വ്യാജപാസ്‌പോര്‍ട്ട്: ട്രാവല്‍സ് ഓഫിസുകളില്‍ റെയ്ഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ബദിയടുക്കയിലെ രണ്ടു ട്രാവല്‍ ഏജന്‍സി ഓഫിസുകളില്‍ റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് സി.ഐ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണു സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. റെയ്ഡുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തു വിട്ടിട്ടില്ല.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ട്രാവല്‍സ് സ്ഥാപനങ്ങള്‍ വഴിയാണ് ഇരുനൂറോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ പലരും സംഘടിപ്പിച്ചത്.
ജില്ലയ്ക്കു പുറമെ ഇതര ജില്ലകളിലെ ആളുകളും കാഞ്ഞങ്ങാട്ട് നിന്നു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ട്രാവല്‍സുകള്‍ വഴി സമ്പാദിച്ചിരുന്നു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നാണ് ഇത്രയും പാസ്‌പോര്‍ട്ടുകള്‍ പലരും വ്യാജ പേരില്‍ സമ്പാദിച്ചത്.
വിവിധ ട്രാവല്‍സ് ഉടമകളും പോസ്റ്റ്മാന്മാരും പൊലിസ് സേനയിലെ ചിലരും വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതികളാണ്.
പലരും അറസ്റ്റിലായെങ്കിലും വ്യാജ പാസ്‌പോര്‍ട്ട് സമ്പാദിച്ച പലരും ഇപ്പോഴും അധികൃതരുടെ വലക്കു പുറത്താണ്.
ആദ്യ ഘട്ടത്തില്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഈ കേസ് സ്‌പെഷല്‍ ടീമിനെ ഏല്‍പ്പിക്കുകയും ചെയ്തു.
പാസ്‌പോര്‍ട്ട് സമ്പാദിച്ച പലരേയും വിമാനത്താവളങ്ങളിലും മറ്റും വച്ച് അധികൃതര്‍ പിടികൂടിയെങ്കിലും മുപ്പതോളം കേസുകളില്‍ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ കേസുകള്‍ രണ്ടാഴ്ച മുമ്പ് വീണ്ടും ക്രൈംബ്രാഞ്ചിനു കൈമാറിയത്.
കേസുകളുടെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അധികൃതര്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ പരിശോധന നടത്തിയിരുന്നു.
പാസ്‌പോര്‍ട്ട് വിതരണം നടന്ന സമയത്ത് ഓഫിസില്‍ ഉണ്ടായിരുന്ന ഓഫിസര്‍മാരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഇതിനു ശേഷമാണ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ബദിയടുക്കയിലെ ട്രാവല്‍സുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."