലോകജനത പേടിച്ചു വിറങ്ങലിച്ചുനിന്നു. നടക്കുന്നത് അമേരിക്കയിലാണ്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും രാജ്യത്ത്.


പേടിപ്പെടുത്തുന്ന ആ ദിവസങ്ങളില്‍ നിന്നാണ് 52 ശതമാനം ഇമ്മ്യൂണിറ്റി നേടി അമേരിക്ക സുരക്ഷിതത്വത്തിന്റെ നിര്‍ണായക ചവിട്ടുപടി കയറി നില്‍ക്കുന്നത്. ഒരിക്കല്‍ കൊവിഡ് ബാധിച്ചവര്‍ക്കും ഈ സുരക്ഷിതത്വം കിട്ടും. കൊവിഡ് ബാധിച്ചു സുഖപ്പെട്ടവരും വാക്‌സിന്‍ രണ്ടു ഡോസ് കിട്ടിയവരും കൂടി 50 ശതമാനം തികഞ്ഞാല്‍ ഇങ്ങനെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ലഭിക്കുകയും സമൂഹം സുരക്ഷിതമാവുകയും ചെയ്യുമെന്നു വിദഗ്ധാഭിപ്രായം.


പക്ഷേ, ഇന്ത്യയിലെ സ്ഥിതി ഇന്ന് അങ്ങേയറ്റം ഭയാനകമായിരിക്കുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പോലും ദുരന്തം താണ്ഡവമാടുകയാണ്. ആശുപത്രികളില്‍ കിടക്കകളൊക്കെയും നിറഞ്ഞു കഴിഞ്ഞു. പുതിയ രോഗികളെ കിടത്താന്‍ ഇടം തീരെയില്ല. ഐസിയുവിലും മറ്റും ഒഴിവേയില്ല. അതിലും ഭീകരം പ്രാണവായു കിട്ടാതെ ആളുകള്‍ മരിക്കുന്നതു തന്നെയാണ്. ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശ് പോലെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാനില്ല. വ്യോമസേനയുടെ ചരക്കു വിമാനമിറക്കിയും നാവികസേനയുടെ കപ്പല്‍ ഓടിച്ചും വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റും ഓക്‌സിജന്‍ കൊണ്ടുവരാന്‍ അടിയന്തര ശ്രമം നടക്കുന്നുണ്ട്. പക്ഷേ അതിനൊക്കെ സമയമേറെയെടുക്കും. ഒരു നേരത്തെ ജീവവായു തേടി വെപ്രാളപ്പെടുന്ന രോഗികളുടെ കാര്യമോ? മരണത്തിനു കീഴടങ്ങുകയല്ലാതെ അവര്‍ക്കു മുന്നില്‍ വേറെ വഴിയില്ല. പ്രാണന്‍ കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിക്കുന്ന മനുഷ്യര്‍. അതും ഡല്‍ഹിയിലെയും മറ്റും മുന്തിയ ആശുപത്രികളില്‍.


ഒരു വര്‍ഷത്തിലേറെയായി കൊവിഡ് വന്‍ ദുരന്തമായി ആഞ്ഞടിച്ചിട്ട്. അതു ശക്തിപ്പെടുമെന്നു മുന്‍കൂട്ടി കാണാനും പ്രതിരോധ സൗകര്യങ്ങള്‍ തയാറാക്കാനും ദീര്‍ഘദര്‍ശിയായ ഏതൊരു ഭരണാധികാരിയും ശ്രദ്ധിക്കുമായിരുന്നു. ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ആശുപത്രി സൗകര്യങ്ങള്‍ വരെ വന്‍തോതില്‍ സജ്ജീകരിക്കേണ്ടിയിരുന്നു. കൊവിഡിന്റെ ശക്തി അല്‍പ്പം കൂടിയപ്പോഴേയ്ക്കും ആശുപത്രികളൊക്കെയും നിറഞ്ഞു കവിയുകയാണുണ്ടായത്. പെട്ടെന്ന് ആശുപത്രികളിലെ ഓക്‌സിജന്‍ വിതരണം നിലച്ചു. പുതിയ ഓക്‌സിജന്‍ ടാങ്കുകള്‍ എത്താതായി. ഡോക്ടര്‍മാര്‍ പരിഭ്രാന്തരായി. രോഗികള്‍ ശ്വാസംമുട്ടി മരിക്കുകയായി. ആശുപത്രി കവാടങ്ങളില്‍ ബന്ധുക്കള്‍ അലമുറയിട്ടു കരഞ്ഞുവിളിച്ചു. ശ്മശാനങ്ങളില്‍ ശവശരീരങ്ങള്‍ നിരന്നുകിടന്നു. ലോകത്തൊരിടത്തും കാണാനാവാത്ത ഭീകരദൃശ്യങ്ങള്‍ ഇതാ, ഇന്ത്യാ മഹാരാജ്യത്ത്, അതിന്റെ തലസ്ഥാന നഗരിയില്‍... ദുരന്തം ഒരു ശമനവുമില്ലാതെ തുടരുകയാണ്.


ഏതു പദ്ധതിക്കും ഏതു നിര്‍മാണപ്രവര്‍ത്തനത്തിനും വ്യക്തമായൊരു ആസൂത്രണവും ചിന്തയുമൊക്കെ അത്യാവശ്യമാണ്. സ്വാതന്ത്ര്യം നേടിയ ഇന്ത്യ എന്തുകൊണ്ടും ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും രാജ്യമായിരുന്നു. അവിടെ നിന്നു രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവിഷ്‌കരിച്ചതാണ് ഇന്ത്യന്‍ പ്ലാനിങ് കമ്മിഷന്‍. 1938-ല്‍ത്തന്നെ നെഹ്‌റു ഇതിനു വേണ്ടിയുള്ള ആലോചനകളും ചിന്തകളും തുടങ്ങി. കോണ്‍ഗ്രസ് നേതൃത്വം ആദ്യം ഒരു നാഷനല്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിച്ചു. നെഹ്‌റു തന്നെ അതിന്റെ അധ്യക്ഷനായി. സ്വതന്ത്രമാവുന്ന ഇന്ത്യ ഏതൊക്കെ വഴിയിലൂടെയാണ് വളരേണ്ടതെന്നാലോചിക്കാനും വ്യക്തമായ രൂപരേഖ തയാറാക്കാനുമാണ് നാഷനല്‍ പ്ലാനിങ് കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയെപ്പോലെയൊരു വലിയ രാജ്യത്തിന്റെ ഭാവി പരിപാടികള്‍ ആലോചിച്ചുറപ്പിക്കാന്‍ വളരെ മുന്‍പു തന്നെ നെഹ്‌റു ആലോചന തുടങ്ങിയെന്നര്‍ഥം. സ്വാതന്ത്ര്യം കിട്ടുന്നതിനും ഒന്‍പതു വര്‍ഷം മുന്‍പേ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിന്റെ സര്‍വോന്മുഖമായ വളര്‍ച്ചയ്ക്ക് വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എത്രയെത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണകേന്ദ്രങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍, ഉയര്‍ന്നവിദ്യാഭ്യാസ കേന്ദ്രങ്ങള്‍... ഇന്നും രാജ്യത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ എത്രയെത്ര!


കൊവിഡിന്റെ ഭീകരത കണ്ടിട്ടും അതിനെ പ്രതിരോധിക്കുന്നതെങ്ങനെയെന്നു വിശദമായി പഠിച്ചിട്ടും ഇഷ്ടം പോലെ സമയം, അതായത് ഒരു വര്‍ഷത്തിലേറെ കാലം കൈയില്‍ കിട്ടിയിട്ടും ആവശ്യത്തിന് സജ്ജീകരണങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്. ഓക്‌സിജന്‍ പ്ലാന്റുകള്‍ പോലും ആവശ്യത്തിനില്ലെന്നായിരിക്കുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പോലും. ലോകത്ത് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. വാക്‌സിന്‍ വിതരണം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുടങ്ങിക്കഴിഞ്ഞു. വിതരണം രാജ്യത്തെങ്ങും താറുമാറായി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ രണ്ടു സ്ഥാപനങ്ങളാണ് ഇവിടെ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതിനുവേണ്ടി വരുന്ന തുക മുന്‍കൂര്‍ നല്‍കി ഈ സ്ഥാപനങ്ങളെക്കൊണ്ട് ആവശ്യത്തിലും അതിലധികവും വാക്‌സിന്‍ ഉല്‍പാദിപ്പിക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇപ്പോഴിതാ കുത്തിവയ്പ്പു കേന്ദ്രങ്ങളില്‍ ജനങ്ങള്‍ വാക്‌സിനു വേണ്ടി ക്യൂ നില്‍ക്കുന്നു. ഇപ്പോള്‍ കേന്ദ്രം പറയുന്നു, 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്ക് സ്വകാര്യ കേന്ദ്രങ്ങളില്‍നിന്നു മാത്രമേ വാക്‌സിന്‍ കിട്ടുകയുള്ളൂ എന്ന്. അതും വലിയ വിലയ്ക്ക്. അമേരിക്കയില്‍ കോടിക്കണക്കിനു ഡോസ് വാക്‌സിന്‍ കെട്ടിക്കിടക്കുകയാണ്. ജനസംഖ്യയുടെ 52 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ വാക്‌സിന്‍ കിട്ടിയത് ജനസംഖ്യയുടെ ഒന്നര ശതമാനത്തോളം പേര്‍ക്കു മാത്രം.


രാഷ്ട്രീയം പറയാനും രാഷ്ട്രീയാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കാണാനും മാത്രം തയാറാവുന്ന ഒരു സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമാണെന്നേ പറയാനാവൂ. സാമ്പത്തികമായി ഇന്ത്യ വലിയ ശക്തിയായി മാറുന്നുവെന്നും ശാസ്ത്രരംഗത്ത് വലിയ പുരോഗതി കൈവരിക്കുന്നുവെന്നും എല്ലാ മേഖലകളിലും വളരുകയാണെന്നും വമ്പു പറയുന്ന ഭരണകര്‍ത്താക്കളെവിടെ, രാജ്യത്തെ സാധാരണ ജനങ്ങള്‍ നേരിടുന്ന വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളെവിടെ? ഇന്ത്യയില്‍ ദിവസേന മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് പിടിപെടുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കൊവിഡ് നിരക്ക് ദിവസേന പത്തു ലക്ഷത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ല തന്നെ. ദിവസേനയുള്ള മരണനിരക്കാവട്ടെ 5000 കവിയുകയും ചെയ്യും. ഇതിനെതിരേ സ്വീകരിക്കുന്ന പ്രതിരോധ നടപടികള്‍ മനുഷ്യജീവിതം തന്നെ സ്തംഭിപ്പിക്കുമെന്നതു മറ്റൊരു വശം.


കഴിഞ്ഞവര്‍ഷം ഒരു വൈകുന്നേരം പ്രധാനമന്ത്രി നേരിട്ട് രാജ്യമൊട്ടുക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. അതുണ്ടാക്കിയ ദുരന്തം ചില്ലറയായിരുന്നില്ല. പല സംസ്ഥാനങ്ങളില്‍ തൊഴിലെടുത്തു ജീവിക്കാന്‍ പോയിരുന്ന തൊഴിലാളികള്‍ രായ്ക്കുരാമാനം കിട്ടിയതൊക്കെ കെട്ടിപ്പെറുക്കി സ്വന്തം നാടുകളിലേയ്ക്കു തിരിച്ചു. ട്രെയിന്‍ സര്‍വിസും ബസുമൊന്നുമില്ലാതെ പാവപ്പെട്ട തൊഴിലാളികളുടെ പലായനം. നൂറുക്കണക്കിനു കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത ദരിദ്രരില്‍ ദരിദ്രര്‍. ഇങ്ങനെയൊരു അടിസ്ഥാനവര്‍ഗം രാജ്യത്തെമ്പാടും ചിതറിക്കിടപ്പുണ്ടെന്ന കാര്യം മുന്നറിയിപ്പൊന്നുമില്ലാതെ ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിച്ച ഭരണകര്‍ത്താക്കള്‍ അറിഞ്ഞില്ലെന്നോര്‍ക്കണം. യാതനാപൂര്‍ണമായ പലായനത്തിന്റെ ബാക്കിപത്രം എന്താണെന്നു നോക്കാന്‍ പോലും അധികൃതരുടെ കണ്ണു തുറന്നിട്ടുമില്ല.


ഇനിയിപ്പോള്‍ ഇത്രവലിയ ജനസംഖ്യയുള്ള രാജ്യത്ത് പകുതിപ്പേര്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ എത്ര സമയമെടുക്കും? അതിനെത്രകണ്ട് പണം ചെലവാകും. ഇത്തരം കാര്യങ്ങള്‍ക്കൊക്കെ നേതൃത്വം കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. കൊറോണാ വൈറസിന്റെ സാന്നിധ്യം അത്ര പെട്ടെന്ന് മനുഷ്യവര്‍ഗത്തെ വിട്ടുപോവില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഏറെക്കുറെ രോഗവിമുക്തമായിട്ടുണ്ട്. അത്തരം രാജ്യങ്ങളൊക്കെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ ഇന്ത്യക്ക് ആ നിലയിലെത്താന്‍ എന്നു കഴിയും?
അതിന് ഏറ്റവും എളുപ്പവഴി കൂട്ട വാക്‌സിനേഷന്‍ തന്നെയാണ്. അതിന് വാക്‌സിനെവിടെ? വിതരണം മുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആരോഗ്യത്തിനു പ്രാണവായു പോലും ലഭ്യമല്ലാത്ത ഈ വലിയ രാജ്യത്താണ് ഒരു ജനതയ്ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്ന കാര്യം സംസാരിക്കുന്നത്. അതൊന്നും നടക്കാത്ത കാര്യമല്ല. വ്യക്തമായ ദൂരക്കാഴ്ചയും ലക്ഷ്യം നേടാനുള്ള ശുഷ്‌കാന്തിയുമുണ്ടെങ്കില്‍ അസാധ്യമായതൊന്നുമില്ല. എല്ലാവര്‍ക്കും വാക്‌സിന്‍ അവകാശപ്പെട്ടതു തന്നെയാണ്. അതും സൗജന്യമായിത്തന്നെ. ജനങ്ങള്‍ക്കൊക്കെയും സൗജന്യമായി വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ബാധ്യത തന്നെയാണു താനും. സമൂഹത്തിലെ ചെറുപ്പക്കാരെല്ലാവരും വിലകൊടുത്തു വാക്‌സിന്‍ വാങ്ങണമെന്നു നിര്‍ദേശിക്കുന്നത് ഒട്ടും ശരിയല്ല. എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടിയാലേ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താനാവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago