കുടിയൊഴിപ്പിച്ചു കുന്നുകൂട്ടൽ
ജനതയ്ക്കുമേൽ പ്രത്യക്ഷ ബലാൽക്കാരമാകുന്ന വികസന തീവ്രവാദത്തിനു നിദാനമാവുന്ന ഹിംസാത്മകതയാണ് അപഹരണത്തിലൂടെയുള്ള കുന്നുകൂട്ടൽ അഥവാ കുടിയിറക്കി കുന്നുകൂട്ടൽ (Accumulation by Dispossession). ഇത് വിശദീകരിച്ചത് പ്രസിദ്ധ മാർക്‌സിസ്റ്റ് ചിന്തകനും ഭൂശാസ്ത്രകാരനുമായ ഡേവിഡ് ഹാർവീയാണ്. ഭൂമിയാണ് വലിയ തോതിൽ വികസന ആവശ്യങ്ങൾക്ക് എന്ന പേരിൽ ജനങ്ങളിൽനിന്ന് അപഹരിക്കപ്പെടുന്നത്. നിർബന്ധ പിടിച്ചുപറിക്കൽ നിയമവിരുദ്ധമാവുകയും നിയമം അനുശാസിക്കുന്ന മാർഗങ്ങളിലൂടെ കമ്പോള വിലയുടെ മാനദണ്ഡങ്ങൾ അനുസരിച്ചു മാത്രമേ ഭൂമിയേറ്റെടുക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളത്. എങ്കിലും റോഡ് വീതി കൂട്ടുന്നതിനും ആന്തരഘടന (Infrastructure) വികസനത്തിനും ഭൂമിയേറ്റെടുക്കുന്ന കാര്യത്തിൽ ഭരണകൂടം നിർബന്ധമായും സ്വകാര്യ ഭൂമിക്കുമേൽ അവകാശം സ്ഥാപിക്കുന്ന പ്രക്രിയ തന്നെയാണ് നടന്നുവരുന്നത്. ഇന്ത്യ പോലെ രാജ്യം മുഴുവനായുമെടുത്താൽ പലയിടങ്ങളിൽ വികസന പ്രക്രിയയെ മുൻനിർത്തി ഭൂമിയേറ്റെടുക്കൽ നടന്നു വരുന്നു. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യത്തിലെ ഭരണകൂട സമ്മർദതന്ത്രം ഏതാണ്ട് സമാനമാണ്. ഭൂമിയേറ്റെടുക്കുന്നതിന്റെ പിന്നിലെ താൽപര്യങ്ങൾ ഒന്നാണ്. ഭൂമി നഷ്ടപ്പെടുന്നതോടെ സംഭവിക്കുന്ന പറിച്ചുനടലും അതിന്റെ ഭാഗമായി ജീവിതവ്യവസ്ഥകളിൽ വരുന്ന മാറ്റവും സാമ്പത്തിക നഷ്ടപരിഹാരത്തിലൂടെ പരിഹരിക്കാമെന്നാണ് മുതലാളിത്തം സൃഷ്ടിച്ചിട്ടുള്ള പൊതുസമ്മിതി. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയും അതീജീവനത്തെക്കുറിച്ചുള്ള ആശങ്കയും മനുഷ്യരെ സമരരംഗത്തേക്ക് തള്ളിവിടുമ്പോൾ ഇവരുടെ അതിജീവന സമരത്തെ ക്രമസമാധാന പ്രശ്‌നമായി കണ്ട് അത് അമർച്ച ചെയ്യാൻ ഭരണകൂടം അവലംബിക്കുന്ന രീതികൾ കണ്ടാൽ പ്രാകൃത മൂലധന സഞ്ചയത്തിന്റെ ആവിർഭാവകാലത്തിലെ വളച്ചുകെട്ടൽ പോലുള്ള രാക്ഷസീയതയാണ് അനുഭവപ്പെടുക.
മുതലാളിത്തത്തിന്റെ അധികസഞ്ചയത്തിന്റെ ആഗോള പുനർവിന്യാസങ്ങൾക്ക് സ്ഥല-കാലപരമായ പുതുക്രമീകരണങ്ങൾ ആവശ്യമായി വരുന്നു. മിക്കവാറും വർത്തമാനകാലത്തിലെ സവിശേഷമായ ഒരാവശ്യത്തെ, ഉദാഹരണത്തിന് ട്രാൻസ്‌പോർട്ട്, എടുത്തുകാണിച്ചാണ് സ്ഥല-കാലപരമായ ക്രമീകരണങ്ങൾക്ക് ഭരണകൂടങ്ങൾ മുൻകൈയെടുക്കുന്നതെങ്കിലും ഏറ്റവും വിചിത്രമായ കാര്യം ഈ പുനർക്രമീകരണത്തിന്റെ ആത്യന്തിക ഗുണഫലം പൊതുജനത്തിന് ലഭ്യമാവുക വർത്തമാനത്തിലല്ല ഭാവിയിലാണ് എന്നതാണ്. ഭാവിയിലെ സാങ്കേതികവിദ്യകളുടെ നവീകരണത്തിലൂടെ സാധ്യമായേക്കാവുന്ന വളർച്ച ഈ ആന്തരഘടന വികസനത്തിൽ പരിഗണിക്കപ്പെടുന്നില്ല, അധിക മൂലധന സഞ്ചയത്തിനു വിന്യസിക്കാനും തൊഴിൽ മേഖലയിൽ അമിതമിച്ചം സൃഷ്ടിച്ചുക്കൊണ്ടു തൊഴിൽരഹിതരുടെ ഒരുവൻപടയെ സൃഷ്ടിക്കുക മാത്രമാണ് ഇതുകൊണ്ടു ചെയ്യുന്നത്. ഒപ്പം തന്നെ ആന്തരഘടന വികസനത്തിന്റെ ഭാഗമായി വികസ്വരമാകുന്ന നഗരപ്രദേശങ്ങളിലേക്ക് വൈദേശിക ചരക്കുകൾ വിപണനത്തിന് എത്തിച്ചേരുകയും ചെയ്യുന്നു. നവസമ്പന്ന വർഗമാണ് പ്രധാനമായും ഇതിന്റെ ഉപഭോക്താക്കൾ. ഒരുകാലത്തു ആന്തരഘടന വികസനത്തിന്റെ ഭാഗമായി സാമൂഹിക ശ്രേണിയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരിൽ നിന്നാണ് അവരുടെ പക്കൽ ആകെ അവശേഷിക്കുന്ന സമ്പാദ്യമായ ഭൂമി അപഹരിക്കപ്പെട്ടതെങ്കിൽ ഇന്ന് കേരളം പോലുള്ള സ്ഥലത്തു വരുമാന ശ്രേണിയിൽ താഴെക്കിടയിലുള്ള മധ്യവർഗവും മധ്യവർത്തി വിഭാഗത്തിൽപെടുന്ന മധ്യവർഗത്തിനുമാണ് ഏറ്റവും കനത്ത നഷ്ടങ്ങളുണ്ടാകുന്നത്. താരതമ്യേന ഈ വിഭാഗങ്ങൾ അവകാശ കാര്യങ്ങളിലൊക്കെ കുറേക്കൂടി വ്യക്തതയുള്ളവരായതിനാലും ഈ വിഭാഗങ്ങളിൽ പെടുന്ന ജനവിഭാഗം കേരളത്തിൽ ഭൂരിപക്ഷമാകയാലുമാണ് ഭൂമി ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ടുള്ള വിഷയം കൂടുതൽ പൊതുശ്രദ്ധയാകർഷിക്കുന്നത്. സർക്കാരിനും പഴയപോലെ ഭൂമിക്കുമേൽ ആന്തരഘടന വികസനത്തിന് പെട്ടെന്നൊന്നും അവകാശം സ്ഥാപിക്കാൻ സാധിക്കാത്തതിന് കാരണം ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർ മാത്രമല്ല ഈ വിഭാഗവുമായി ഐക്യപ്പെടുന്ന വലിയൊരു ജനാവിഭാഗം നിശബ്ദമാണെങ്കിൽ പോലും അമർഷം ഉള്ളിലൊതുക്കി ആവശ്യമാകുന്ന ഘട്ടത്തിൽ പ്രതികരിക്കുമെന്നുള്ള ആശങ്ക ഏതു സർക്കാരിനുമുണ്ട്. ജനഹിതത്തെ വിസ്മരിച്ചു ഭൂമിയേറ്റെടുക്കാൻ വേണ്ടി നടത്തിയ നീക്കങ്ങളൊക്കെ വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. .
ഇങ്ങനെയുള്ള തിരിച്ചടികളെപ്പറ്റി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾക്ക് നല്ല ബോധ്യമുണ്ടായിട്ടും ആ പാർട്ടികളെ സർക്കാർ രൂപീകരിക്കാനായി ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പെട്ടെന്ന് തന്നെ ഇതെല്ലം വിസ്മൃതിയിലാവുകയും വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നിത്യവായ്ത്താരിയായ വർഗത്തിനും രാഷ്ട്രീയത്തിനും അതീതമായ തികച്ചും അരാഷ്ട്രീയമായ വികസനം എന്നതിലേക്ക് വീണ്ടും കാര്യങ്ങൾ എത്തിച്ചേരുന്നു. ഇതിനുള്ള കാരണം മുതലാളിത്ത സഞ്ചയം ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളുടെ പൊതുബോധത്തെ പോലും പിടിച്ചെടുക്കുന്നുവെന്നുള്ളതാണ്. സ്വകാര്യ-പൊതു പങ്കാളിത്തം സാമ്രാജ്യത്വ സാമ്പത്തിക ഏജൻസികൾ പ്രചരിപ്പിച്ച ആശയമാണ്. പൊതു ആസ്തികൾ സ്വകാര്യവൽക്കരണത്തിനു ഈടായി മാറുന്നു. ഈ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റ സാമ്പത്തിക വിഹിത ഘടനയിൽ ഭരണവർഗങ്ങൾക്ക് തത്തുല്യമായ പങ്കാളിത്തം ലഭിക്കുന്നുവെന്നല്ലാതെ പൊതുജനത്തിന്റെ അഭിവൃദ്ധിക്ക് ഒരു പ്രാധാന്യവുമില്ല.
മുതലാളിത്തത്തിന്റെ പ്രകൃതം തന്നെ കോളനീകരണമാണ്. അത് മൂലധന വ്യവസ്ഥയ്ക്ക് പുറത്തുനിൽക്കുന്ന ഓരോ ഇടത്തെയും വിഴുങ്ങി വിഴുങ്ങി പോകുന്ന രീതിയാണ്. മുതലാളിത്തേതര വ്യവസ്ഥകളെ മൂലധനത്തിന് വിധേയപ്പെടുത്തുക എന്ന പ്രധാന ദൗത്യമാണ് ഭരണകൂടങ്ങൾക്ക് നൽക്കപ്പെട്ടിരിക്കുന്നത്. നവ ഉദാരവൽക്കരണ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവം ഇതാണ്. മുതലാളിത്തത്തിന്റെ അപഹരണ രീതിയെക്കുറിച്ചു മാർക്‌സിസ്റ്റ് ചിന്തകയായ റോസാ ലക്‌സംബർഗിന്റെ ആഴത്തിലുള്ള കണ്ടെത്തലുകളും ശ്രദ്ധയർഹിക്കുന്നു. 'മൂലധന സഞ്ചയം' എന്ന പുസ്തകത്തിൽ മൂലധന സംഭരണ രീതി മുതലാളിത്തം മുതലാളിത്തേതര ഉൽപാദന രീതികളെ എങ്ങനെ താറുമാറാക്കുന്നു എന്നത് വിശദീകരിക്കുന്നുണ്ട്. കൊളോണിയലിസത്തിന്റെ ഭാഗമായുള്ള യുദ്ധം, പിടിച്ചുപറി, അന്താരാഷ്ട്ര വായ്പ സംവിധാനം എല്ലാം തന്നെ ഹിംസാത്മക തലത്തിൽ മുതലാളിത്തേതര ഇടങ്ങളെ കീഴടക്കി മൂലധന സഞ്ചയത്തിന്റെ ഭാഗമാക്കുന്ന പണിയാണ്. നവ ഉദാരവൽക്കരണ കാഴ്ചപ്പാടിൽ ഒട്ടും ഉൽപാദനക്ഷമല്ലാത്ത ഭൂമി, വസ്തുക്കൾ, മനുഷ്യർ നിർമിച്ച ആസ്തികൾ എന്നിവയെ കൂടുതൽ ഉൽപാദനക്ഷമമാക്കുന്ന ആന്തരഘടന നിർമിതിക്കും ഉപയോഗത്തിനായും വിട്ടുകൊടുക്കണമെന്നുള്ളതാണ്. നിർമാണപ്രവർത്തനം വൈകിയാലും നിർമാണ പ്രവർത്തനത്തിലെ ഏറ്റവും സുപ്രധാന ഘടകമായ ഭൂമി എത്രയും നേരത്തെ ഏറ്റെടുക്കണമെന്നാണ്. കൃഷിഭൂമി ഏറ്റെടുക്കുന്നതിലേക്ക് ഭരണകൂടങ്ങളെ നയിക്കുന്ന യുക്തി വിപണിയുടെ ഈ ഉൽപാദനക്ഷമത ബോധ്യങ്ങളാണ്. അപ്പോൾ ഭൂമി ഏറ്റെടുക്കുന്നതിനോടുള്ള എതിർപ്പ് സൃഷ്ടിക്കുന്ന കാലതാമസം മുതലാളിത്തത്തിന്റെ യുക്തിക്ക് താങ്ങാനാവുന്നതല്ല.
ഭൂമി സർക്കാരിന്റെ മുൻകൈയിലാണ് ഏറ്റെടുക്കുന്നതെന്ന് പറയുമ്പോഴും സ്വകാര്യ കമ്പനികളുടെയോ അല്ലെങ്കിൽ സർക്കാർ തന്നെ സൃഷ്ടിച്ചിരിക്കുന്ന മറ്റൊരു സർക്കാരേതര സ്ഥാപനത്തിനായിരിക്കാം ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യതപ്പെട്ട സർക്കാർ സംവിധാനം എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചും ബലപ്രയോഗം ആവശ്യത്തിന് നടത്തിയുമാണ് ഭൂമിയേറ്റെടുക്കുന്നത്. ഇരട്ടി നഷ്ടപരിഹാരം നൽകുന്നുണ്ടെന്നു പറയുന്നതിലെ യുക്തിയിലും പ്രവർത്തിക്കുന്നത് വിപണി ഉൽപാദന ക്ഷമതയുടെ ബോധ്യമാണ്. അന്താരാഷ്ട മൂലധനത്തിന് ഏറ്റവും ആവശ്യമുള്ള കാര്യം ഈ കുടിയൊഴിപ്പിക്കലാണ്. നിർമാണവൈദഗ്ധ്യവും സാധനസാമഗ്രികളും അവരുടെ കൈവശമുള്ളതാണ്. വായ്പ അനുവദിക്കുന്നത് ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥലമേറ്റെടുപ്പ് നടത്തിയെടുക്കുന്നതിലെ സ്ഥിതനിലപാടും കർമശേഷിയുമാണ് മുതലാളിത്തം പ്രകീർത്തിക്കുന്ന പ്രധാനപ്പെട്ട കാര്യം. സ്വത്തു വസ്തുവകകൾ നഷ്ടപ്പെടുന്ന ജനതയുടെ കൂടെ നിൽക്കൽ ഒരംഗീകാരമായേ രാഷ്ട്രീയവർഗം കാണുന്നില്ല. പകരം മൂലധന വിന്യാസത്തിനു ഭരണനേതൃത്വം എത്ര സഹായകമായി എന്നാണ് നവലിബറൽ മാധ്യമങ്ങൾ പോലും ഉയർത്തിക്കാണിക്കുന്ന ഭരണനിർവഹണ മൂല്യം. രാഷ്ട്രീയവർഗമാണ് ഭൂമയേറ്റെടുക്കുന്നതിലെ പ്രാഥമിക ഗുണഭോക്താക്കൾ.
ബഹുകക്ഷി രാഷ്ട്രീയ സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളിൽ പ്രാകൃത മൂലധന സഞ്ചയം 'ജനാധിപത്യ മൂലധന സഞ്ചയമായി' പുനർക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് സാമ്പത്തികശാസ്ത്രജ്ഞൻ അമിത് ബാദുരി ചൂണ്ടിക്കാണിക്കുന്നത്. കോർപറേറ്റുകളും പ്രകൃതിവിഭവങ്ങളുടെ കൈമാറ്റത്തിന്റെ മറ്റിതര ഗുണഭോക്തക്കളും രാഷ്ട്രീയക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും പ്രത്യുപകാരമെന്ന നിലയിൽ വൻതോതിൽ സംഭാവനകൾ നൽകിക്കൊണ്ട് അവരെ തൃപ്തിപ്പെടുത്തുന്നു. 'ജനാധിപത്യ ശേഖരണം' എന്നാണ് അമിത് ബാദുരി ഇതിനെ വിളിക്കുന്നത്. ഇതനുസരിച്ചു രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റുകൾക്ക് അനുകൂലമായ നിയമങ്ങൾ നിർമിക്കുന്നു. വ്യക്തിഗത രാഷ്ട്രീയക്കാരും നിയമവിരുദ്ധമായി തന്നെ ഇതിന്റെ ഒരു പങ്കുപറ്റുന്നു. ജനാധിപത്യ പ്രക്രിയയ്ക്കും ഇത് വലിയ ബാധ്യതയാവുന്നു. വാസ്തവത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. കോർപറേറ്റുകൾ നൽകുന്ന ഫണ്ടിന്റെ സാധ്യതയ്ക്കനുസൃതമായാണ് തെരഞ്ഞെടുപ്പ് വിജയം. അമിത് ബാദുരി വിശദമാക്കുന്നത് പോലെ, ഇതിന്റെ പരിണിത ഫലം ഉയർന്ന തെരഞ്ഞെടുപ്പ് ചെലവുകൾ വഹിക്കാൻ പ്രാപ്തരായ രാഷ്ട്രീയകക്ഷികളിലേക്ക് തെരഞ്ഞെടുപ്പ് മത്സരം ചുരുങ്ങുന്നു എന്നാണ്.
പൊതുസമ്മിതിയില്ലാതെ പൊതു ആവശ്യങ്ങൾക്ക് എന്ന പേരിലുള്ള വിവേചനരഹിത ഭൂമിയേറ്റെടുക്കൽ ശക്തമായ ആയുധമായി തീരുകയാണിപ്പോൾ. കോർപറേറ്റുകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടിവരുമ്പോൾ ജനങ്ങൾക്ക് ഗുണകരമായ പദ്ധതികളെന്ന തീരുമാനം കൈയൊഴിയേണ്ടിവരും. ക്രമേണ അകമേ ശൂന്യമായ പുറംതോട് മാത്രമായി ജനാധിപത്യ സംവിധാനംതന്നെ മാറിപ്പോകുന്ന സ്ഥിതിയും സംജാതമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."